ഗ്രീൻഫീൽഡ് ദേശീയപാത: ഏറ്റെടുക്കുന്നത് 4.50 ഹെക്ടർ വനഭൂമി, 600 മരങ്ങൾ മുറിച്ചു നീക്കേണ്ടിവരും
Mail This Article
റാന്നി ∙ തിരുവനന്തപുരം–അങ്കമാലി ഗ്രീൻ ഫീൽഡ് ദേശീയ പാതയുടെ നിർമാണത്തിനായി ജില്ലാ അതിർത്തിയായ പൊന്തൻപുഴ വനത്തിൽ ഏറ്റെടുക്കുന്നത് 4.50 ഹെക്ടർ വനഭൂമി. 600 മരങ്ങൾ ഇവിടെ നിന്നു മുറിച്ചു നീക്കേണ്ടിവരും. പുനലൂർ–മൂവാറ്റുപുഴ പാതയുടെ ഇരുവശങ്ങളിലായി പ്ലാച്ചേരി–പൊന്തൻപുഴ വരെ വ്യാപിച്ചു കിടക്കുന്നതാണു പൊന്തൻപുഴ വനം. പ്ലാച്ചേരി മുതൽ നടുക്കേ കലുങ്കു വരെയാണു വനം പാതയ്ക്കായി ഏറ്റെടുക്കുന്നത്. പിന്നീടു കിഴക്കു ദിശയിലൂടെ ചാരുവേലിയിലെത്തിയാണു പാത കടന്നു പോകുക. ഗ്രീൻ ഫീൽഡ് ഹൈവേക്കായി 1,000 ഹെക്ടറോളം ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നാണു കണക്ക്.
റാന്നിയിലെ റൂട്ട്
പാതക്കായി തയാറാക്കിയ അലൈൻമെന്റ് പ്രകാരം തലച്ചിറയിൽ നിന്നാണു പാത റാന്നി താലൂക്കിൽ പ്രവേശിക്കുന്നത്. ജില്ലാ അതിർത്തിയായ പ്ലാച്ചേരിയിൽ നിന്നു ചെല്ലക്കാട് വരെ പുനലൂർ–മൂവാറ്റുപുഴ പാതയോടു ചേർന്നാണു പാത കടന്നു പോകുന്നത്. ചെല്ലക്കാട് മുതൽ ചെത്തോങ്കര വരെ വയൽ ഭാഗത്തു കൂടിയാകും എത്തുക. ചെത്തോങ്കര നിന്നു കിഴക്കോട്ടു പാത തിരിഞ്ഞു മുക്കാലുമണിലെത്തും. തുടർന്നു വനം വകുപ്പിന്റെ റാന്നി ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഓഫിസിനു സമീപത്തു കൂടി തെക്കു കിഴക്കു ദിശയിൽ ചെറുകുളഞ്ഞി വഴി നീങ്ങും. തുടർന്ന് പമ്പാതീരം വഴി വടശേരിക്കര ഗവ. ന്യു യുപിഎസിനു മുന്നിലെത്തി വലത്തു തിരിയും.
കല്ലാറിന്റെ തെക്കുവശത്തു കൂടി വടശേരിക്കരയെത്തും. നദിയിൽ പാലം നിർമിക്കും. വടശേരിക്കര ടൗണിൽ ബൈപാസാകും പരിഗണിക്കുക. കല്ലാറിന്റെ തെക്കു വശത്തു കൂടിയാണു മനോരമ മുക്കിലെത്തുക. ഇവിടെ മണ്ണാരക്കുളഞ്ഞി–പമ്പ ശബരിമല പാതയോടു ചേർന്നു കുമ്പളാംപൊയ്ക ജംക്‌ഷന് സമീപം വരെയെത്തി കിഴക്കോട്ടു തിരിഞ്ഞ് തെക്കുംമല, തലച്ചിറ, കൊന്നപ്പാറ, പയ്യനാമൺ വഴി പെരിഞൊട്ടയ്ക്കലെത്തും. കോന്നി മെഡിക്കൽ കോളജിനു സമീപത്തു കൂടിയാണ് തുടർന്ന് പാത കടന്നു പോകുക.
ആദ്യ സർവേ പൊന്തൻപുഴയിൽ കുറ്റികൾ സ്ഥാപിച്ച് തുടങ്ങി
നിർദിഷ്ട ഗ്രീൻ ഫീൽഡ് ഹൈവേയുടെ ആദ്യ സർവേ തുടങ്ങിയത് ഇവിടെയാണ്. വനത്തിന്റെ ഭാഗം അളന്ന് മാർക്ക് ചെയ്തിരുന്നു. ഏറ്റെടുക്കേണ്ട സ്ഥലത്ത് ഇപ്പോൾ മഞ്ഞക്കല്ലുകൾ സ്ഥാപിച്ചു തുടങ്ങി. വനഭൂമി വിട്ടു കിട്ടുന്നതിനുകേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നൽകുന്നതിനാണ് ഇവിടെ തന്നെ ആദ്യം കുറ്റിയിട്ടു തുടങ്ങിയത്. വനം വകുപ്പിന്റെ എരുമേലി റേഞ്ചിൽപ്പെടുന്ന തേക്ക്, ഇലവ് പ്ലാന്റേഷനാണ് പൊന്തൻപുഴ വനം. തേക്കിനും ഇലവിനും പുറമേ ആഞ്ഞിലി, മരുതി തുടങ്ങിയ മരങ്ങളും ഇവിടെയുണ്ട്.