കുരമ്പാലയ്ക്ക് ദൃശ്യവിരുന്നായി നരസിംഹ ശിൽപമൊരുങ്ങുന്നു
Mail This Article
പന്തളം ∙ ദാരുശിൽപങ്ങൾക്ക് പേരുകേട്ട കുരമ്പാല ഗ്രാമത്തിന് പുത്തൻ കാഴ്ചവിരുന്നായി നരസിംഹ സ്വാമിയുടെ കെട്ടുരുപ്പടി ഒരുങ്ങുന്നു. കുരമ്പാല ഇടഭാഗം വടക്ക് കര നിർമിക്കുന്ന കെട്ടുരുപ്പടിയുടെ അവസാന ഘട്ട ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഏപ്രിൽ ആറിന് കുരമ്പാല പുത്തൻകാവിൽ ഭഗവതീക്ഷേത്രത്തിൽ നടക്കുന്ന അത്ത ഉത്സവത്തിനായാണ് കരക്കാർ കെട്ടുരുപ്പടി തയാറാക്കുന്നത്.
8 വർഷം മുൻപാണ് നിർമാണം തുടങ്ങിയത്. പെയിന്റിങ് മാത്രമാണ് ഇനി ശേഷിക്കുന്നത്. നരസിംഹാവതാര ചരിതത്തിലെ പ്രഹ്ലാദസ്തുതി എന്ന ഭാഗമാണ് കരക്കാർ കെട്ടുരുപ്പടിയായി അവതരിപ്പിക്കുന്നത്. നരസിംഹ സ്വാമിയുടെയും പ്രഹ്ലാദന്റെയും ശിൽപ നിർമാണം പൂർണമായും കുമ്പിൾ തടിയിലാണ്. സീതത്തോട്, കൈപ്പട്ടൂർ, പടനിലം എന്നിവിടങ്ങളിൽ നിന്നാണ് കുമ്പിൾ മരം ശേഖരിച്ചത്. ആഞ്ഞിലി മരം കൊണ്ടാണ് ചട്ടം തീർത്തത്.
പുത്തൻകാവിൽ ക്ഷേത്രത്തിലെ ഹനുമാൻ, അർജുനൻ, വല്യകാള എന്നിവ നിർമിച്ച വിളയിൽ വാസുദേവൻ ആചാരിയാണ് കെട്ടുരുപ്പടിയുടെ കൊത്തുപണികളും പൂർത്തീകരിച്ചത്. ചട്ടം നിർമിച്ചത് വിളയിൽ ബാലകൃഷ്ണൻ ആചാരിയും. പെയിന്റിങ് ജോലികൾക്ക് മനൂബ് ഓയാസിസ് നേതൃത്വം നൽകും. കെട്ടുരുപ്പടിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് കരക്കാരുടെ വലിയ സഹകരണമാണ് ലഭിക്കുന്നതെന്ന് കെട്ടുരുപ്പടി കമ്മിറ്റി ഭാരവാഹികളായ കെ.എസ്.ശ്രീജിത്ത്, രാജേഷ്കുമാർ, കെ.എസ്.സുജിത്ത്, രാഹുൽ, ഗണേഷ്, അനീഷ്, രഞ്ജിത്ത്, രാജേഷ് എന്നിവർ പറഞ്ഞു.