ബെല്ലയ്ക്ക് കൂട്ടായി കുഞ്ഞുബെൻ; കൗതുകമായി കുതിരകുടുംബം!
Mail This Article
തിരുവല്ല ∙ ബെല്ല പ്രസവിച്ചു, ആൺകുട്ടി. അല്ല, ആരാണീ ബെല്ല? ഈ പ്രസവത്തിന് എന്താ ഇത്ര പ്രത്യേകത? പ്രത്യേകതയുണ്ട്, കാരണം ബെല്ല ഒരു പെൺകുതിരയാണ്. പോണി ഇനത്തിൽപ്പെട്ടത്. മുത്തൂർ വീനിത ഭവനിൽ വിനോദ് കുമാർ കോൺട്രാക്ടറാണ്. പണ്ടുമുതലേ കുതിരകളോടുള്ള കൗതുകംമൂത്ത് പാലക്കാട്ടുനിന്നാണു കുതിരയെ എത്തിച്ചത്. പാലക്കാട് തത്തമംഗലം കൾവാലോ– ഗൗതം ഫാമിൽ നിന്നുകൊണ്ടുവരുമ്പോൾത്തന്നെ അവിടുത്തെ ജീവനക്കാർ പറഞ്ഞിരുന്നു, ബെല്ല ഗർഭിണിയാണെന്ന്.
കുതിരയ്ക്കൊപ്പം വണ്ടിയും വാങ്ങിയാണു വിനോദ് മടങ്ങിയത്. വീട്ടിലെത്തിച്ചു പ്രത്യേകം തൊഴുത്തുപണിയിച്ചാണു ബെല്ലയെ വളർത്തുന്നത്. പച്ചപ്പുല്ലാണ് പ്രധാന തീറ്റയെങ്കിലും എല്ലാ ദിവസവും തവിടും കടലയുമൊക്കെ കൊടുക്കാറുണ്ട്. രണ്ടരയടി മുതൽ നാലരയടിവരെയേ പോണി ഇനത്തിൽപ്പെട്ട കുതിരകൾ പൊക്കംവയ്ക്കൂ. ബെല്ലയ്ക്കു രണ്ടരവയസ്സാണ് ഇപ്പോൾ. വീടിന് അടുത്ത് താമസിക്കുന്ന ജർമൻ സ്വദേശികൾ കുതിര കുട്ടിക്ക് ബെൻ എന്ന് പേരിട്ടും. തുള്ളിച്ചാടി നടക്കുന്ന കുതിര കുട്ടിയെയും അമ്മയെയും കാണാൻ നിരവധിയാളുകൾ എത്തുന്നുണ്ട്.