കുടിവെള്ളത്തിനായി ദിവസവും കിലോ മീറ്ററുകൾ അലയണം; അധികൃതർക്ക് മനസ്സിലാകുമോ ഈ ദുരിതക്കണക്ക്
Mail This Article
കുടിവെള്ളത്തിനായി ദിവസവും കിലോ മീറ്ററുകൾ അലയേണ്ട ഗതികേടിലാണ് പലരും. ജില്ലയിൽ നിന്നുള്ള ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്ന ഏതാനും പേരിലൂടെ...
വെച്ചൂച്ചിറ
പേര് : അംബിക കഞ്ഞിത്തോട്ടിൽ (ദർശിനി കുടുംബശ്രീ അംഗം)
സ്ഥലം: വെച്ചൂച്ചിറ വാഹമുക്ക്
വെള്ളം ശേഖരിക്കാനായി സഞ്ചരിക്കുന്ന ദൂരം: 4 കിലോമീറ്റർ
വെള്ളം കൊണ്ടുവരുന്നത്: പിക്കപ് വാനിൽ
വെള്ളം എടുക്കാനായി പോകുന്നത്: ആഴ്ചയിൽ 4 തവണ
ഓരോ തവണയും ശേഖരക്കുന്ന വെള്ളം: 2,000 ലീറ്റർ വീതം
ജലക്ഷാമം അനുഭവിക്കേണ്ടിവരുന്നത് : വർഷത്തിൽ 5 മാസം
എത്ര കാലമായി ജലക്ഷാമം അനുഭവിക്കുന്നു: 10 വർഷത്തിലേറെയായി
വെച്ചൂച്ചിറ ജല വിതരണ പദ്ധതിയുടെ പരിധിയിലാണിവിടം. ചേത്തയ്ക്കൽ-കൂത്താട്ടുകുളം റോഡ് പണിക്കിടെ 10 വർഷം മുൻപ് കൂത്താട്ടുകുളം-വലിയപതാൽ വരെ സ്ഥാപിച്ചിരുന്ന പൈപ്പുകൾ തകർത്തു. ഇതോടെ ജല വിതരണ നിലച്ചതാണ്. വലിയപതാൽ, വാഹമുക്ക്, വല്ല്യോലിമല, അച്ചിടപ്പാറ, പുളിക്കപടി, നെല്ലിമുക്ക് എന്നിവിടങ്ങളിലെല്ലാം കടുത്ത ജലക്ഷാമമാണ്. വെള്ളം വില കൊടുത്തു വാങ്ങാതെ മാർഗമില്ല.
5 അംഗ കുടുംബത്തിന് ആഴ്ചയിൽ കുറഞ്ഞത് 8,000 ലീറ്റർ വെള്ളം വേണം. കന്നുകാലികളുണ്ടെങ്കിൽ വെള്ളത്തിന്റെ തോത് കൂടും. കിഫ്ബി പദ്ധതിയിൽ പൈപ്പുകൾ പുനഃസ്ഥാപിക്കുന്ന പണി തുടങ്ങിയിരുന്നു. ഭാഗികമായിട്ടാണ് പണി നടത്തിയത്. ഒരു മാസത്തിലധികമായി പണി നടക്കുന്നില്ല. കരാർ റദ്ദാക്കാൻ നീക്കം നടക്കുകയാണ്. ശേഷിക്കുന്ന പണിയുടെ എസ്റ്റിമേറ്റ് തയാറാക്കി കരാർ ചെയ്യാൻ പിന്നീട് മാസങ്ങൾ കാത്തിരിക്കണം. പഞ്ചായത്തിന്റെ ചെലവിൽ ജല വിതരണം അടിയന്തരമായി നടത്തുകയാണ് പരിഹാരം.
മുണ്ടുകോട്ടയ്ക്കൽ
പേര് : മുഹമ്മദ് ഹനീഫ
വെള്ളം ശേഖരിക്കാനായി സഞ്ചരിക്കുന്ന ദൂരം : 600 മീറ്റർ
വെള്ളം കൊണ്ടുവരുന്നത് : ഓട്ടോറിക്ഷയിൽ
വെള്ളം എടുക്കാനായി പോകുന്നത് : ദിവസവും പലതവണ
ഓരോ തവണയും ശേഖരിക്കുന്ന വെള്ളം: കലങ്ങളിലും കന്നാസുകളിലും
ജലക്ഷാമം അനുഭവിക്കേണ്ടിവരുന്നത് : വർഷത്തിൽ 6 മാസം
എത്ര കാലമായി ജലക്ഷാമം അനുഭവിക്കുന്നു: വർഷങ്ങളായി
കടുത്ത വേനലിനൊപ്പം പത്തനംതിട്ട – കടമ്മനിട്ട – അയിരൂർ റോഡ് പണിയെത്തുടർന്ന് ജലവിതരണ പൈപ്പുകൾ തകരാറിലാകുകയും ചെയ്തതാണ് ഈ പ്രദേശത്തെ കനത്ത ശുദ്ധജലക്ഷാമത്തിലേക്ക് തള്ളിവിട്ടത്. റോഡ് പണി ആരംഭിക്കുന്നതിന് മുൻപ് പൈപ്പുകൾ മാറ്റി സ്ഥാപിക്കാതിരുന്നതിനാൽ പ്രദേശത്തെ ശുദ്ധജല വിതരണ പൈപ്പുകളിൽ ഏറിയ തകർച്ചയിലാണ്. ഈ പൈപ്പുകൾ പുനഃസ്ഥാപിച്ചാൽ മാത്രമേ ഈ പ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരം കാണാൻ കഴിയൂ.
വള്ളിക്കോട്
പേര് : കുട്ടി (78 വയസ്സ്)
സ്ഥലം : തേക്കിൻകൂട്ടത്തിൽ മുരുപ്പ്, വള്ളിക്കോട്
വെള്ളം ശേഖരിക്കാനായി സഞ്ചരിക്കുന്ന ദൂരം : 700 മീറ്റർ
വെള്ളം കൊണ്ടുവരുന്നത്: തലച്ചുമടായി
വെള്ളം എടുക്കാനായി പോകുന്നത്: ദിവസവും 10 തവണയിൽ കൂടുതൽ
ഓരോ തവണയും ശേഖരിക്കുന്ന വെള്ളം : ഓരോ കലം വീതം
ജലക്ഷാമം അനുഭവിക്കേണ്ടിവരുന്നത് : വർഷത്തിൽ 6 മാസം
എത്ര കാലമായി ജലക്ഷാമം അനുഭവിക്കുന്നു: ആദ്യമായി ഈ വർഷമാണ് കൂടുതൽ ദുരിതം
മുൻ വർഷങ്ങളിൽ ഒരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത തരത്തിലുള്ള കടുത്ത വരൾച്ചയാണ് ഇത്തവണ വള്ളിക്കോട് തേക്കിൻകൂട്ടത്തിൽ മുരുപ്പിൽ അനുഭവപ്പെടുന്നത്. പ്രദേശത്ത് എവിടെയും വെള്ളം കിട്ടാനില്ല. മുരുപ്പിൽ നിന്ന് 700 മീറ്റർ താഴ്ഭാഗത്തുള്ള വീടുകളിലെ കിണറുകളിൽ നിന്നാണ് ഇവിടെയുള്ളവർ കുടിക്കാനും പാചകത്തിനുമുള്ള വെള്ളം ശേഖരിക്കുന്നത്.
മറ്റ് ആവശ്യങ്ങൾക്ക് ഒന്നര കിലോമീറ്ററോളം അകലെയുള്ള അച്ചൻകോവിലാറ്റിലെ ചെമ്പോലി കടവിലെത്തിയാണ് ഇവർ ആശ്രയിക്കുന്നത്. മുരുപ്പിന് മുകൾഭാഗത്ത് പാറക്കുളം ഉണ്ടെങ്കിലും അത് തീർത്തും മലിനമാണ്. കുളം നവീകരിച്ച് അത് പമ്പ് ചെയ്യാനുള്ള സംവിധാനം ഒരുക്കിയാൽ ഈ പ്രദേശത്തെ ജലക്ഷാമത്തിന് കുറച്ചെങ്കിലും പരിഹാരമാകുമെന്ന് നാട്ടുകാർ പറയുന്നു.
ഏറത്ത്
പേര് : സി.കെ.ജാനകി, മുരുകവിലാസം
സ്ഥലം : മുരുകൻകുന്ന് കോളനി, ഏറത്ത്
വെള്ളം ശേഖരിക്കാനായി സഞ്ചരിക്കുന്ന ദൂരം: 500 മീറ്റർ
വെള്ളം കൊണ്ടുവരുന്നത് : തലച്ചുമടായി
വെള്ളം എടുക്കാനായി പോകുന്നത് : ദിവസവും 2 തവണ വീതം
ഓരോ തവണയും ശേഖരിക്കുന്ന വെള്ളം : ദിവസവും 15 കലം
ജലക്ഷാമം അനുഭവിക്കേണ്ടിവരുന്നത് : വർഷത്തിൽ 3 മാസം
എത്ര കാലമായി ജലക്ഷാമം അനുഭവിക്കുന്നു: എല്ലാവർഷവും ഈ പ്രശ്നമുണ്ട്