മണിമലയാറ്റിലെ തേലപ്പുഴക്കടവിലെ തൂക്കുപാലത്തിലും തൂണുകളിലും തുരുമ്പ് വ്യാപിക്കുന്നു
Mail This Article
വായ്പൂര് ∙ ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണിമലയാറ്റിലെ തേലപ്പുഴക്കടവിലെ തൂക്കുപാലത്തിലും തൂണുകളിലും തുരുമ്പ് വ്യാപിക്കുന്നു. 2012ൽ നിർമിച്ച പാലത്തിന്റെ തൂണുകളിലും പ്രധാനപ്പെട്ട ഇരുമ്പ് കമ്പികളിലും ആളുകളുടെ സുരക്ഷയ്ക്കായി ഇരുവശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് പട്ടകളിലും തുരുമ്പ് വ്യാപിച്ചു തുടങ്ങി.
ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തുകളിലെ നിവാസികൾക്കായി തുറന്നുകൊടുത്ത തൂക്കുപാലം ആദ്യസമയങ്ങളിൽ അവഗണിക്കപ്പെട്ടിരുന്നുവെങ്കിലും 2017ൽ ജില്ലാ പഞ്ചായത്തിൽനിന്നുള്ള തുക വിനിയോഗിച്ച് മിനുക്കുപണികൾ നടത്തിയിരുന്നു. ഇപ്പോൾ നവീകരണ പ്രവൃത്തികളും നടത്താതെ വീണ്ടും അവഗണിക്കപ്പെട്ട സ്ഥിതിയാണ്. 122 മീറ്റർ നീളവും 1.20 മീറ്റർ വീതിയുമുള്ള തൂക്കുപാലം ദുരന്തനിവാരണ പദ്ധതിയിൽപെടുത്തി 85,20,672 രൂപ ചെലവഴിച്ചാണ് നിർമിച്ചത്.
വായ്പൂര് ഗവ. എംആർഎസ്എൽബിവി ഹയർ സെക്കൻഡറി സ്കൂൾ, വായ്പൂര് എൻഎസ്എസ് ഹൈസ്കൂൾ എന്നിവിടങ്ങളിലേക്കുള്ള കുട്ടികൾ ഉൾപ്പെടെ ഒട്ടേറെ യാത്രക്കാരാണ് തൂക്കുപാലത്തെ ആശ്രയിക്കുന്നത്. കമ്പികളിൽ തുരുമ്പ് വ്യാപിച്ചതിനാൽ യാത്രക്കാർ ഭീതിയോടെയാണ് മറുകര കടക്കുന്നത്. ഇരുമ്പ് പട്ടകളിൽ കയ്യോമറ്റോതട്ടിയാൽ പരുക്കുമേൽക്കാനുള്ള സാധ്യതയുണ്ട്. ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന തൂക്കുപാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.