നന്ദന ഫാമിലെ താരമായി ഒട്ടകപ്പക്ഷി; കാണാൻ സന്ദർശകരുടെ തിരക്ക്
Mail This Article
കൊടുമൺ ∙ തട്ട നന്ദന ഫാമിലെത്തിച്ച വലിയ ഒട്ടകപ്പക്ഷിയെ കാണാൻ സന്ദർശകരുടെ തിരക്ക്. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ഒട്ടകപ്പക്ഷിയാണിതെന്ന് ഫാം ഉടമ ചിക്കു നന്ദന പറയുന്നു. 3 ലക്ഷം രൂപയാണ് വില. ദുബായിലുള്ള സന്തോഷും കുടുംബവുമാണ് ലിജോ എന്ന സുഹൃത്തുവഴി പക്ഷിയെ ഫാമിലെത്തിച്ചത്.
100 കിലോ ഭാരവും 9 അടി പൊക്കവുമുണ്ട്. കുതിരയുടെ കാലിനേക്കാൾ ശക്തിയേറിയ കാലുകളാണ്. മുട്ടയ്ക്ക് 2 കിലോ ഭാരവും 6 ഇഞ്ച് നീളവും ഉണ്ട്. നീളമുള്ള കാലുകളായതുമൂലം 70 കിലോമീറ്റർ വേഗത്തിൽ ഓടാൻ കഴിയും. അപകടങ്ങൾ മുൻകൂട്ടി അറിയാനുള്ള കഴിവുള്ള പക്ഷിയാണിത്.
തൂവലുകൾ അലങ്കാര വസ്തുക്കളായി ഉപയോഗിക്കും. കാലുകൾകൊണ്ട് ആക്രമിച്ചാണ് അപകടങ്ങൾ തരണംചെയ്യുന്നത്. കഴിഞ്ഞ ദിവസം 20 പേർ ചേർന്നാണ് പക്ഷിയെ വാഹനത്തിൽ കയറ്റി ഫാമിൽ എത്തിച്ചത്. അതിൽ 2 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.