കല്ലൂപ്പാറ പൊതുശ്മശാനത്തിൽ ദഹിപ്പിക്കാൻ സൗകര്യം ഒരുക്കി
Mail This Article
കല്ലൂപ്പാറ ∙ ഹൈന്ദവ ആചാരപ്രകാരം മൃതദേഹം ദഹിപ്പിക്കുന്നതിന് പഞ്ചായത്ത് പൊതുശ്മശാനത്തിൽ സൗകര്യമൊരുക്കി.പഞ്ചായത്ത് പദ്ധതിയിൽ 2021–22, 2022–23 സാമ്പത്തിക വർഷത്തിൽ 7,39,974 രൂപ ചെലവഴിച്ച് ഷെഡ് നിർമിച്ചാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. മൃതദേഹം ദഹിപ്പിക്കുന്നതിന് ഷെഡ്ഡിനുള്ളിൽ പ്രത്യേക സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഗ്യാസ് ഉപയോഗിച്ച് സംസ്കരണം നടത്തുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പഞ്ചായത്ത് 4–ാം വാർഡിൽപെട്ട തുരുത്തിക്കാട് കോഴിയാമടയിലുള്ള പൊതുശ്മശാനത്തിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. മൃതദേഹം അടക്കം ചെയ്യുന്നതിനു സെല്ലുകൾ വർഷങ്ങൾക്ക് മുൻപ് നിർമിച്ചിരുന്നു.
കോവിഡ്മൂലം മരണപ്പെടുന്നവരെ ശാസ്ത്രീയമായി സംസ്കരിക്കാൻ ബുദ്ധിമുട്ടിയിരുന്ന സാഹചര്യമാണ് ദഹനം നടത്തുന്നതിന് സൗകര്യമുള്ള ശ്മശാനം വേണമെന്ന് പഞ്ചായത്ത് കമ്മിറ്റിയിൽ ആവശ്യമുന്നയിക്കുകയും ഇപ്പോൾ നിർമാണം പൂർത്തീകരിക്കാൻ കഴിഞ്ഞുവെന്നും പഞ്ചായത്തംഗം രതീഷ് പീറ്റർ പറഞ്ഞു.\