തൊഴിലാളികൾ മടങ്ങി; അബാൻ മേൽപ്പാല നിർമാണം ഇഴയുന്നു
Mail This Article
പത്തനംതിട്ട ∙ തൊഴിലാളികൾ മടങ്ങി പോയതോടെ അബാൻ മേൽപാലം നിർമാണം ഇഴയുന്നു. ഒന്നര ആഴ്ചയായി പണി കാര്യമായി നടക്കുന്നില്ല. പൂർണമായും മുടങ്ങിയില്ലെന്നു വരുത്താൻ നാലും അഞ്ചും ജീവനക്കാരെ കൊണ്ട് ചെറിയ ജോലികൾ മാത്രമാണ് ചെയ്യിക്കുന്നത്.കോയമ്പത്തൂരിൽ നിന്നാണു കരാറുകാരൻ ഇവിടെ തൊഴിലാളികളെ എത്തിച്ചത്. അതിഥി തൊഴിലാളികൾക്കു നേരെ തമിഴ്നാട്ടിൽ അക്രമം നടന്നതായി വ്യാജ പ്രചാരണം വന്നതോടെ ഇവിടെ ഉണ്ടായിരുന്ന 7 തൊഴിലാളികൾ നാട്ടിലേക്ക് പോകണമെന്നു നിർബന്ധം പിടിച്ചു. അസം, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളായിരുന്നു ഇവർ. ഇവർക്കു പകരം പുതിയ വിദഗ്ധ തൊഴിലാളികളെ എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് കരാറുകാരൻ. 3 ദിവസത്തിനുള്ളിൽ ഇവർ എത്തുമെന്നാണു പ്രതീക്ഷ.
മേൽപാലത്തിന്റെ കോൺക്രീറ്റ് സ്ലാബ് നിർമിക്കാനുള്ള ജോലിയാണ് നടന്നു വന്നത്. കരയിൽ സ്ലാബ് നിർമിച്ച് യന്ത്ര സഹായത്തോടെ തൂണുകളിൽ ഉറപ്പിക്കാനാണ് ലക്ഷ്യമിട്ടത്. ആദ്യത്തെ സ്ലാബിന്റെ കേൺക്രീറ്റിനുള്ള കമ്പി കെട്ടുന്ന ജോലിയാണ് തൊഴിലാളികൾ പോയതോടെ മുടങ്ങിയത്. കമ്പികെട്ട് തീരാത്തതിനാൽ കിഫ്ബി ഡിസൈൻ വിഭാഗം ഇവിടെ പരിശോധനയ്ക്കു വന്നില്ല. ഇവരുടെ അന്തിമ അനുമതി ലഭിച്ച ശേഷമേ കോൺക്രീറ്റ് തുടങ്ങൂ. 30 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള 19 സ്ലാബ് ഉണ്ടാക്കണം. അത് കൂടാതെ 36 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള ഒരു സ്ലാബും നിർമിക്കാനുണ്ട്. ആവശ്യത്തിനു തൊഴിലാളികളില്ലാതെയാണു പാലത്തിന്റെ നിർമാണ പ്രവർത്തനം നടത്തുന്നതെന്ന് തുടക്കം മുതൽ തന്നെ പരാതിയുണ്ട്.
പൈലിങ് പൂർണമായും നിലച്ചു
പാലത്തിനായി 92 പൈലുകളാണ് വേണ്ടത്. ഇതുവരെ 84 എണ്ണം മാത്രമാണ് തീർന്നത്. പൈലിങ് ജോലികൾ വേഗത്തിൽ നടന്നിരുന്നെങ്കിലും പിന്നീട് പണിയുടെ വേഗം കുറഞ്ഞു. ഇപ്പോൾ പൈലിങ് പൂർണമായും നിലച്ചിരിക്കുകയാണ്. ആകെ 21 തൂണുകളിൽ 14 തൂണുകളുടെ കോൺക്രീറ്റ് ജോലികളെ കഴിഞ്ഞിട്ടുള്ളൂ. ബാക്കി 7 തൂണുകൾക്കായി അടിത്തറ കോൺക്രീറ്റ് ചെയ്ത് കമ്പികൾ ഉറപ്പിച്ചു. മറ്റുപണികൾ നടന്നില്ല.