ബെംഗളൂരു, ഹൈദരാബാദ്: വിഷുവിന് നാട്ടിലെത്താൻ ട്രെയിനിൽ ടിക്കറ്റില്ല
Mail This Article
പത്തനംതിട്ട ∙ ബെംഗളൂരുവിനു പുറമേ ഹൈദരാബാദിൽ നിന്നും വിഷുവിനു നാട്ടിലെത്താൻ ട്രെയിനിൽ ടിക്കറ്റില്ല. ഹൈദരാബാദിൽ നിന്നു തിരുവനന്തപുരത്തേക്കും തിരിച്ചും ശബരി എക്സ്പ്രസിൽ സ്ലീപ്പർ ഉൾപ്പെടെ ഒരു ക്ലാസിലും ട്രെയിനിൽ ടിക്കറ്റില്ല. ഇന്നു കേരളത്തിലേക്കുളള ശബരി എക്സ്പ്രസിൽ സ്ലീപ്പറിൽ വെയ്റ്റ് ലിസ്റ്റ് 326 ആണ്. 13ന് 211, 14ന് 168 എന്നിങ്ങനെയാണു വെയ്റ്റ് ലിസ്റ്റ്. ഹൈദരാബാദിൽ നിന്നു തിരുവനന്തപുരത്തേക്കു ഒരു ട്രെയിൻ (ശബരി എക്സ്പ്രസ്) മാത്രമാണുള്ളത്.
കൊച്ചുവേളിയിൽ നിന്നു പുതിയ ഹൈദരാബാദ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു ഡിവിഷനൽ റെയിൽവേ യൂസേഴ്സ് കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ നിവേദനം നൽകിയിട്ടും റെയിൽവേ നടപടിയെടുത്തിട്ടില്ല. സൗത്ത് സെൻട്രൽ റെയിൽവേ സെക്കന്ദരാബാദിൽ നിന്നു എറണാകുളത്തേക്കും കൊച്ചുവേളിയിലേക്കും ഇടക്കാലത്തു സ്പെഷൽ ട്രെയിനുകളോടിച്ചിരുന്നു. ഇവ സ്ഥിരപ്പെടുത്താൻ ശുപാർശ ചെയ്തിരുന്നെങ്കിലും തിരുവനന്തപുരം ഡിവിഷൻ താൽപര്യം കാണിച്ചില്ലെന്നാണ് ആക്ഷേപം.
ഏകദേശം 30 മണിക്കൂറാണു ശബരി എക്സ്പ്രസ് ഹൈദരാബാദിൽ എത്താൻ എടുക്കുന്നത്. തിരുപ്പതി, ഗുണ്ടൂർ വഴിയാണു സർവീസ്. തമിഴ്നാട്ടിൽ നിന്നു ഹൈദരാബാദിലേക്കു ആഴ്ചയിൽ 8 ട്രെയിനുകൾ ഉള്ളപ്പോൾ കേരളത്തിൽ നിന്നു 2 ട്രെയിനുകൾ മാത്രമാണുള്ളത്. മംഗളൂരുവിൽ നിന്നു ആഴ്ചയിൽ 2 ദിവസമുള്ള മംഗളൂരു–കാച്ചിഗുഡ ട്രെയിനാണു മറ്റൊരു സർവീസ്.
കാച്ചിഗുഡ സർവീസ് പ്രതിദിനമാക്കുകയും തിരുവനന്തപുരത്തു നിന്നു ധർമവാരം, കുർണൂൽ റൂട്ടിൽ ഹൈദരാബാദിലേക്കു പുതിയ സർവീസ് ആരംഭിക്കുകയും ചെയ്താൽ യാത്രക്കാർക്ക് സഹായമാകും.