ADVERTISEMENT

ഏഴംകുളം∙ അന്യം നിന്നുകൊണ്ടിരിക്കുന്ന ഈറ്റ ഉൽപന്നങ്ങളുടെ നിർമാണം ഇപ്പോഴും കുലത്തൊഴിലാക്കി ഉപജീവനം നടത്തുന്ന 3 കുടുംബശ്രീ വനിതകളുണ്ട് ഏഴംകുളം പാലമുക്കിൽ. തനിമ കൂട്ടായ്മയിലെ അംഗങ്ങളായ പാലമുക്ക് നിഥിൻ ഭവനിൽ രാധാമോഹൻ, ചരുവിളമേലേതിൽ ശാന്ത കൊച്ചുരാമൻ, ഏഴംകുളം അമ്പലജംക്‌ഷൻ കളീക്കൽ വീട്ടിൽ കെ. സരസമ്മ എന്നിവരാണ് ഈറ കൊണ്ട് കുട്ടയും വട്ടിയും പരമ്പും അടപ്പു കൊട്ടയുമൊക്കെ നിർമിച്ചു കുലത്തൊഴിലിനെ കാത്തു സൂക്ഷിക്കുന്നത്.

സരസമ്മ മുറമാണു കൂടുതലും നിർമിക്കുന്നത്. ശാന്തയും രാധയും കുട്ടയും വട്ടിയും അടപ്പുകൊട്ടയുമാണു നെയ്തെടുക്കുന്നത്. ഇവർ നിർമിക്കുന്ന ഉൽപന്നങ്ങൾക്ക് ഇപ്പോൾ പഞ്ചായത്ത് അംഗം ബാബുജോണിന്റെ നേതൃത്വത്തിൽ പുതുമലയിൽ നടക്കുന്ന കുടുംബശ്രീമേളയിലാണു വിപണി കണ്ടെത്തിയിരിക്കുന്നത്. മേളയിൽ എത്തുന്ന കുട്ടയും വട്ടിയും മുറവുമൊക്കെ അപ്പോൾ തന്നെ വിറ്റഴിയുന്നുണ്ടെന്നു ഇവർ പറഞ്ഞു. സരസമ്മ ഉണ്ടാക്കുന്ന മുറങ്ങൾ കടക്കാർക്കും നൽകുന്നുണ്ട്. ഇതു കൂടാതെ പുറത്തു നിന്ന് ഓർഡറുകളും ഇവർക്ക് ലഭിക്കുന്നുണ്ട്.

ഈറ്റ ഉൽപന്നങ്ങൾക്കു വിപണിയിൽ ഡിമാൻ‍ഡ് കുറഞ്ഞതോടെ നേരത്തെ ഈ വനിതകൾ നിർമിക്കുന്ന കുട്ടയും മുറവും വട്ടിയുമൊക്കെ വിറ്റഴിയാൻ പ്രയാസമായിരുന്നു. ഇനിയും ടേബിൾ ലാംപ് ഷെയ്ഡ്, വീടുകളിലെ ലൈറ്റുകളുടെ ഷെയ്ഡ്, അലങ്കാര വസ്തുക്കൾ, എന്നിവ നിർമിക്കാനുള്ള ഒരുക്കത്തിലാണ് ഈ കൂട്ടായ്മ. ഈറ കിട്ടാത്തതാണ് ഇപ്പോൾ ഇവരെ വിഷമത്തിലാക്കിയിരിക്കുന്നത്. തട്ടയിലുള്ള ബാംബൂ കോർപ്പറേഷന്റെ സെന്ററിൽ നിന്നായിരുന്നു ഈറ കിട്ടിക്കൊണ്ടിരുന്നത്. അവിടെ എന്തോ പ്രശ്നം കാരണം ഈറ്റ ലഭിക്കുന്നില്ല. ഇപ്പോൾ, പഞ്ചായത്ത് അംഗം സംഘടിപ്പിച്ചു കൊടുക്കുന്ന ഈറ കൊണ്ടാണു വനിതാ കൂട്ടായ്മ ഉൽപന്നങ്ങൾ നിർമിച്ചു നൽകുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com