എഴുമറ്റൂർ പനമറ്റത്തുകാവ് വിഷുപ്പടയണി: ഇന്ന് അടവി
Mail This Article
പെരുമ്പെട്ടി∙ എഴുമറ്റൂർ പനമറ്റത്തുകാവ് ഭദ്രകാളി ക്ഷേത്രത്തിൽ വിഷുപ്പടയണി ഉത്സവത്തിൽ പഞ്ചകോലങ്ങൾ കളത്തിൽ തുള്ളിയൊഴിഞ്ഞു. കോലങ്ങളിൽ വർഷത്തിൽ ഒരിക്കൽ മാത്രം കളത്തിലെത്തുന്ന കാവൽദേവതയും രക്ഷകനുമായ മാടൻ കാലപ്രമാണങ്ങളെ മേളക്കൂട്ടിലൊതുക്കി പാട്ടുതാളത്തിന്റെ ഈരടികളിൽ ചുവടുവച്ച് കളത്തിലാടിയുറഞ്ഞ് ആവാഹിച്ച് കളമൊഴിഞ്ഞു. ഇന്ന് അടവി, പനമറ്റത്തുകാവ് പടയണിയിലെ പ്രാധാന്യം കൽപ്പിക്കുന്നതും ആബാലവൃദ്ധ ജനസഞ്ചയം ആരവത്തോടെയെത്തി പങ്കാളിത്തമുറപ്പാക്കുന്ന ഒരു ചടങ്ങാണ് അടവി. പടയണിയിൽ കോലമാടി ദേവശുദ്ധി വരുത്തി, പാനതല്ലി സ്ഥല ശുദ്ധിവരുത്തി കാടുകയറി അടവിയൊടിച്ച്, ഉടുമ്പുതുള്ളി, പൂപ്പടവാരുന്ന ആനന്ദകരമായ ചടങ്ങാണ് അടവിയാചാരം.
നിത്യപൂജ നിഷേധിക്കപ്പെട്ട കാവിലെ യക്ഷിയമ്മയുടെ അടുത്തേയ്ക്കുള്ള പ്രയാണവും ദർശനസൗഭാഗ്യത്തിന്റെ ആനന്ദവുമാണ് അടവി. വർഷത്തിലൊരിക്കൽ മാത്രം കണ്ടുതൊഴാൻ അനുവദിച്ച യക്ഷിയമ്മയുടെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങുന്ന ഒരു ജനത കമ്പൊടിച്ച് കാവുകേറുന്ന ആചാരമാണിത്. പടയണിയിലെ വിനോദമായ കുതിര അടവിദിനത്തിൽ മാത്രമാണ് കളത്തിലെത്തുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. അടവി പടയണിയിൽ ഒന്ന് ഒഴികെ എല്ലാ കോലങ്ങളും കളത്തിലുറയും. 5.30 നിർമാല്യദർശനം, 9.00ന് നാരായണീയപാരായണം. 5.00 ന് അടവിപ്പുഴുക്ക്, 5.30 ന് കരിക്കടി,അടവിക്ക് പുറപ്പാട്, 7.00 ന് ഗാനമേള 9.30 ന് പടയണിച്ചടങ്ങുകൾ.