നാടിനു വിഷുക്കണിയായി അങ്കണവാടി കെട്ടിടം
Mail This Article
ഇരവിപേരൂർ ∙ വാഴോലിൽ കുര്യൻ ജേക്കബ് എന്ന സജി നൽകിയ വിഷുക്കണിയാണ് പഞ്ചായത്ത് രണ്ടാം വാർഡിലെ മൂന്നാം നമ്പർ അങ്കണവാടിക്ക് ഒരു കെട്ടിടം. സ്വന്തമായി സ്ഥലവും കെട്ടിടവുമില്ലാതെ മൂന്നു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന അങ്കണവാടി കഴിഞ്ഞ 10 വർഷമായി ഒട്ടും സുരക്ഷിതമല്ലാത്ത ഒരു വീട്ടിലായിരുന്നു. എന്നും ഇതിന്റെ മുൻപിൽ കൂടി പോകുമായിരുന്ന സജി കുട്ടികളുടെ ദുരിതം കണ്ട് സ്വന്തം വീട്ടുമുറ്റത്ത് അങ്കണവാടിക്കായി കെട്ടിടം നിർമിച്ചുനൽകുകയായിരുന്നു. അതും 35 ദിവസം കൊണ്ട് കെട്ടിടം പണി പൂർത്തിയാക്കി. 4 ലക്ഷം രൂപയും ചെലവായി. ഉയിർപ്പിന്റെയും വിഷുവിന്റെയും കാലം അവർക്ക് ഇതിനപ്പുറം ഒരു ഐശ്വര്യം കിട്ടാനില്ലായിരുന്നു.
പുതിയ കെട്ടിടത്തിൽ വലിയ ഹാൾ, അടുക്കള, ശുചിമുറി എന്നിവയുണ്ട്.15 കുട്ടികൾ വരെ പഠിച്ചിരുന്ന അങ്കണവാടിയായിരുന്നു ഇത്. കെട്ടിടം സുരക്ഷിതമല്ലാത്തതിനാൽ എണ്ണം കുറഞ്ഞ് 7 പേർ വരെയായി. മറ്റു സൗകര്യം കിട്ടാതെ വന്നതോടെ പ്രവർത്തനം നിർത്താൻ തീരുമാനിച്ച അവസരത്തിലാണ് സജി സഹായവുമായി എത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻപിള്ള പറഞ്ഞു.നിലവിൽ പഞ്ചായത്തിനു സ്ഥലം വിട്ടു നൽകിയിട്ടില്ല എങ്കിലും പഞ്ചായത്തിന്റെ ആവശ്യപ്രകാരം അങ്കണവാടി ഇവിടെ തന്നെ നില നിർത്താനാണ് സജിയുടെ തീരുമാനം.