വിഷുവിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി
Mail This Article
പത്തനംതിട്ട∙ ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും ഉത്സവമായ വിഷുവിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. ആഘോഷം പൊടിപൊടിക്കാൻ വിവിധ തരം ഉത്പന്നങ്ങൾ വിപണിയിലിറക്കി ആളുകളെ കടകളിലേക്ക് ആകർഷിക്കാൻ വ്യാപാരികളും ഒരുങ്ങി കഴിഞ്ഞു. വിഷുക്കണി ഒരുക്കുന്നതിൽ പ്രധാനമായ കൃഷ്ണ വിഗ്രഹങ്ങളുമായി ദിവസങ്ങൾക്ക് മുൻപേ വഴിയോരങ്ങളിൽ ആളുകൾ വിൽപന ആരംഭിച്ചിട്ടുണ്ട്. കരകൗശല വിൽപന ശാലകളിൽ കണിയൊരുക്കുന്നതിനായുള്ള കൃഷ്ണവിഗ്രഹങ്ങൾ, കണിവെള്ളരിതുടങ്ങിയവയ്ക്കൊപ്പം ആപ്പിൾ, മുന്തിരി, കൈതച്ചക്ക ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിൽപനയും തകൃതിയായി നടക്കുന്നു. വസ്ത്രക്കടകളിൽ മുണ്ടും ഷർട്ടും കൂടാതെ ട്രെൻഡ് വസ്ത്രങ്ങൾക്കും വിൽപനയേറി.
കൃഷ്ണന്റെ ചിത്രങ്ങൾ ആലേഖനം ചെയ്ത വസ്ത്രങ്ങൾക്കും ആവശ്യക്കാരേറെയാണ്. പകലത്തെ കത്തിയെരിയുന്ന ചൂടും വെയിലും വില്ലന്മാരായി നിൽക്കുമ്പോഴും വിഷു കെങ്കേമമായി ആഘോഷിക്കാൻ ഒരുങ്ങുകയാണ് മിക്കവരും. നഗര–ഗ്രാമ പ്രദേശങ്ങളിൽ കടകളിലുൾപ്പെടെ കുടുംബസമേതം എത്തിയാണ് മിക്കവരും സാധനങ്ങൾ വാങ്ങുന്നത്. ഗൃഹോപകരണ വിൽപന കേന്ദ്രങ്ങളിലും ഓഫറുകളിട്ട് ഉപഭോക്താക്കളെ ആകർഷിക്കുകയാണ്. ഗ്രാമ പ്രദേശങ്ങളിലും പച്ചക്കറി ചന്തകൾ സജീവമായി. കൊന്നപ്പൂക്കൾ ഇത്തവണയും നേരത്തേ പൂവിട്ട് നിൽക്കുന്നതിനാൽ വിഷുവിന് രണ്ടുനാൾ മുൻപേ ഗ്രാമ പ്രദേശങ്ങളിലെങ്ങും പൂക്കൾ ശേഖരിക്കുന്നതു കാണാമായിരുന്നു.