വിഷുക്കണി ദർശനത്തിനൊരുങ്ങി സന്നിധാനം; തീർഥാടകപ്രവാഹം
Mail This Article
ശബരിമല ∙ വിഷു ദർശനത്തിനായി സന്നിധാനത്തേക്ക് ഭക്തരുടെ പ്രവാഹം. മേടം ഒന്നായ നാളെയാണ് വിഷുക്കണി ദർശനം. പുലരിയിൽ അയ്യപ്പനെ കണി കണ്ടുതൊഴുത് ശ്രീകോവിലിൽ നിന്നു വിഷു കൈനീട്ടം വാങ്ങാനായി നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് തീർഥാടകരെത്തുന്നുണ്ട്. ഇന്നു രാത്രി മേൽശാന്തിയും കീഴ്ശാന്തിയും ചേർന്നു വിഷുക്കണി ഒരുക്കി നട അടയ്ക്കും. നാളെ പുലർച്ചെ 4ന് നട തുറന്ന് ആദ്യം അയ്യപ്പനെ കണി കാണിക്കും. പിന്നെ ഭക്തരെയും. തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും.
ഇന്നലെ പടിപൂജ, കളഭാഭിഷേകം എന്നിവ നടന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് കാർമികത്വം വഹിച്ചു. ശരണം വിളികൾ നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു പടിപൂജ. 18 പടിയിലും ഒരുക്കുകൾ വച്ച് തന്ത്രിയുടെ കാർമികത്വത്തിൽ പൂജിച്ചു. പടിപൂജ കണ്ടുതൊഴാൻ വൈകിട്ട് 5 മുതൽ തീർഥാടകർ കാത്തിരുന്നു. കിഴക്കേ മണ്ഡപത്തിൽ കലശം പൂജിച്ച് വാദ്യമേളങ്ങളോടെ ആഘോഷമായി എഴുന്നള്ളിച്ചായിരുന്നു കളഭാഭിഷേകം.