ADVERTISEMENT

പത്തനംതിട്ട ∙ ഇലന്തൂർ നരബലി കേസിനു പിന്നാലെ ജില്ലയിൽ മലയാലപ്പുഴയിലും ആഭിചാരക്രിയകൾ നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് മന്ത്രവാദിയായ വാസന്തിയമ്മ മഠത്തിൽ ശോഭനയെയും സുഹൃത്ത് ഉണ്ണിക്കൃഷ്ണനെയും കഴിഞ്ഞ ഒക്ടോബറിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് കുട്ടികളെ ഉപയോഗിച്ചു മന്ത്രവാദം നടത്തിയതും ദേഹോപദ്രവം ഏൽപിച്ചതുമായ സംഭവത്തിലാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിനു തെളിവുകളായി വിഡിയോ പുറത്തുവന്നതോടെ  നാട്ടുകാരാണ് അന്ന് വിഷയത്തിൽ ഇടപെട്ടത്. യുവജന സംഘടനകളും വീട്ടിലേക്ക് മാർച്ച് നടത്തി.

മലയാലപ്പുഴ വാസന്തിയമ്മ മഠത്തിനുള്ളി‍ൽ നിൽക്കുന്ന പത്തനാപുരം സ്വദേശിനികളായ ശുഭയും, എസ്തറും. ഇവരെ രക്ഷപ്പെടുത്തുന്നതിനു മുൻപുള്ള ദൃശ്യം.

ശോഭന വർഷങ്ങളായി ഈ വീട്ടിൽ മന്ത്രവാദം നടത്തിവരുന്നുണ്ടെന്നും നാട്ടുകാരെ അസഭ്യം പറയുന്നത് പതിവാണെന്നും പരാതി ഉയർന്നതോടെ പൊലീസ് നടപടിയെടുക്കുകയായിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷമാണു പത്തനാപുരത്തെ കുടുംബത്തെ വീട്ടിൽ പാർപ്പിച്ച് വീണ്ടും പൂജകൾ ആരംഭിച്ചത്. ജയിലിൽനിന്നു പരിചയപ്പെട്ട അനീഷും ശുഭയും ഒട്ടേറെ പണത്തട്ടിപ്പു കേസുകളിലെ പ്രതികളാണെന്നു പറയുന്നു. പത്തനാപുരം സ്റ്റേഷനിലെ  5 ലക്ഷം രൂപ തട്ടിച്ച കേസുൾപ്പെടെ കോന്നിയിലും പത്തനാപുരം സ്റ്റേഷനുകളിലുമായി 3 കേസുകൾ ഇവർക്കെതിരെയുണ്ട്. ഇവരെ ജാമ്യത്തിലിറക്കാൻ സഹായിച്ചതുവഴിയാണു ശോഭന ഇവരുമായി അടുപ്പത്തിലായത്. 

മൂന്നു പേരെയും പൂട്ടിയിട്ട നിലയിൽ

മലയാലപ്പുഴ ∙ നാട്ടുകാരും പാർട്ടി പ്രവർത്തകരുമായ ചിലർ ഇന്നലെ ഉച്ചയ്ക്ക് 2ന് കുടുംബശ്രീ യോഗം നടന്നയിടത്തേക്ക് എത്തി പെൺകുട്ടിയടക്കം മൂന്നു പേരെ വാസന്തിയമ്മമഠത്തിൽ പൂട്ടിയിട്ടിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നെന്ന് സിഡിഎസ് ചെയർപഴ്സൻ ജലജാകുമാരി പറഞ്ഞു. തങ്ങൾ അവിടെയെത്തുമ്പോൾ ഗേറ്റും വീടിന്റെ മുൻവാതിലും താഴിട്ടു പൂട്ടിയ നിലയിലായിരുന്നു. വീടിനുള്ളിൽ മറ്റൊരു മുറിയിൽ പൂട്ടിയിട്ട നിലയിലായിരുന്നു മൂന്നുപേരും ഉണ്ടായിരുന്നത്. പിന്നീട് പൊലീസെത്തി ഇവരെ കൊണ്ടുപോയെന്നും ജലജകുമാരി പറഞ്ഞു.

ആഭിചാരകേന്ദ്രത്തിൽ പൂട്ടിയിട്ട സ്ത്രീകളെ മോചിപ്പിച്ചു

pta-witchcraft-in-malayalapuzha
മഠത്തിലെ മുറിയുടെ വാതിൽ നാട്ടുകാർ തകർത്ത നിലയിൽ ചിത്രം:മനോരമ

പത്തനംതിട്ട ∙ മലയാലപ്പുഴയിൽ മന്ത്രവാദിയുടെ വീട്ടിൽ പൂട്ടിയിട്ട 2 സ്ത്രീകളെയും പെൺകുട്ടിയെയും മോചിപ്പിച്ചു. ‘വാസന്തിയമ്മ മഠം’ എന്ന പേരിൽ മന്ത്രവാദ കർമങ്ങൾ നടത്തുന്ന ശോഭനയുടെ (52) വീടിന്റെ വാതിൽ തല്ലിത്തകർത്താണ് പത്തനാപുരം സ്വദേശി അനീഷ് ജോണിന്റെ ഭാര്യ ശുഭ, മകൾ ലീയ (8), അനീഷിന്റെ അമ്മ എസ്തർ എന്നിവരെ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്നു പുറത്തെത്തിച്ചത്. 

ഇലന്തൂർ ഇരട്ട നരബലി കേസിന്റെ പശ്ചാത്തലത്തിൽ ആഭിചാര കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ ശോഭനയെയും സുഹൃത്ത് ഉണ്ണിക്കൃഷ്ണനും കഴിഞ്ഞ ഒക്ടോബറിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ച ഇവർ, മറ്റൊരു കേസിൽ ജയിലിലുണ്ടായിരുന്ന അനീഷ് ജോണിനെ പുറത്തിറങ്ങാൻ സഹായിച്ചിരുന്നതായി പൊലീസ് പറയുന്നു.

സ്വന്തമായി വീടില്ലാത്ത അനീഷും കുടുംബവും ഒരുമാസം മുൻപ് മലയാലപ്പുഴയിലെ വാസന്തിയമ്മ മഠത്തിലെത്തി. ജയിലിൽനിന്ന് ഇറക്കാനായി നൽകിയ പണം തിരികെനൽകണമെന്നു ശോഭന ഈയിടെ അനീഷിനോട് ആവശ്യപ്പെട്ടു. പണം കൊടുത്തില്ലെങ്കിൽ ശുഭയെയും ലീയയെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും മന്ത്രവാദത്തിൽ വിശ്വാസമില്ലാത്ത കുടുംബത്തെ ആഭിചാര ക്രിയകൾക്കായി നിർബന്ധിച്ചെന്നും മാനസികവും ശാരീരികവുമായി ഉപദ്രവിച്ചെന്നും ആക്ഷേപമുണ്ട്. അനീഷ് ഒരാഴ്ച മുൻപു വീട്ടിൽനിന്നു കടന്നുകളഞ്ഞു. ചൊവ്വാഴ്ച രാത്രി ശുഭ, എസ്തർ, ലീയ എന്നിവരെ ശോഭന വീട്ടിൽ പൂട്ടിയിട്ടു. അടുത്തദിവസം രാത്രി പൂജകൾക്കായി വീട്ടിൽ ആളുകൾ വരുമ്പോൾ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. 

ഇന്നലെ ഉച്ചയോടെ ശോഭന വീട്ടിലില്ലാത്ത നേരത്ത് ഇവർ ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാരിൽ ചിലർ തൊട്ടടുത്ത് കുടുംബശ്രീ യോഗസ്ഥലത്തു വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മഹിളാ അസോസിയേഷൻ അംഗങ്ങളായ സിഡിഎസ് പ്രവർത്തകർ ഡിവൈഎഫ്ഐ പ്രവർത്തകരെയും കൂട്ടി കതക് തകർത്ത് മൂവരെയും മോചിപ്പിക്കുകയായിരുന്നു. പൊലീസെത്തി ഇവരെ മലയാലപ്പുഴ സ്റ്റേഷനിലേക്കു മാറ്റി. ശോഭനയെയും കൂട്ടാളി ഉണ്ണിക്കൃഷ്ണനെയും കണ്ടെത്താനായിട്ടില്ല. അനീഷിനെക്കുറിച്ചും വിവരമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com