രക്ഷിതാക്കളും അധ്യാപകരും കൈകോർത്തു; ഇളങ്ങമംഗലം സ്കൂളിന് പുതിയ മുഖം
Mail This Article
ഏനാത്ത്∙ സ്കൂളിന്റെ മുഖം മിനുക്കി, പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ ഒരുങ്ങി രക്ഷിതാക്കളും അധ്യാപകരും. ഇളങ്ങമംഗലം ഗവ. എൽപി സ്കൂളിനാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും കരവിരുതിൽ പുതിയ ചന്തം കൈവന്നത്. ചുമരുകളിൽ നിറങ്ങൾ പൂശിയും കുരുന്നു മനസ്സിൽ സന്തോഷം നിറയ്ക്കുന്ന ചിത്രങ്ങൾ വരച്ചുമാണ് സ്കൂളിന് ദൃശ്യഭംഗിയേകിയത്. രക്ഷിതാക്കളിൽ ചിത്രരചനയിൽ കഴിവുള്ളവരാണ് ചുമരുകളിൽ കളിവണ്ടികളുടെയും കുട്ടിക്കഥകളിലെ കഥാപാത്രങ്ങളുടെയും ചിത്രം ഒരുക്കിയത്.
പ്രീ പ്രൈമറി ക്ലാസിന്റെ തറയോട് പാകി പഠന സൗകര്യം മെച്ചപ്പെട്ട നിലയിലാക്കിയതും ശ്രമദാനമായാണ്. മുൻപ് 32 കുട്ടികളുണ്ടായിരുന്ന സ്കൂളിൽ പിടിഎയും അധ്യാപകരും കൈകോർത്തപ്പോൾ കുട്ടികളുടെ എണ്ണം 100ൽ എത്തി. ഇംഗ്ലിഷ് വിദ്യാഭ്യാസത്തിനും ഊന്നൽ നൽകി പ്രീ പ്രൈമറിയും മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. അധ്യയന വർഷാരംഭത്തിൽ നവാഗതരെ സ്വാഗതം ചെയ്യാൻ സ്കൂളിന്റെ അറ്റകുറ്റപ്പണികൾക്കുൾപ്പെടെ സർക്കാർ ഫണ്ട് തികയില്ല എന്നതിനാലാണ് നടപടി. ഗ്രാമീണ മേഖലയിലെ സ്കൂളിൽ കുട്ടികളുടെ അധ്യയനം സുഗമമാക്കാൻ സ്കൂൾ ബസുണ്ട്. ശാസ്ത്ര, കലോത്സവങ്ങളിലും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും ഇവിടത്തെ കുട്ടികൾ ഏറെ മുന്നിലാണ്.