ഒറിജിനലിനെ വെല്ലുന്ന വിസ്മയം; നല്ല ഒറിജിനൽ ഡ്യൂപ്ലിക്കറ്റ്
Mail This Article
അഭിലാഷിന്റെ കരവിരുതിൽ പുറത്തിറങ്ങുന്ന വാഹനങ്ങളുടെ ചെറുരൂപങ്ങൾക്കു ഭംഗി അൽപം കൂടുതലാണ്. വാഹന നിർമാണ കമ്പനി തന്നെ ഇറക്കിയ ചെറുരൂപമാണോ ഇവയെന്നും സംശയം തോന്നിപ്പോകാം. ഒറിജിനലിനെ വെല്ലുന്ന വിസ്മയമാണ് എല്ലാം. മണ്ണുമാന്തി യന്ത്രങ്ങൾ, ജീപ്പ്, ടൂറിസ്റ്റ് ബസ്, ലോറി തുടങ്ങി ഇരുനൂറിലേറെ വാഹനങ്ങളുടെ ചെറുരൂപങ്ങൾ അഭിലാഷിന്റെ വീട്ടിലെ പണിശാലയിൽ പുറത്തിറങ്ങി. പണി തീർന്നാൽ അധികം ദിവസം ഇവ വീട്ടിലിരിക്കില്ല. ആവശ്യക്കാർ തേടിയെത്തി കൊണ്ടുപോകും.
കുമ്പളാംപൊയ്ക-ഉതിമൂട് റോഡിൽ എസ്എൻഡിപി ഗുരുമന്ദിരത്തിനു സമീപം കണ്ടത്തുങ്കൽ തടത്തിൽ ടി.ഡി.തങ്കപ്പൻ-ഗീത ദമ്പതികളുടെ മകനാണു ടി.കെ.അഭിലാഷ് (27). ചെറുപ്രായത്തിൽ തന്നെ വാഹനങ്ങളോടു കമ്പം തോന്നി. ഏതു വണ്ടി കണ്ടാലും അതിനു ചുറ്റും നടന്ന് അതിന്റെ രൂപം മനസ്സിൽ കുറിച്ചിടും. പിന്നീട് ആ രൂപം പേപ്പറിൽ പകർത്തിയെടുക്കും. അതുപോലെ ഉണ്ടാക്കാൻ ശ്രമിച്ചു. സ്കൂളിൽ പഠിക്കുന്ന കാലത്തു പ്രവൃത്തി പരിചയ മേളകളിൽ അവതരിപ്പിക്കാൻ തടിയിൽ വിവിധ രൂപങ്ങൾ കൊത്തിയെടുത്തിട്ടുണ്ട്. പങ്കെടുത്ത എല്ലാ മത്സരങ്ങളിലും സമ്മാനങ്ങൾ നേടി. അതു പ്രോത്സാഹനമായി.
പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് ആദ്യം ജീപ്പിന്റെ ചെറുരൂപം ഉണ്ടാക്കി. അത് എല്ലാവർക്കും ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങളുടെ പ്രവാഹമായി. എന്നിട്ടും അഭിലാഷിനു തൃപ്തി പോരായിരുന്നു. യഥാർഥ ജീപ്പ് ഒന്നു കൂടി കണ്ടു. പോരായ്മകൾ കണ്ടെത്തി അവ പരിഹരിച്ചു കുറ്റമറ്റ രീതിയിൽ പുതിയത് ഇറക്കി. പിന്നെ ലോറിയിലേക്കായി ശ്രദ്ധ. അക്കാലത്ത് ഉതിമൂട്, കുമ്പളാംപൊയ്ക മേഖലകളിൽ റബർ തടി കയറ്റാനായി ധാരാളം ലോറികൾ എത്തിയിരുന്നു. അവയുടെ രൂപം മനസ്സിൽ കുറിച്ചു. പിന്നെ പേപ്പറിൽ പകർത്തി. പിന്നെ സ്കെയിൽ അളവിൽ ഓരോ ഭാഗവും എവിടെ വരണമെന്നു കൃത്യമായി കണക്കുകൂട്ടി അടയാളപ്പെടുത്തി. അങ്ങനെ നിർമിച്ച ലോറികൾ ഒന്നിനൊന്നു മെച്ചമായിരുന്നു.
ഇതറിഞ്ഞു പല ലോറി ഉടമകളും ഡ്രൈവർമാരും അഭിലാഷിനെ തേടിയെത്തി. അവർക്കെല്ലാം തങ്ങളുടെ ലോറിയുടെ ചെറുരൂപം വീട്ടിൽ സൂക്ഷിക്കാൻ വേണമെന്നായിരുന്നു ആവശ്യം. എല്ലാവർക്കും ലോറി നിർമിച്ചു നൽകി. പിന്നെ ടൂറിസ്റ്റ് ബസ്, മണ്ണുമാന്തി യന്ത്രം എന്നിവ ഉണ്ടാക്കി. ഏറ്റവും ബുദ്ധിമുട്ട് മണ്ണുമാന്തി ഉണ്ടാക്കുന്നതാണെന്ന് അഭിലാഷ് പറഞ്ഞു. അതിന്റെ ടയർ വരെ തടിയിലാണു കൊത്തിയെടുത്തത്. ഹിറ്റാച്ചിയുടെ ചങ്ങലയുള്ള ചാട് നിർമിക്കാൻ കൂടുതൽ ദിവസമെടുത്തു. ഇതു കണ്ടാൽ ഉരുക്കിൽ നിർമിച്ച യഥാർഥ ചക്രമാണെന്നേ തോന്നു.
സ്വിച്ച് ഇട്ടാൽ മണ്ണുമാന്തിയുടെ ബക്കറ്റ് ഉയരുകയും താഴുകയും ചെയ്യും. മണൽ കോരും. അതുപോലെ താഴെയിടും. അത്രയ്ക്കു കൃത്യതയോടെയാണു നിർമാണം.വീടിന്റെ മുൻവാതിലുകൾ മനോഹരമായി കൊത്തുപണി ചെയ്തു കൊടുക്കുന്നതാണു പ്രധാന ജോലി. പണി കഴിഞ്ഞു വീട്ടിലെത്തുമ്പോൾ ലഭിക്കുന്ന ഇടവേളയിലാണ് ഇപ്പോൾ വാഹനങ്ങളുടെ ചെറുമാതൃക ഉണ്ടാക്കുന്നത്. മൾട്ടിവുഡാണ് ഇതിനായി ഉപയോഗിക്കുന്നത്.