നവീകരിച്ച പാത പൈപ്പ് മാറ്റാൻ വെട്ടിപ്പൊളിച്ച് ജല അതോറിറ്റി
Mail This Article
ഇട്ടിയപ്പാറ ∙ ടൗണിൽ ഉന്നത നിലവാരത്തിൽ ടാറിങ് നടത്തിയ സംസ്ഥാന പാത പൈപ്പിന്റെ തകരാർ പരിഹരിക്കാനായി വെട്ടിപ്പൊളിച്ചു. 15 ദിവസം പിന്നിട്ടിട്ടും പ്രശ്നം പരിഹരിക്കാത്തതു കാൽനട യാത്രക്കാർക്കു വിനയായി. മഴക്കാലത്തും വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കിട്ടാത്ത സ്ഥിതിയാണ്.
പുനലൂർ–മൂവാറ്റുപുഴ പാതയിൽ മൂഴിക്കൽ ജംക്‌ഷനിലാണ് റാന്നി മേജർ ജല വിതരണ പദ്ധതിയുടെ പൈപ്പിനു തകരാർ നേരിട്ടത്. കുഴപ്പം പരിഹരിക്കാനായി മണ്ണുമാന്തി ഉപയോഗിച്ചു റോഡിൽ കുഴിയെടുത്തു. മഴയിൽ കുഴിയിൽ വെള്ളം നിറയും. ദിവസവും മോട്ടർ ഉപയോഗിച്ചു പമ്പ് ചെയ്തു കളയും. അതു മാത്രമാണ് 15 ദിവസമായി നടക്കുന്നത്. പൊട്ടിയ പൈപ്പ് മാറ്റിയിട്ട് തിങ്കളാഴ്ച തകരാർ പരിഹരിക്കുമെന്നാണ് സമീപത്തെ വ്യാപാരികൾക്കു നൽകിയിരുന്ന ഉറപ്പ്. അതും നടന്നില്ല. കുഴിച്ചിട്ടിരുന്ന പൈപ്പിനു യോജിച്ചതായിരുന്നില്ല മാറ്റിയിടാൻ കൊണ്ടുവന്ന പൈപ്പ്. ഇതുമൂലം പണിക്കാർ തിരികെ പോകുകയായിരുന്നു.
പുനലൂർ–മൂവാറ്റുപുഴ പാതയിലെ നടപ്പാതയോടു ചേർന്നാണ് അടുത്തിടെ ചെയ്ത ബിഎം ആൻഡ് ബിസി ടാറിങ് വെട്ടിപ്പൊളിച്ച് പൈപ്പ് നന്നാക്കാൻ കുഴിയെടുത്തത്. കാൽനടക്കാർ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്ന സ്ഥിതിയാണ്. അതിലേറെ ഉപരി റോഡ് ചെളിക്കുഴിയായിരിക്കുന്നു. കുഴിയിൽ നിന്നെടുത്ത മണ്ണ് റോഡിൽ ടാറിങ്ങിലേക്കാണിട്ടിരിക്കുന്നത്. മഴവെള്ളം കെട്ടിനിന്ന് ചെളി നിറയുകയാണ്. ഇരുചക്ര വാഹന യാത്രക്കാർ തെന്നി വീഴാനുള്ള സാധ്യത കൂടുതലാണ്.
പൈപ്പ് പൊട്ടിയതു മൂലം ഇട്ടിയപ്പാറ ടൗണിലെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളിൽ രണ്ടാഴ്ചയായി വെള്ളം ലഭിക്കുന്നില്ല. ജല അതോറിറ്റി ഓഫിസിൽ തുടരെ പരാതിപ്പെടുന്നതല്ലാതെ പരിഹാരമില്ലെന്ന് വ്യാപാരികൾ പറയുന്നു.