ആവശ്യത്തിന് ജീവനക്കാരില്ല, ജനത്തെ വലച്ച് അടൂർ ജനറൽ ആശുപത്രി
Mail This Article
അടൂർ∙ ജീവനക്കാർ കുറവായതിനാൽ ഇന്നലെ രാവിലെ അടൂർ ജനറൽ ആശുപത്രിയിൽ ഒപി ടിക്കറ്റ് കൗണ്ടറിൽ നീണ്ട ക്യൂ അനുഭവപ്പെട്ടു. 4 ഒപി ടിക്കറ്റ് കൗണ്ടർ ഉണ്ടെങ്കിലും ഒരു കൗണ്ടർ മാത്രമാണ് രാവിലെ 10.30 വരെ പ്രവർത്തിച്ചത്. അതുവരെ ബാക്കി 3 കൗണ്ടറിലും ജീവനക്കാരില്ലായിരുന്നു. ഇതു കാരണം ഒപി ടിക്കറ്റിനു വേണ്ടി രോഗികൾക്ക് ഏറെ സമയം കാത്തു നിൽക്കേണ്ടി വന്നു. രോഗികളുടെ തിരക്കേറിയതിനാൽ ഒപി കൗണ്ടറിനു സമീപത്തുള്ള റോഡിന്റെ അടുത്തു വരെ ക്യൂ നീണ്ടു. പിന്നീട് ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപെട്ടതോടെ 3 ജീവനക്കാരെ ഒപി കൗണ്ടറിലേക്ക് വിട്ടതോടെയാണ് തിരക്കു കുറഞ്ഞത്. പകർച്ചപ്പനിയും ഡെങ്കിപ്പനിയും വ്യാപകമായിട്ടു പോലും ജീവനക്കാരെ കൂടുതൽ നിയമിക്കുന്ന കാര്യത്തിൽ വേണ്ട നടപടി ഉണ്ടാകുന്നില്ലെന്നാണ് പരാതി.
രാവിലെയും രാത്രിയിലും ഞായറാഴ്ച ദിവസങ്ങളിലുമാണ് ജീവനക്കാരുടെ കുറവ് ഏറെ അനുഭവപ്പെടുന്നത്. ഞായറാഴ്ച ഒപിയില്ലാത്തതിനാൽ അത്യാഹിതവിഭാഗത്തിൽ രോഗികളുടെ തിരക്ക് കൂടുതലാണ്. വൈകിട്ടു ശേഷമാണ് തിരക്കു കൂടുതലായി അനുഭവപ്പെട്ടുന്നത്. കാരണം ഈ സമയം ഈ ഒരു ഡോക്ടർ മാത്രമാണ് മിക്കപ്പോഴും ഉണ്ടാകാറ്.
അപകടത്തിൽപെട്ട് ആരെങ്കിലും വന്നാൽ ഒപിയിൽ ഉള്ള ഡോക്ടർ അവരെ നോക്കാൻ പോകും അപ്പോഴേക്കും അത്യാഹിത വിഭാഗത്തിൽ തിരക്കു കൂടും. വൈകിട്ടു ശേഷം കൂടുതൽ ഡോക്ടർമാരെ നിയമിക്കുന്ന കാര്യത്തിലും അധികൃതർ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതാണ് ഇങ്ങനെ സംഭവിക്കുന്നത്. പനി വ്യാപകമായതോടെ ഇവിടെ എപ്പോഴും രോഗികളുടെ തിരക്കാണ്.
ദിവസവും നൂറോളം പേരാണ് പനി ബാധിച്ചു വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്നത്. അപ്പോൾ വേണ്ടത്ര ഡോക്ടർമാരില്ലാത്തതിനാൽ വരുന്ന രോഗികൾക്ക് മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട സ്ഥിതിയാണ്. ഇതു പരിഹരിക്കുന്നതിന് എച്ച്എംസി അധികൃതരും നഗരസഭാ അധികൃതരും വേണ്ട ഇടപെടലുകൾ നടത്തി കൂടുതൽ ജീവനക്കാരെ ഒപി കൗണ്ടറിലും അത്യാഹിത വിഭാഗത്തിൽ നിയോഗിക്കണമെന്നാണ് ആവശ്യം.