ഇനി ഇവിടെ കൂപ്പ് ഇല്ല ; കൂപ്പ് മോഹനൻ മാത്രം
Mail This Article
കോന്നി ∙ ചിന്നം വിളിച്ചെത്തുന്ന കാട്ടാനകൾ, മരം കോച്ചുന്ന തണുപ്പ്, രക്തം കുടിക്കുന്ന തോട്ടപ്പുഴു. പ്രതികൂല സാഹചര്യത്തിലും നിശ്ചയിച്ചതിലും നേരത്തെ കോപ്പിസ് തേക്കുതോട്ടം വെട്ടി നല്ലൊരു ഭാഗം തടികളും വനം വകുപ്പിന്റെ വിവിധ ഡിപ്പോകളിൽ ഇറക്കി ലേലം തുടങ്ങാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് കൂപ്പ് മോഹനൻ എന്നു വിളിപ്പേരുള്ള പി.കെ.മോഹനൻ.
വനത്തിലെ തേക്കു തോട്ടങ്ങളിൽ നിന്നു തടികൾ മുറിച്ച് വനം വകുപ്പിന്റെ ഡിപ്പോയിൽ ഇറക്കുന്ന ജോലി 50 വർഷമായി മോഹനൻ ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം കൊണ്ടാണു പ്രതീക്ഷിച്ചതിലും നേരത്തെ മുഴുവൻ മരങ്ങളും വെട്ടി ഡിപ്പോയിൽ എത്തിക്കാൻ കഴിഞ്ഞത്. പാലാ സ്വദേശി ബേബി ജോസഫാണ് ഉടുമ്പന്നൂർ തേക്ക് പ്ലാന്റേഷനിൽ തടികൾ ശേഖരിക്കാനുള്ള അവകാശം വനം വകുപ്പിൽ നിന്നു ലേലത്തിൽ പിടിച്ചത്. ബേബിയാണ് തൊടുപുഴ മണക്കാട് പഴംപ്ലാക്കൽ പി.കെ.മോഹനന് ഇവിടത്തെ ചുമതല കൈമാറിയത്. ഇടുക്കി, കോതമംഗലം, തട്ടേക്കാട്, മുണ്ടക്കയം, എരുമേലി, അരയാഞ്ഞലിമൺ, നെന്മാറ തുടങ്ങിയ കൂപ്പുകളിലെ പണികൾ ഏറ്റെടുത്തു നടത്തിയ പരിചയമാണ് അദ്ദേഹത്തിനു തുണയായത്.
ഫെബ്രുവരി 26ന് മരം മുറി തുടങ്ങി. കല്ലാറിന്റെ തീരത്തുള്ള നൂറോളം മരങ്ങൾ മാത്രമാണ് ഇനിയും മുറിക്കാനുള്ളത്. ഉൾവനത്തിൽ കല്ലാറിന്റെ തീരത്താണ് ഇവർ ഷെഡ് കെട്ടി താമസിക്കുന്നത്. 2 വനപാലകർ, ലോഡിങ് തൊഴിലാളികൾ, മണ്ണുമാന്തി യന്ത്രം ഡ്രൈവർ തുടങ്ങി അൻപതിലേറെ പേർ 4 ഷെഡുകളിലാണ് താമസിക്കുന്നത്. എല്ലാ ദിവസവും സന്ധ്യയാകുമ്പോഴേക്കും കാട്ടാന ഇറങ്ങും. 2 ആനകൾ ഷെഡിന്റെ അടുത്ത് വരെ വന്നു. പാട്ട കൊട്ടി ശബ്ദം ഉണ്ടാക്കിയാണ് അവയെ ഓടിച്ചതെന്ന് മോഹനൻ ഓർക്കുന്നു. കാട്ടാനയുടെ ശല്യം കാരണം സന്ധ്യയായാൽ പിന്നെ ആരും ഷെഡിനു പുറത്തിറങ്ങാറില്ല.