കേരളത്തിലെ ഏക 'കോപ്പിസ് ' തേക്ക് തോട്ടം ഓർമയിലേക്ക്; എന്താണ് കോപ്പിസ് വനത്തിന്റെ പ്രത്യേകത?
Mail This Article
പത്തനംതിട്ട ∙ സംസ്ഥാനത്തെ ഏക 'കോപ്പിസ് ' തേക്ക് തോട്ടം ഓർമയാകുന്നു. കോന്നി വനം ഡിവിഷനിലെ കുമരംപേരൂർ തെക്ക്, ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷൻ അതിർത്തിയിലെ ഉടുമ്പന്നൂർ തേക്ക് പ്ലാന്റേഷനാണ് സംസ്ഥാനത്തെ ഏക 'കോപ്പിസ് ' തേക്ക് തോട്ടം. കുറ്റിയിൽ നിന്നോ വേരിൽ നിന്നോ മുള പൊട്ടി സ്വാഭാവികമായി ഉണ്ടാകുന്ന തോട്ടങ്ങളാണിവ. തേക്ക് മരങ്ങൾ പൂർണ വളർച്ച എത്തിയതിനാൽ വെട്ടി, തടി വനം ഡിപ്പോകളിൽ എത്തിച്ചു വിൽപന നടത്തും. രാജഭരണകാലത്ത് ഇവിടെ തേക്കു തൈകൾ നട്ടിരുന്നതു 1957 ൽ മുറിച്ചു മാറ്റിയിരുന്നു. വീണ്ടും തൈകൾ നടാൻ പദ്ധതിയിട്ടെങ്കിലും നടന്നില്ല. പഴയ മരങ്ങളുടെ കുറ്റി, വേര് എന്നിവയിൽ നിന്നു പൊട്ടിക്കിളിർത്തു വീണ്ടും അവിടെ വലിയ തേക്ക് തോട്ടമായി മാറി.
ചെങ്ങറ മുതൽ അടവി കുട്ടവഞ്ചി കടവിനു പടിഞ്ഞാറ് വരെ 40 ഹെക്ടർ സ്ഥലത്താണ് ഉടുമ്പന്നൂർ തേക്ക് തോട്ടം വ്യാപിച്ചു കിടക്കുന്നത്. ഇതിൽ നിന്ന് 5818 തേക്കുമരങ്ങൾ മുറിക്കാനായി വനം വകുപ്പ് അടയാളപ്പെടുത്തി. അതിൽ കല്ലാറിന്റെ തീരത്തിനോടു ചേർന്നുള്ള 100 മരം ഒഴികെ എല്ലാം വെട്ടി കഴിഞ്ഞു. വെട്ടിയ മരങ്ങളിൽ നിന്നു. 85,000 ഘന അടി തടി ഉണ്ടെന്നാണ് വനം വകുപ്പിന്റെ ഏകദേശ കണക്ക്. തടി വിൽപനയിലൂടെ 35 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുറിച്ച തേക്കുകൾക്കു അൽപം പോലും വെള്ളയില്ല. മുഴുവൻ കാതലാണ്.
മുറിച്ചു തുടങ്ങിയപ്പോൾ തടിയുടെ കടുപ്പം കാരണം വാളുകൾ പൊട്ടുന്നതു പതിവായിരുന്നു. മരങ്ങൾ മുറിക്കുന്നതിനും കയറ്റി ഇറക്കുന്നതിനുമായി 200 തൊഴിലാളികൾ ഉണ്ടായിരുന്നു. വനംവകുപ്പിന്റെ അരീക്കകാവ്, അരുവാപ്പുലം, കടയ്ക്കാമൺ, പത്തനാപുരം, കുളത്തൂപ്പുഴ, വീയപുരം ഡിപ്പോകളിലാണു തടി ഇറക്കുന്നത്. ഇവിടെ നിന്നു ലേലം ചെയ്തു വിൽപന നടത്തും.
കോപ്പിസ് വനത്തിന്റെ പ്രത്യേകത
നട്ടു പിടിപ്പിക്കാതെ വെട്ടിയ മരത്തിന്റെ കുറ്റി, വേര് എന്നിവയിൽ നിന്നു വീണ്ടും പൊട്ടിക്കിളിർത്തു വനമായി മാറുന്നതാണ് കോപ്പിസ്. പരിപാലന ചെലവില്ലാത്തതിനാൽ വനം വകുപ്പിനു നല്ല ലാഭമാണ്.തൈകൾ നട്ടുപിടിപ്പിക്കുക, സംരക്ഷണ വേലി കെട്ടുക, ഇടവെട്ട് നടത്തുക തുടങ്ങിയ ഇനത്തിൽ വലിയ തുക ചെലവഴിച്ചാണ് സാധാരണ തേക്കുതോട്ടം വളർത്തി എടുക്കുന്നതെങ്കിൽ ഇവിടെ കാര്യമായ ചെലവില്ലാതെയാണു മരങ്ങൾ വളരുന്നത്.
യൂക്കാലി, തേക്ക് എന്നിവ കോപ്പിസ് രീതിയിൽ വളർത്താറുണ്ടെങ്കിലും തടിയുടെ ഉൽപാദനം സാധാരണ കൃഷി രീതിയിൽ വളർത്തുന്ന മരങ്ങളേക്കാൾ 50 ശതമാനം കുറവായതിനാൽ ഈ രീതി വനം വകുപ്പ് ഇപ്പോൾ പിന്തുടരുന്നില്ല. പകരം തൈ നട്ടു പരിപാലിക്കുന്ന രീതിയാണ് അവലംബിക്കുന്നത്.