ADVERTISEMENT

കോഴഞ്ചേരി ∙ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഹാപ്പിനസ് പാർക്കുകൾ സ്ഥാപിക്കുകയെന്ന ലക്ഷ്യവുമായി സർക്കാർ. ഇതിനായി 50 സെന്റ് ഭൂമിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തണം. നിലവിലുള്ള പാർക്കുകളിൽ അധികസംവിധാനം ഏർപ്പെടുത്തിയും ഹാപ്പിനസ് പാർക്ക് ഒരുക്കാം.

മാലിന്യം തള്ളിയിരുന്ന പ്രദേശങ്ങൾ, ശ്മശാനത്തിനു സമീപമുളള ഭൂമി എന്നിവയ്ക്ക് മുൻഗണന നൽകണമെന്നും നിർദേശവുമുണ്ട്. പാർക്ക് സ്ഥാപിക്കുന്നതിലൂടെ പ്രദേശത്തിന്റെ രൂപം തന്നെ മാറുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. മാസത്തിൽ ഒരു ദിനം ഹാപ്പിനസ് ഡേ നടത്തണം. തനത് കലാകാരൻമാർക്ക് അവസരം നൽകുന്ന പരിപാടികൾക്കും ഭക്ഷ്യമേളയ്ക്കും അരങ്ങൊരുക്കാം. 

സൗകര്യങ്ങളൊരുക്കുന്നതിനും ഭൂമി വാങ്ങുന്നതിനും വികസന ഫണ്ട്, തനതുഫണ്ട് എന്നിവ ഉപയോഗിക്കാമെന്നാണ് തദ്ദേശവകുപ്പിന്റെ നിർദേശം. മാലിന്യസംസ്കരണ മേഖലയ്ക്ക് മാറ്റിവയ്ക്കേണ്ട വിഹിതവും വിനിയോഗിക്കാം. നഗരങ്ങളിൽ അമൃത് പദ്ധതിയും പ്രയോജനപ്പെടുത്താം. സ്പോൺസർഷിപ്, കോർപറേറ്റ് സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട് എന്നിവയിലൂടെയും പണം കണ്ടെത്താം. ഹാപ്പിനസ് പാർക്ക് സ്ഥാപിക്കുന്നതിനുള്ള കരട് തയാറാക്കുന്നതിനു ചീഫ് ടൗൺ പ്ലാനറെ ചുമതലപ്പെടുത്തി. 

പാർക്കിൽ വേണ്ടത്

ഇരിപ്പിടങ്ങൾ, മറ്റു വിനോദോപാധികൾ, സെൽഫി കോർണർ, പാനീയങ്ങളും ലഘുഭക്ഷണവും (ടേസ്റ്റ് ദി വില്ലേജ് കോർണർ), മൊബൈൽ റീചാർജിങ് സംവിധാനം, വൈഫൈ, ശുദ്ധജലം, ശുചിമുറി, മാലിന്യ നിർമാർജന സംവിധാനം, സേവ് ദി ഡേറ്റ്, പിറന്നാൾ ആഘോഷം എന്നിവയ്ക്ക് വിനിയോഗിക്കാൻ കഴിയുംവിധം ഭംഗി.

സ്ഥലം കൂടുതലെങ്കിൽ

നൃത്ത സംഗീത ഫ്ലോർ, വർക്ക് ഫ്രം പാർക്ക് സൗകര്യം, ഡിജിറ്റൽ ബോർഡ് ത്രീഡി തിയറ്റർ സിസ്റ്റം, മൈലാഞ്ചി കോർണർ, സൈക്കിൾ ‍ട്രാക്ക്, നീന്തൽക്കുളം, ഓപ്പൺ‌ ജിം, കിഡ്സ് ലൈബ്രറി, ഫിലിം ക്ലബ്, പെറ്റ് സ്റ്റേഷൻ. പ്രദേശത്തെ പ്രശസ്തരായ സാഹിത്യകാരൻമാരുടെ സൃഷ്ടികളുമായി ബന്ധപ്പെട്ട സാംസ്കാരികയിടം,  ചെസ്, കാരംസ്, ടേബിൾ ടെന്നിസ് എന്നിവയ്ക്കുള്ള സൗകര്യം ഉറപ്പാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com