ADVERTISEMENT

പുറമറ്റം ∙ പഞ്ചായത്തിലെ ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ ശോച്യാവസ്ഥയിലായിരുന്ന കെട്ടിടത്തിനു പകരം പുതിയതിന്റെ നിർമാണം പൂർത്തിയായില്ല. അവസാനഘട്ട പ്രവൃത്തികൾ മാത്രം ശേഷിക്കെ 4 മാസത്തിലേറെയായി പണികളൊന്നും നടക്കുന്നില്ല.വയറിങ്, പ്ലമിങ് പ്രവൃത്തികളും കതക്, ജനൽപാളി എന്നിവ സ്ഥാപിക്കുന്ന പണികളുമാണ് അവശേഷിക്കുന്നത്. നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിക്കാതെ ഇതിനോടു ചേർന്നുള്ള സ്ഥലത്താണ് പുതിയതിന്റെ നിർമാണം നടത്തിയിരിക്കുന്നത്.

ഇക്കാരണത്താൽ നേരത്തെ അനുവദിച്ചിരുന്ന തുകയെക്കാളും നിർമാണത്തിനായി വിനിയോഗിക്കേണ്ടി വന്നതാണ് കെട്ടിടം പൂർത്തീകരിക്കാൻ കഴിയാതെ വന്നതെന്നാണ് പറയുന്നത്. അവശേഷിക്കുന്ന പണികൾക്കായി തുക അനുവദിച്ചാൽ മാത്രമേ കെട്ടിടം പ്രവർത്തന സജ്ജമാകുകയുള്ളൂ.

∙ നിർമാണം തുടങ്ങിയിട്ട് 2 വർഷം പിന്നിട്ടു

ayurveda-dispensary-issue-pathanamthitta
പുറമറ്റം പഞ്ചായത്തിലെ ഗവ. ആയുർവേദ ഡിസ്പെൻസറിക്കായി നിർമിക്കുന്ന പുതിയ കെട്ടിടം.

ഒരുനില മാത്രമുള്ള കെട്ടിടത്തിന്റെ പണികൾ 2021 ഫെബ്രുവരിയിലാണ് തുടങ്ങിയത്. ഇതിനായി എംഎൽഎയുടെ പ്രാദേശിക ആസ്തി വികസനഫണ്ടിൽനിന്നു 35 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. "കാഷ്" നിലവാരത്തിലുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിരുന്നത്. പരിശോധനാമുറി, ചികിത്സാമുറി, ഫാർമസി, സ്റ്റോർ റൂം, അടുക്കള, 3 ശുചിമുറികൾ ഉൾപ്പെടെ 150 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള കെട്ടിടം പൂർത്തിയാക്കുന്നതിനായിരുന്നു പദ്ധതി.

∙ നിലവിലെ കെട്ടിടം കൂടുതൽ ജീർണാവസ്ഥയിൽ

1980ൽ നിർമിച്ചതാണ് ഡിസ്പെൻസറി ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടം. ഓടുമേഞ്ഞ കെട്ടിടം ഏതുനിമിഷവും നിലംപതിക്കാവുന്ന സ്ഥിതിയിലാണ്. മേൽക്കൂരയിലും കെട്ടിടത്തിന്റെ ഭിത്തികൾക്കും കേടുപാടുകളുണ്ട്. കഴുക്കോലുകളും പട്ടികയും ജീർണാവസ്ഥയിലെത്തിയതിനാൽ ഓടുകളും താഴെ വീഴാവുന്ന അവസ്ഥയിലാണ്.

ചിലയിടങ്ങളിൽ നാശം സംഭവിച്ചിട്ടുമുണ്ട്. മേൽക്കൂരയിൽ വലിച്ചു കെട്ടിയിരിക്കുന്ന പ്ലാസ്റ്റിക് പടുതയാണ് മഴയിൽനിന്ന് രക്ഷപ്പെടുന്നത്. പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരണം വൈകുന്നതുമൂലം 4 പതിറ്റാണ്ടിലേറെ പഴക്കമുള്ള ആതുരാലയത്തിന്റെ ശോച്യാവസ്ഥയും അതേപടി തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com