ADVERTISEMENT

റാന്നി ∙ പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നു. ഇട്ടിയപ്പാറ വലിയതോടിനോടു ചേർന്ന താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ വലിയകാവ് റോഡിൽ വെള്ളം കയറി തുടരെ ഗതാഗതം തടസ്സപ്പെടുന്നു. ബുധനാഴ്ച വൈകിട്ട് പമ്പാനദിയിലെ ജലനിരപ്പ് താഴ്ന്നിരുന്നു. വെള്ളപ്പൊക്ക ഭീഷണിയും ഒഴിഞ്ഞതായിരുന്നു. എന്നാൽ ഇന്നലെ പുലർച്ചെ ജലവിതാനം വീണ്ടും ഉയർന്നു. 8 അടിയിലധികം ജലനിരപ്പ് കൂടിയിരുന്നു. ഉപാസനക്കടവ് വഴി വെള്ളം പേട്ട ജംക്‌ഷന് സമീപം വരെ എത്തിയിരുന്നു. രാവിലെ വെള്ളമിറങ്ങി തുടങ്ങി. 

ഇട്ടിയപ്പാറ വലിയതോടിനോടു ചേർന്ന കൃഷിയിടം  വെള്ളത്തിലായപ്പോൾ.
ഇട്ടിയപ്പാറ വലിയതോടിനോടു ചേർന്ന കൃഷിയിടം വെള്ളത്തിലായപ്പോൾ.

അരയാഞ്ഞിലിമണ്ണ്, മുക്കം കോസ്‌വേകളിലും ഇന്നലെ പുലർച്ചെ വീണ്ടും വെള്ളം കയറിയിരുന്നു. പകൽ ഇറങ്ങിയെങ്കിലും മഴ കനത്താൽ വീണ്ടും മുങ്ങുന്ന സ്ഥിതിയാണ്. രാവിലെ സ്കൂളുകളിലും കോളജുകളിലും ജോലിക്കും പോകുന്നവർക്ക് വൈകിട്ട് വീട്ടിൽ മടങ്ങിയെത്താനാകുമെന്ന് ഉറപ്പില്ലാത്ത സ്ഥിതിയാണ്. ഇതേ ദുരവസ്ഥയാണ്   കുരുമ്പൻമൂഴി, മണക്കയം നിവാസികളും    നേരിടുന്നത്. കുരുമ്പൻമൂഴി അടക്കുളപ്പാറ കടവിലെ കോസ്‌വേയിൽ നിന്ന് വെള്ളമിറങ്ങുന്നില്ല. വനത്തിലൂടെ കുരുമ്പൻമൂഴിക്കുള്ള റോഡിലും പമ്പാനദിയിൽ നിന്ന് വെള്ളം കയറിക്കിടക്കുകയാണ്. 

വലിയകാവ് റോഡിൽ ചെട്ടിമുക്കിനു സമീപം വെള്ളം  കയറിയപ്പോൾ.
വലിയകാവ് റോഡിൽ ചെട്ടിമുക്കിനു സമീപം വെള്ളം കയറിയപ്പോൾ.

ആറ്റിൽ ജലനിരപ്പ് ഉയർന്നതോടെ ഇട്ടിയപ്പാറ വലിയതോടിന്റെ തീരങ്ങളിലെല്ലാം വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം ഇരച്ചു കയറിയത്. തീരങ്ങളിലെ തോട്ടങ്ങളും കൃഷിയിടങ്ങളും വെള്ളത്തിലാണ്. പഴവങ്ങാടി സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടും മുങ്ങിയിരുന്നു. ചെട്ടിമുക്ക്–വലിയകാവ് റോഡിൽ‌ ചെട്ടിമുക്കിനു സമീപവും പുള്ളോലിയിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. എന്നാൽ ചെത്തോങ്കര തോട്ടിൽ ജലനിരപ്പ് കാര്യമായി ഉയർന്നിട്ടില്ല. 

ചെട്ടിമുക്ക്–വലിയകാവ് റോഡിൽ പുള്ളോലി ജംക്‌ഷനിൽ‌ വെള്ളം കയറിയപ്പോൾ.
ചെട്ടിമുക്ക്–വലിയകാവ് റോഡിൽ പുള്ളോലി ജംക്‌ഷനിൽ‌ വെള്ളം കയറിയപ്പോൾ.

രാത്രി പെയ്യുന്ന കനത്ത മഴയാണ് താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കുന്നത്. ഇടതടവില്ലാതെ പെയ്യുന്ന മഴയിൽ പമ്പാനദി, കല്ലാറ്, കക്കാട്ടാറ് എന്നിവിടങ്ങളിൽ ജലവിതാനം ഉയരുകയാണ്. ജന ജീവിതത്തെ മഴ സാരമായി ബാധിച്ചിട്ടുണ്ട്. തൊഴിലാളികൾക്കു പണിയില്ല. ഇതുമൂലം വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം കുറഞ്ഞിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com