ഒരു കിലോ ഏത്തപ്പഴത്തിന് 100 രൂപ വരെ വില; ഓണവാഴകൾക്ക് കരുതലേകാൻ കർഷകർ
Mail This Article
ഏനാത്ത്∙ മഴ ശക്തമാണെങ്കിലും കാറ്റ് വഴിമാറി പോയ ആശ്വാസത്തിലാണ് ഏത്തവാഴ കർഷകർ. മണ്ണടി, താഴത്ത്, പുന്നക്കാട്, വെട്ടുവയൽ, നിലമേൽ, മാഞ്ഞാലി, അന്തിച്ചിറ തുടങ്ങി വിവിധ ഏലാകളിൽ വാഴക്കൃഷിയുണ്ട്. ഒറ്റപ്പെട്ട നിലയിൽ കൃഷിനാശം നേരിട്ടെങ്കിലും ഓണത്തിനു വിളവെടുപ്പു നടത്താൻ പാകമാക്കുന്ന വാഴക്കൃഷിയെ കാറ്റിൽ നിന്നുകരുതാനുള്ള ശ്രമത്തിലാണു കർഷകർ. ഇപ്പോൾ വിളവെടുക്കാൻ നാടനില്ലാത്ത അവസ്ഥയാണ്. ഇക്കുറി കാലാവസ്ഥ പ്രതികൂലമായത് ഉൽപാദനത്തെ ബാധിച്ചു. ഇപ്പോൾ വിളവെടുക്കേണ്ടവ നേരത്തെ കാറ്റിൽ നശിച്ചു. ശേഷിക്കുന്ന കൃഷി ഓണ വിപണിയെ ലക്ഷ്യമിട്ട് പരിപാലിക്കുകയാണു കർഷകർ ഇപ്പോൾ ഗ്രാമ പ്രദേശങ്ങളിലും ഒരു കിലോ ഏത്തപ്പഴത്തിന് 100 രൂപ വരെ വിലയുണ്ട്.
80 മുതൽ 90 രൂപ വരെയാണ് ഒരു കിലോ പച്ച ഏത്തക്കായുടെ വില.നാടന്റെ വിളവെടുപ്പു വിരളമായതോടെ മറുനാടൻ സുലഭമായി എത്തുന്നുണ്ട്. വി എഫ് പി സി കെയുടെ കീഴിലുള്ള സ്വാശ്രയ കർഷക വിപണിയിൽ 85 രൂപ വരെ ലേലം ഉറപ്പിച്ചാണു കർഷകരിൽ നിന്ന് ഏത്തക്കുല ഏറ്റെടുക്കുന്നത്. വാഴ ഒന്നിന് 200 മുതൽ 300 രൂപ വരെ ചെലവിട്ടാണ് വിളവെടുപ്പിന് പാകമാക്കുന്നതെന്നും കൃഷി നാശവും വില ഉയരുന്ന സമയത്ത് ഉൽപാദനം കുറയുന്നതും തിരിച്ചടിയാണന്നും കർഷകർ പറയുന്നു.ഒരു കിലോ ഏത്തക്കായുടെ വില 40 രൂപയിൽ താഴില്ലെന്ന ആശ്വാസമാണു കർഷകരെ കൃഷിക്കു പ്രേരിപ്പിക്കുന്നത്. കീടബാധയും ഉയർന്ന പരിപാലന ചെലവും കാരണം മറ്റ് പച്ചക്കറിക്കൃഷികൾ ഉപേക്ഷിച്ച് മിക്ക കർഷകരും ഏത്തവാഴക്കൃഷിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ കൃഷി നാശവും ചില സമയങ്ങളിലെ വിലയിടിവും കർഷകരെ തളർത്തുന്നു