ഇനിയില്ല ആ സ്നേഹദൂരം; തിരുവല്ലയിൽ ഒത്തുകൂടി വടക്കൻ ജില്ലക്കാരും
Mail This Article
തിരുവല്ല ∙ നഗരത്തിലൂടെ കടന്നുപോകുന്ന എപ്പോഴും തിരക്കേറിയ ഒന്നാം നമ്പർ സംസ്ഥാന പാതയിൽ ഇന്നലെ പതിവില്ലാത്ത ഒരു ശൂന്യത നിലനിന്നിരുന്നു. ഒട്ടേറെ തവണ ഇതുവഴി കടന്നുപോയ ഒരു പച്ചമനുഷ്യൻ ഇന്നലെ പുലർകാലത്ത് നിശബ്ദനായി കടന്നുപോയതിനു ശേഷമുള്ള വിടവായിരുന്നു ആ ശൂന്യത. ഒരു രാവും പുലരാതിരിക്കില്ല എന്നു പറയാമെങ്കിലും ഇങ്ങിനെയൊരാൾ ഇനി ഇതുവഴി വരില്ലായെന്ന തിരിച്ചറിവ് നിരത്തുകൾ പോലും അറിഞ്ഞിരിക്കുന്നു.
വിലാപയാത്രയെ വരവേൽക്കാനുള്ള ഒരുക്കങ്ങളുമായി രാവിലെ മുതൽ കോൺഗ്രസ് പ്രവർത്തകർ നഗരത്തിലെങ്ങും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് എത്തുമെന്നായിരുന്നു ആദ്യം തീരുമാനമെങ്കിലും തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടതു മുതലുള്ള തിരക്കറിഞ്ഞതോടെ രാത്രി 10 മണിയ്ക്കെങ്കിലും എത്തുമെന്നായിരുന്നു പ്രതീക്ഷ. അതുകൊണ്ടുതന്നെ കെഎസ്ആർടിസി കോർണറിലൊത്തു കൂടിയവർ യോഗനടപടികളുമായി തുടക്കമിട്ടു.
നിയോജകമണ്ഡലാതിർത്തിയായ കുറ്റൂർ ആറാട്ടുകടവിൽ പുലർച്ചെ നാലരയോടെയാണ് വിലാപയാത്ര എത്തിയത്. ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ നിന്നും ആലപ്പുഴ ജില്ലയിൽ നിന്നുമുൾപ്പെടെ ഒട്ടേറെ പേർ ഇവിടെ എത്തിയിരുന്നു. തുടർന്ന് കുറ്റൂർ ജംക്‌ഷൻ, തീരുമൂലപുരം എന്നിവിടങ്ങളിലും ആദരാഞ്ജലി അർപ്പിക്കാൻ ഒട്ടേറെ പേർ പുലർകാലത്തും കാത്തുനിന്നിരുന്നു. ദൃശ്യമാധ്യമത്തിലൂടെ വിലാപയാത്ര ജില്ലയിലെത്തിയെന്നറിഞ്ഞതോടെ വീടുകളിലുണ്ടായിരുന്നവർ യാത്രാമാർഗത്തിലേക്ക് കൂട്ടമായി എത്തിതുടങ്ങി. അവരിൽ പ്രായമായവരും സ്ത്രീകളും കൊച്ചുകുട്ടികൾ വരെയുണ്ടായിരുന്നു. പൊതുവേ രാഷ്ട്രീയത്തോട് തീരെ മമത കാണിക്കാത്ത യുവതലമുറക്കാരുടെ സാന്നിധ്യം ശ്രദ്ധേയമായി.
തിരുവല്ല ബൈപാസ് തുടങ്ങുന്ന മഴുവങ്ങാട് മുതൽ റോഡിലിരുവശത്തുമായി നിറഞ്ഞജനക്കൂട്ടമായിരുന്നു. അത് കെഎസ്ആർടിസി കോർണറിലെത്തിയപ്പോൾ ഒരു നദിയൊഴുകി മനുഷ്യകടലിൽ എത്തിച്ചേർന്ന പ്രതീതിയായിരുന്നു.എസ്‌സി ജംക്‌ഷനിൽ മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത സഭയുടെ ആദരമർപ്പിച്ചു. കെഎസ്ആർടിസി കോർണറിൽ എംഎൽഎമാരായ മാത്യു ടി.തോമസ്, പ്രമോദ് നാരായണൻ എന്നിവർ ആദരാഞ്ജലിയർപ്പിച്ചു. അഞ്ചേകാലോടെ നഗരം വിട്ട വിലാപയാത്ര മറ്റൊരു മനുഷ്യനദിയിലേക്കാണെത്തി ചേർന്നത്. ദീപ ജംക്‌ഷൻ മുതൽ ഇടിഞ്ഞില്ലം വരെ റോഡിൽ ഇരുവശവും കാത്തു നിന്നത് ആയിരങ്ങളായിരുന്നു.
തിരുവല്ലയിൽ ഒത്തുകൂടി വടക്കൻ ജില്ലക്കാരും
തിരുവല്ല ∙ സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിലുള്ള ഒട്ടേറെ പേർ തിരുവല്ലയിലെത്തിയാണ് ഉമ്മൻചാണ്ടിയെ അവസാനമായി ഒരുനോക്കു കണത്. ജനസാഗരത്തിൽ കാണാൻ കഴിയാതെ പോയെങ്കിലോ എന്ന ആശങ്കയിലാണ് ഒന്നു കണ്ടേ പറ്റൂ എന്ന നിശ്ചയദാർഡ്യത്തോടെ ഇവിടേക്കെത്തിയത്. ഇടുക്കി, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള ഒട്ടേറെ പേരും തിരുവല്ലയിലെത്തിയിരുന്നു.
നിയന്ത്രണങ്ങളില്ല സ്നേഹക്കരുതൽ മാത്രം
തിരുവല്ല ∙ ഉമ്മൻചാണ്ടി എന്ന നേതാവിന്റെ ജീവിതം പോലെ തന്നെയായിരുന്നു വിലാപയാത്രയും. എവിടെയും ഒരു നിയന്ത്രണവുമില്ലായിരുന്നു. വരുന്ന ആർക്കും ആ ദേഹത്തിനടുത്തെത്താമായിരുന്നു. ജീവിതത്തിൽ അദ്ദേഹം ആഗ്രഹിച്ചത് തന്നെയാണ് മരണത്തിലും ലഭിച്ചത്. ആൾക്കൂട്ടത്തിനു നടുവിൽ അലിഞ്ഞലിഞ്ഞായിരുന്നു അന്ത്യയാത്ര. പുതുപ്പള്ളി പള്ളിയിലെ കല്ലറ വരെ മാത്രം എത്താൻ കഴിയുകയുള്ളു എന്ന ആൾക്കൂട്ട വിലാപം അവിടെ അവസാനിക്കുന്നില്ല. ജീവൻ തരാനും കൂടെ വരാനും തയാറാണെന്ന് ഓരോരുത്തരും ചങ്കുപൊട്ടി വിളിച്ചുപറയുന്നത് ആൾക്കൂട്ടത്തെയും ആ മനുഷ്യനെയും അകറ്റാൻ ദൈവത്തിനു പോലും ഇഷ്ടമില്ലാത്ത കാര്യമായതിനാലാവണം.