പച്ചമണ്ണിൽ കിടന്നുറങ്ങിയിരുന്ന ആദിവാസി ഊരിലെ നവജാത ശിശുവിന് സഹായമെത്തിച്ചു
Mail This Article
സീതത്തോട് ∙ പച്ചമണ്ണിൽ കിടന്നുറങ്ങിയിരുന്ന മഞ്ഞത്തോട് ആദിവാസി ഊരിലെ മഞ്ജുവിന്റെ നവജാത ശിശുവിന് ഇനിമുതൽ തൊട്ടിലിൽ കിടന്നുറങ്ങാം. കുടുംബത്തിന്റെ ദുരിതാവസ്ഥ മനോരമയിലൂടെ അറിഞ്ഞ് തൊട്ടിലുമായി സന്നദ്ധ പ്രവർത്തകൻ റാന്നി ചെറുകുളഞ്ഞി താന്നിക്കൽ ജോസഫ് ഇടിക്കുളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഊരിലെത്തി സഹായം കൈമാറിയത്. മൂന്നാഴ്ച മുൻപാണ് കുടുംബം ളാഹ മഞ്ഞത്തോട്ടിൽ എത്തുന്നത്. നവജാത ശിശുവിനൊപ്പം തീർത്തും ദുരിതപൂർണമായ അവസ്ഥയിലായിരുന്നു മഞ്ജു കഴിഞ്ഞിരുന്നത്. പനി അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളും ഇരുവരെയും ബാധിച്ചിരുന്നു.
ചോർന്നൊലിക്കുന്ന കൂരയ്ക്കുള്ളിൽ തറയിലായിരുന്നു ഇരുവരും കിടന്നിരുന്നത്. മേൽക്കൂരയിൽ ഇടുന്നതിനു ടാർപോളിനും തറയിൽ വിരിക്കുന്നതിനു പ്രത്യേക ഷീറ്റും വസ്ത്രങ്ങളും സംഘം ഇവർക്കു കൈമാറി. തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽനിന്ന് എത്തിയ ആരോഗ്യ പ്രവർത്തകരും ഇരുവരെയും പരിശോധിച്ച് മരുന്നുകൾ നൽകി. പെരുനാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജയൻ തമ്പി, പ്രമോട്ടർ ബിജി, അനിൽകുമാർ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.