ജലജീവൻ മിഷനെ സംസ്ഥാന പദ്ധതിയാക്കി തെറ്റിദ്ധരിപ്പിക്കുന്നു: ആന്റോ ആന്റണി
Mail This Article
പത്തനംതിട്ട ∙ ജലജീവൻ മിഷനെ സംസ്ഥാന പദ്ധതിയാക്കി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതായി ആന്റോ ആന്റണി എംപി. പദ്ധതി നിർവഹണത്തിൽ 45 ശതമാനം തുകയും നൽകുന്നതു കേന്ദ്ര സർക്കാരാണ്. വടശേരിക്കര, കൊറ്റനാട്, നാറാണമൂഴി പഞ്ചായത്തുകളിൽ ഇന്ന് നടത്തുന്ന ഉദ്ഘാടന ചടങ്ങുകൾ തന്നോട് ആലോചിക്കാതെയും തന്റെ സമയം കൂടി നോക്കാതെയുമാണ് നടത്തുന്നത്. ഇങ്ങനെ ചെയ്താലൊന്നും ഇത് കേന്ദ്ര പദ്ധതി അല്ലാതാവുന്നില്ല.
മുൻപ് ചെറുകോൽ പഞ്ചായത്തിൽ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടന ചടങ്ങുകൾ നടത്തിയപ്പോഴും ഇതേ അവസ്ഥയായിരുന്നു. ഇക്കാര്യം വകുപ്പ് മന്ത്രിയെ ധരിപ്പിച്ചപ്പോൾ ഇനി ഇത്തരത്തിലുള്ള നടപടികൾ ഉണ്ടാവില്ലെന്ന് ഉറപ്പു നൽകിയിരുന്നതാണ്. എല്ലാ ഭവനങ്ങളിലും ശുദ്ധജലം എത്തിക്കുകയെന്ന ദൗത്യത്തോടെ യുപിഎ സർക്കാർ തുടങ്ങിവച്ച പദ്ധതിയാണ്.
45% തുക കേന്ദ്ര സർക്കാരും 30% സംസ്ഥാന സർക്കാരും 15 % പഞ്ചായത്തുകളും 10% ഗുണഭോക്താക്കളുമാണു ചിലവഴിക്കുന്നത്. ഇത് മറച്ചു വച്ചു പ്രചാരണത്തിലൂടെ ഇതിനെ സംസ്ഥാന സർക്കാർ പദ്ധതിയായി മാറ്റാൻ ശ്രമിക്കുന്നു. കേന്ദ്ര സർക്കാർ സഹായം മറയ്ക്കാൻ വേണ്ടിയാണ് തന്നോട് ആലോചിക്കാതെ ഉദ്ഘാടന ചടങ്ങുകൾ നടത്തുന്നതെന്നും എംപി പറഞ്ഞു.