പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാത; ഇടറോഡുകളുടെ വികസനം വൈകുന്നു
Mail This Article
റാന്നി ∙ പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാത ഉന്നത നിലവാരത്തിലാക്കിയിട്ടും ഇതിൽ സന്ധിക്കുന്ന ഇടറോഡുകളുടെ വികസനം അകലെ. റാന്നി ടൗണിലെ ഗതാഗത പ്രശ്നങ്ങൾക്കു പൂർണമായി പരിഹാരം കാണാൻ ഇടറോഡുകളും നവീകരിക്കണം.
ചെത്തോങ്കര–ബ്ലോക്കുപടി വരെ നീളുന്നതാണ് റാന്നി ടൗൺ. ടൗണുമായി ബന്ധിപ്പിക്കുന്ന ഒട്ടേറെ ഇടറോഡുകളുണ്ട്. അവയാണ് വികസിപ്പിക്കേണ്ടത്. ചെത്തോങ്കര–മുക്കാലുമൺ, വലിയപറമ്പിൽപടി–ബണ്ടുപാലം, ഇട്ടിയപ്പാറ–ഒഴുവൻപാറ, മാമുക്ക്–തേക്കാട്ടിൽപടി, മാമുക്ക്–ഭഗവതികുന്ന് അമ്പലംപടി, റാന്നി രാമപുരം ക്ഷേത്രംപടി–ബ്ലോക്കുപടി, പെരുമ്പുഴ ബസ് സ്റ്റാൻഡ്–മുണ്ടപ്പുഴ–റാന്നി വൈക്കം എന്നീ റോഡുകളാണ് ഇതിൽ പ്രധാനം.
പുനലൂർ–മൂവാറ്റുപുഴ പാതയിൽ ചെത്തോങ്കര–ഇട്ടിയപ്പാറ സെൻട്രൽ ജംക്‌ഷൻ വരെ ഗതാഗത കുരുക്കു നേരിട്ടാൽ പ്രയോജനപ്പെടുന്നതാണ് മുക്കാലുമൺ–ചെത്തോങ്കര റോഡ്. വാഹനങ്ങൾ ഇതുവഴി ഒഴുവൻപാറയെത്തി ഇട്ടിയപ്പാറയ്ക്കു പോകാനാകും. വലിയപറമ്പിൽപടി–ബണ്ടുപാലം റോഡ് കേരള പുനർ നിർമാണ പദ്ധതിയിൽ ഇപ്പോൾ നവീകരണം നടക്കുകയാണ്. ഇട്ടിയപ്പാറ–ഒഴുവൻപാറ റോഡ് ഇട്ടിയപ്പാറ–വടശേരിക്കര റോഡ് പദ്ധതിയിൽ ബിഎം ബിസി നിലവാരത്തിൽ വികസിപ്പിക്കാനുള്ള നടപടി തുടരുകയാണ്.
മാമുക്ക്–തേക്കാട്ടിൽപടി റോഡിൽ കാര്യമായ വികസനം നടന്നിട്ടില്ല. ചെറിയ മഴ പെയ്താലും റോഡിൽ വെള്ളക്കെട്ടാണ്. വാഹന കാൽനട യാത്ര ദുഷ്കരമാണ്. പരമാവധി വീതിയിൽ ഇതു നവീകരിക്കേണ്ടത് അത്യാവശ്യമാണ്. ഇട്ടിയപ്പാറയിൽ ആദ്യം ബൈപാസായി വികസിപ്പിക്കാൻ ലക്ഷ്യമിട്ട റോഡാണ് മാമുക്ക്–ഭഗവതികുന്ന് അമ്പലംപടി. സമീപവാസികളിൽ ചിലർ കോടതിയെ സമീപിച്ചതു മൂലമാണ് വികസനം അന്യമായത്. ഭഗവതികുന്ന് അമ്പലംപടി മുതൽ കല്ലംപറമ്പിൽപടി വരെ ഏറെക്കുറെ 8 മീറ്റർ വീതിയുണ്ട്. ബാക്കി ഭാഗത്ത് 4 മീറ്റർ പോലും വീതിയില്ല. 2018ലെ പ്രളയ കാലത്ത് കുട്ടവഞ്ചി പോലും കടന്നു പോകാൻ പറ്റാത്ത സ്ഥിതി നേരിട്ടിരുന്നു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
രാമപുരം ക്ഷേത്രംപടി–ബ്ലോക്കുപടി റോഡ് ഉന്നത നിലവാരത്തിൽ വികസിപ്പിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഇതു സാധ്യമായാൽ പെരുമ്പുഴ ബസ് സ്റ്റാൻഡിനും ബ്ലോക്കുപടിക്കും സമാന്തരമായി പുതിയ പാത തുറക്കും.
പെരുമ്പുഴ ബസ് സ്റ്റാൻഡിൽനിന്ന് മുണ്ടപ്പുഴവഴി വൈക്കത്ത് എത്തുന്ന റോഡ് താലൂക്ക് ആശുപത്രി, ടെലിഫോൺ എക്സ്ചേഞ്ച് എന്നിവിടങ്ങളിലേക്കുള്ള യാത്രാ മാർഗമാണ്. റാന്നി ടൗണിന്റെ വികസനത്തിനു പ്രയോജനകരമായ റോഡാണിതും.