പള്ളിയോടങ്ങളെ ആദരിച്ച് നാട്
Mail This Article
റാന്നി∙ ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിൽ വിജയികളായ കിഴക്കൻ പള്ളിയോടങ്ങൾക്ക് റാന്നി അവിട്ടം ജലോത്സവ സമിതി നൽകിയ സ്വീകരണം നാടിന്റെ മുഴുവൻ ആദരവായി മാറി. ഉത്തൃട്ടാതി ജലോത്സവത്തിൽ ബി ബാച്ചിൽ ഒന്നാം സ്ഥാനത്തെത്തി മന്നം ട്രോഫി നേടിയ ഇടക്കുളം രണ്ടാം സ്ഥാനം നേടിയ ഇടപ്പാവൂർ, എ ബാച്ചിൽ രണ്ടാം സ്ഥാനം ലഭിച്ച ഇടപ്പാവൂർ പേരൂർ എന്നീ പള്ളിയോടങ്ങളെയാണ് ആദരിച്ചത്.
വഞ്ചിപ്പാട്ടും ഗോവിന്ദ സ്തുതികളും നിറഞ്ഞു നിന്ന അന്തരീക്ഷത്തിൽ ട്രോഫികൾ ശിരസ്സിലേറ്റി ആഘോഷമായാണ് മൂന്നു പള്ളിയോടകരകളും എത്തിയത്. ട്രോഫികളിൽ പൂമാല ചാർത്തി കരകളെ സ്വീകരിച്ചു. പള്ളിയോട ക്യാപ്റ്റന്മാരായ ബി.ജെ.ആനന്ദ് (ഇടക്കുളം), സരിത്ത് കുമാർ (ഇടപ്പാവൂർ പേരൂർ), പി.എം.അനീഷ് കുമാർ (ഇടപ്പാവൂർ) , എം.കെ.സതീഷ് കുമാർ (റാന്നി) എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
പൊതുസമ്മേളനം എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് വി.ആർ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അവിട്ടം ജലോത്സവ സമിതി പ്രസിഡന്റ് ജേക്കബ് മാത്യു കരിങ്കുറ്റിയിൽ അധ്യക്ഷനായിരുന്നു.ഇടക്കുളം പള്ളിയോടത്തിന് എൻഎസ്എസ് യൂണിയൻ പ്രസിഡന്റും ഇടപ്പാവൂർ പള്ളിയോടത്തിനു മുഖ്യാതിഥിയായിരുന്ന രാജു ഏബ്രഹാം , ഇടപ്പാവൂർ പേരൂർ പള്ളിയോടത്തിനു സ്വാഗത സംഘം ചെയർമാൻ റിങ്കു ചെറിയാൻ എന്നിവർ ദക്ഷിണയും ഉപഹാരവും നൽകി ആദരിച്ചു.
വർക്കിങ് ചെയർമാൻ ഷൈൻ ജി.കുറുപ്പ്, ജനറൽ സെക്രട്ടറി ടി.കെ.രാജപ്പൻ, പിജെടി ട്രസ്റ്റ് ചെയർമാൻ അലക്സ് സൈമൺ, ബി.സുരേഷ്, രവി കുന്നയ്ക്കാട്ട്, ശ്രീനി ശാസ്താംകോവിൽ, ബെന്നി പുത്തൻപുരയ്ക്കൽ, ആലിച്ചൻ ആറൊന്നിൽ, സജി നെല്ലുവേലിൽ, സമദ് മേപ്രത്ത്, ബാജി രാധാകൃഷ്ണൻ, എ.ജി.വേണുഗോപാൽ, അനീഷ് പി.നായർ എന്നിവർ പ്രസംഗിച്ചു