ADVERTISEMENT

മലയാലപ്പുഴ ∙ ഗജകേസരി മലയാലപ്പുഴ രാജൻ ആനയുടെ ഒന്നാം പാപ്പാൻ മുതുകളം മനീഷിന്റെ സസ്പെൻഷൻ ദേവസ്വം ബോർഡ് പിൻവലിച്ചു. പാപ്പാൻ തിരിച്ചെത്തി ആനയുടെ പരിചരണം ഏറ്റെടുത്തു. മദപ്പാടിനെ തുടർന്ന് 6 മാസമായി ചങ്ങലക്കുരുക്കിൽ ഇട്ടിരിക്കുന്ന രാജൻ ആനയുടെ ഒന്നാം പാപ്പാനെ  സസ്പെൻഡ് ചെയ്തതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളും ആനയുടെ കഷ്ടതകളും ‘മലയാള മനോരമ’ ഇന്നലെ റിപ്പോർട്ട് ചെയ്ത‌ിരുന്നു. 

ഇത് ശ്രദ്ധയിൽപെട്ട ദേവസ്വം ബോർഡ്  പ്രസിഡന്റ് കെ.അനന്തഗോപൻ ദേവസ്വം കമ്മിഷണർ, പത്തനംതിട്ട ഡപ്യൂട്ടി കമ്മിഷണർ എന്നിവരോട് വിവരങ്ങൾ തിരക്കി. ആനയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് ഒന്നാം പാപ്പാന്റെ സസ്പെൻഷൻ പിൻവലിക്കുന്നതാണ് നല്ലതെന്നു ഉയർന്ന ഉദ്യോഗസ്ഥർ ദേവസ്വം ബോർഡ് പ്രസിഡന്റിനെ അറിയിച്ചു. തുടർന്ന് ഒന്നാം പാപ്പാന്റെ  സസ്പെൻഷൻ പിൻവലിക്കാനും അന്വേഷണം തുടരാനും പ്രസിഡന്റ് നിർദേശം നൽകി. 

പത്തനംതിട്ട ഡപ്യൂട്ടി കമ്മിഷണർ, മലയാലപ്പുഴ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എന്നിവർ പാപ്പാനെ ഫോണിൽ വിളിച്ചു ഡ്യൂട്ടിയിൽ തിരികെ കയറാൻ നിർദേശം നൽകി. തുടർന്ന് പാപ്പാൻ മനീഷെത്തി ആനയുടെ പരിചരണം ഏറ്റെടുത്തു. കാലിലെ വ്രണം കഴുകി മരുന്നു പുരട്ടി.ഒന്നാം പാപ്പാനെ കാണാതായതോടെ രണ്ടാം പാപ്പാൻ വിനയനെ ആന അടുപ്പിക്കുന്നില്ലായിരുന്നു. വിനയൻ  തീറ്റ കൊടുക്കുന്നത് കഴിക്കുന്നുണ്ടെങ്കിലും  അടുത്തേക്ക് ചെല്ലാൻ സമ്മതിക്കില്ല. 6 മാസമായി ചങ്ങല കുരുക്കിൽ കിടന്ന് ആനയുടെ ഇടതുകാല് പൊട്ടി വ്രണമായി.  ഒന്നാം പാപ്പാൻ അല്ലാതെ ആർക്കും മരുന്നു പുരട്ടാനും പറ്റില്ല.  

പുതിയ പാപ്പാനെ  നിയമിച്ചാൽ  ആനയുമായി  ഇണങ്ങി ചട്ടം പഠിക്കാൻ കുറഞ്ഞത്  3 വർഷം വേണ്ടി വരും. ആനയ്ക്ക് തീറ്റയ്ക്കായി  പനംപട്ടയും ഓലമടലും വാങ്ങിയതിന്റെ ബില്ല് പാസാക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തെതുടർന്ന് പാപ്പാൻ ആറന്മുള  അസി. കമ്മിഷണർ ഓഫിസിൽ എസിയോട് മോശമായി സംസാരിച്ചതാണ് സസ്പെൻഷന് ഇടയാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com