ADVERTISEMENT

റാന്നി ∙ ജൽ ജീവൻ മിഷൻ പദ്ധതിയിൽ പൈപ്പുകൾ സ്ഥാപിക്കുന്നത് പൂർണമാകുമ്പോൾ ചെറുകോൽ, അങ്ങാടി എന്നീ പഞ്ചായത്തുകളിലെ റോഡുകളിലൂടെയുള്ള വാഹന കാൽനട യാത്ര ദുഷ്കരമാകും. പൈപ്പിടാനെടുത്ത കുഴികളിൽ വാഹനങ്ങൾ പുതയുന്നത് ഇപ്പോൾ പതിവു കാഴ്ചയായി. 

ചെറുകോൽ, അങ്ങാടി എന്നീ പഞ്ചായത്തുകളിലെ എല്ലാ കുടുംബങ്ങൾക്കും ഗാർഹിക കണക്‌ഷനുകൾ നൽകുന്നതിനാണ് ജൽജീവൻ മിഷൻ പദ്ധതിയിൽ പൈപ്പുകൾ സ്ഥാപിക്കുന്നത്. പുതുതായി നിർമിക്കുന്ന സംഭരണികളിലേക്കുള്ള പ്രധാന പൈപ്പുകൾക്കു പുറമേ ജല വിതരണ കുഴലുകളും സ്ഥാപിക്കുന്നുണ്ട്. പിഡബ്ല്യുഡി, ഗ്രാമീണ റോഡുകളുടെ വശങ്ങൾ വെട്ടിപ്പൊളിച്ചാണ് പൈപ്പുകളിടുന്നത്. 

1) പൈപ്പിടാൻ വെട്ടിപ്പൊളിച്ച കോഴഞ്ചേരി–റാന്നി പാതയുടെ വശം തകർന്നു കിടക്കുന്നു.  
2) ഇട്ടിയപ്പാറ സെൻട്രൽ ജംക്‌ഷനിൽ രൂപപ്പെട്ട കുഴികൾ.
1) പൈപ്പിടാൻ വെട്ടിപ്പൊളിച്ച കോഴഞ്ചേരി–റാന്നി പാതയുടെ വശം തകർന്നു കിടക്കുന്നു. 2) ഇട്ടിയപ്പാറ സെൻട്രൽ ജംക്‌ഷനിൽ രൂപപ്പെട്ട കുഴികൾ.

കോൺക്രീറ്റും ടാറിങ്ങുമെല്ലാം മണ്ണുമാന്തികളും കംപ്രസറും ഉപയോഗിച്ച് വെട്ടിപ്പൊളിക്കുകയാണ്. ഒരേ റോഡ് തന്നെ 2 തവണ കുഴിക്കുന്നുണ്ട്. വലിയ പൈപ്പുകളിട്ടു കഴിയുമ്പോഴാണ് ചെറിയവ സ്ഥാപിക്കുന്നതിനെപ്പറ്റി അറിയുന്നത്. വീണ്ടും കുഴിക്കുകയാണ്. പൈപ്പുകൾ ഇടുന്നതിനൊപ്പം ഗാർഹിക കണക്‌ഷനുകളും നൽകുന്നുണ്ട്. കണക്‌ഷൻ നൽ‌കാനായി മൂടിയ കുഴികൾ വീണ്ടും വെട്ടിക്കുഴിക്കുന്നു. അതിഥി തൊഴിലാളികളാണ് പണിയെടുക്കുന്നവരിൽ കൂടുതലും. അവർക്ക് ഇതേപ്പറ്റി വ്യക്തതയില്ല. 

വെട്ടിക്കുഴിക്കുന്ന റോഡുകൾ പഴയ നിലയിലാക്കാനുള്ള ഫണ്ടും എസ്റ്റിമേറ്റിൽ അനുവദിച്ചിട്ടുണ്ട്. എന്നാൽ മാസങ്ങളായിട്ടും  റോഡുകൾ നന്നാക്കിയിട്ടില്ല. വെട്ടിപ്പൊളിച്ചിട്ടു മൂടിയതു പോലെ കിടക്കുന്നു. മഴയിൽ കുഴിയിലിട്ട മണ്ണൊലിച്ച് അപകടക്കെണികൾ രുപപ്പെടുന്നു. ഇത്തരം കുഴികളിലാണ് വാഹനങ്ങളുടെ ചക്രങ്ങൾ പുതയുന്നത്. ചാക്കപ്പാലത്തിനു സമീപം കഴിഞ്ഞ ദിവസം കാർ താഴ്ന്നിരുന്നു. സമീപവാസികൾ തള്ളിക്കയറ്റി വിടുകയായിരുന്നു. മഴ ശക്തിപ്പെടുന്നതോടെ സ്ഥിതി ഗുരുതരമാകും.

സാമ്പത്തിക പരിമിതി നേരിടുന്ന പഞ്ചായത്തുകൾ വർഷങ്ങളുടെ ശ്രമഫലമായിട്ടാണ് റോഡുകൾ കോൺക്രീറ്റു ചെയ്യുന്നത്. അതു വെട്ടിപ്പൊളിക്കുമ്പോൾ പുനരുദ്ധരിക്കാൻ ഫണ്ടില്ല. പഞ്ചായത്ത് റോഡുകളുടെ പുനരുദ്ധാരണത്തിന് ജല അതോറിറ്റി കാര്യമായ ഇടപെടൽ നടത്തുന്നില്ല. പിഡബ്ല്യുഡി റോഡുകളുടെ പുനരുദ്ധാരണത്തിനും മെല്ലെപ്പോക്കു നയമാണ്. ഇതാണ് ജനങ്ങളുടെ ദുരിതം വർധിക്കാനിടയാക്കുന്നത്.

റോഡരികിൽ പൈപ്പ് സ്ഥാപിക്കൽ; കേബിളുകൾ പൊട്ടുന്നു

റാന്നി ∙ പൈപ്പും ടെലിഫോൺ കേബിളുകളുമെല്ലാം പൊളിച്ചടുക്കി ജല വിതരണ കുഴലുകളും കേബിളുകളും സ്ഥാപിക്കൽ. റാന്നി–കോഴഞ്ചേരി ശബരിമല പാതയിലെ സ്ഥിതിയാണിത്. ‌ജൽജീവൻ മിഷൻ പദ്ധതിയിൽ ചെറുകോൽ–നാരങ്ങാനം–റാന്നി ജല വിതരണ പദ്ധതിക്കായി പൈപ്പുകൾ സ്ഥാപിക്കുന്നതിനാണ് ശബരിമല പാതയുടെ വശങ്ങൾ വെട്ടിപ്പൊളിക്കുന്നത്. മണ്ണുമാന്തി ഉപയോഗിച്ചു പണി നടത്തുമ്പോഴാണ് ബിഎസ്എൻഎല്ലിന്റെ കേബിളുകൾ തുടരെ പൊട്ടുന്നത്. 

മണ്ണിട്ടു കുഴികൾ മൂടിയ ഭാഗങ്ങളിൽ പൊട്ടിയ കേബിളുകൾ തെളിഞ്ഞു നിൽക്കുന്നതു കാണാം. പലയിടത്തും അവ യോജിപ്പിക്കാതെയാണ് മണ്ണിനടിയിലാക്കുന്നത്. ബിഎസ്എൻഎൽ അധികൃതരും ഇവിടേക്കു തിരിഞ്ഞു നോക്കുന്നില്ല. ബ്ലോക്കുപടി എക്സൈസ് സർക്കിൾ ഓഫിസിനു സമീപം സമീപം പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളമൊഴുകുകയാണ്. കോൺക്രീറ്റ് വെട്ടിപ്പൊളിച്ചപ്പോൾ‌ റാന്നി മേജർ ജല വിതരണ പദ്ധതിയുടെ പൈപ്പും പൊട്ടുകയായിരുന്നു. തെക്കേപ്പുറം ജംക്‌ഷനിലും ഇതേ കാഴ്ചയുണ്ട്. കുഴിയെടുത്തപ്പോൾ പൈപ്പ് പൊട്ടി കുഴി മൂടിയിട്ടില്ല. ഇതിൽ വെള്ളം നിറഞ്ഞ് പുറത്തേക്കൊഴുകുന്നു. വാഹനങ്ങൾ കുഴിയിൽ ചാടാതിരിക്കാൻ റിബൺ‌ കെട്ടിയിട്ടുണ്ട്. പൈപ്പിന്റെ തകരാർ പരിഹരിക്കാൻ ഇതുവരെ നടപടിയില്ല.

ചെളിക്കുഴി, കാട്, അപകടക്കെണി, വെള്ളക്കെട്ട് 

മന്ദിരം ∙ ചെളിക്കുഴി, കാട്, അപകടക്കെണി, വെള്ളക്കെട്ട് ഇതു നാലും ചേരുന്നതാണ് മഠത്തിൽപടി–പടിയറക്കടവ്–മാളിയേക്കൽപടി റോഡ്. ചെളിയിൽ ചവിട്ടി കാടു വകഞ്ഞുമാറ്റി തോട്ടിലെ വെള്ളക്കെട്ടിൽ വീഴാതെ വേണം ഇതിലെ നടക്കാൻ. കുത്തുകല്ലുങ്കൽപടി–മന്ദിരം തിരുവാഭരണ പാത, മന്ദിരം അരമനപ്പടി–മഠത്തിൽക്കടവ് എന്നീ റോഡുകളെ ബന്ധിപ്പിക്കുന്ന ഗ്രാമീണ പാതയാണിത്. പടിയറക്കടവ് തോടിന്റെ തീരത്തു കൂടി നിർമിച്ചിട്ടുള്ളതാണ് റോഡ്.

റോഡിന്റെ തുടക്കത്തിലും ഒടുക്കത്തിലും കുറെ ഭാഗം കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. മാളിയേക്കൽപടിയിൽ നിന്ന് തോട് വരെയും മഠത്തിൽക്കടവിൽ നിന്ന് പടിയറക്കടവ് വരെയുമാണ് കോൺക്രീറ്റ്. മധ്യ ഭാഗം ചെളിക്കുഴിയാണ്. റോഡിന്റെ വശമിടിഞ്ഞ് തോട്ടിലേക്കു വീഴുകയാണ്. ഇതുമൂലം വീതി കുറയുന്നു. പടിയറക്കടവിൽ നിന്ന് മാളിയേക്കൽപടിയിലേക്കുള്ള 100 മീറ്ററോളം ദൂരത്താണ് തകർ‌ച്ച കൂടുതൽ. ഇവിടെ റോഡ് പൂർണമായി കാടു മൂടിയിരിക്കുന്നു. ഒറ്റയടി പാത മാത്രമാണ് തെളിഞ്ഞതുള്ളത്. 

പടിയറക്കടവിൽ തോടിനു കുറുകെ 25 ലക്ഷം രൂപ ചെലവഴിച്ച് 7 വർഷം മുൻപ് പാലം പണിതിരുന്നു. പാലത്തോടു ചേർന്ന ഭാഗത്തും സമീപന പാത പുനരുദ്ധരിച്ചിട്ടില്ല. ഇവിടം കുഴിഞ്ഞു കിടക്കുകയാണ്. പാലത്തിന്റെ ഇരുവശത്തും കൈവരിയും സ്ഥാപിച്ചിട്ടില്ല. റോഡിനു വീതിയും കുറവാണ്. 

2018ലെ പ്രളയത്തിനു ശേഷമാണ് കൂടുതൽ തകർച്ച നേരിട്ടത്. വശങ്ങളിൽ കൈവരിയില്ലാത്തതിനാൽ വാഹനങ്ങൾ തോട്ടിൽ വീഴുന്നു. അടുത്തിടെയും മീനുമായെത്തിയ പെട്ടി ഓട്ടോ തോട്ടിൽ വീണിരുന്നു. മഠത്തിൽപടിയിൽ നിന്ന് പടിയറക്കടവിലേക്കുള്ള ഭാഗത്ത് മഴയിൽ വെള്ളക്കെട്ടും രൂപപ്പെടുന്നുണ്ട്. സർക്കാരിന്റെ ഏതെങ്കിലും പദ്ധതിയിൽ റോഡ് പുനരുദ്ധരിക്കുകയാണ് ആവശ്യം.

കുഴികൾ നിറഞ്ഞ് ഇട്ടിയപ്പാറ സെൻട്രൽ ജംക്‌ഷൻ

പഴവങ്ങാടി ∙ ഇട്ടിയപ്പാറ സെൻട്രൽ ജംക്‌ഷനിൽ അപകടക്കെണിയായി കുഴികൾ. കോളജ് റോഡിന്റെ ആരംഭത്തിലാണ് 2 കുഴികൾ തെളിഞ്ഞിരിക്കുന്നത്. കോന്നി–പ്ലാച്ചേരി പാത ഉന്നത നിലവാരത്തിൽ പണിതപ്പോൾ ഇട്ടിയപ്പാറ ടൗണിൽ ഓട നിർമിച്ചിരുന്നു. ചന്ത ഭാഗത്തു നിന്നെത്തുന്ന ഓടയിലെ വെള്ളം ഇട്ടിയപ്പാറ മൂഴിക്കൽ കൈതോട്ടിലേക്ക് ഒഴുക്കി വിടുന്നതിന് കോളജ് റോഡിനും കുറുകെയും ഓട പണിതിരുന്നു. ഇതിനു മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ച ശേഷം ബിഎം ബിസി ടാറിങ് നടത്തിയിരുന്നു. 

കോന്നി–പ്ലാച്ചേരി പാതയിലേക്കു ചേരുന്ന റോഡുകളുടെ 50 മീറ്റർ കൂടി കെഎസ്ടിപി നവീകരിക്കേണ്ടതുണ്ട്. എന്നാൽ കോളജ് റോഡിന്റെ കുറുകെ ഓട പണിതതല്ലാതെ 50 മീറ്റർ നവീകരിച്ചില്ല. ഓടയ്ക്കു മുകളിലെ ടാറിങ് ഇളകിയാണ് കുഴികൾ തെളിഞ്ഞിരിക്കുന്നത്. അമിത ഭാരം കയറ്റിയ വാഹനങ്ങൾ കയറി മേൽമൂടിയിലെ കോൺക്രീറ്റും ഇളകുന്നുണ്ട്. കോളജ് റോഡിലേക്കും പുനലൂർ–മൂവാറ്റുപുഴ പാതയിലേക്കും വാഹനങ്ങൾ കയറിയിറങ്ങുമ്പോൾ കുഴികളിൽ‌ ചാടുകയാണ്. ഇരുചക്ര വാഹന യാത്രക്കാർ തുടരെ വീഴുന്നുണ്ട്. എന്നിട്ടും കുഴികൾ അടയ്ക്കാൻ കെഎസ്ടിപി തയാറായിട്ടില്ല.

ശോച്യാവസ്ഥ പരിഹരിക്കണം:  പൗരാവകാശ സംരക്ഷണ പ്രവർത്തക വേദി

കോഴഞ്ചേരി ∙ റാന്നി, ചെറുകോൽ പുഴ- കോഴഞ്ചേരി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നു പൗരാവകാശ സംരക്ഷണ പ്രവർത്തക വേദി. കാൽനടയാത്ര പോലും ദുസ്സഹമായ അവസ്ഥയിലാണെന്നും നിർദിഷ്ട ശബരിമല പാതയുടെ അനുബന്ധ റോഡാണിതെന്നും ഉടൻ പരിഹാരം കാണുന്നതിനു നടപടി അധികൃതർ സ്വീകരിക്കണമെന്നു ജില്ലാ പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് വിനോദ് തടത്തിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ലാൽജി ഏബ്രഹാം അധ്യക്ഷത വഹിച്ചു. ശാന്തമ്മ സോമൻ , ഉഷാ പ്രകാശൻ , രതീഷ് പൂവത്തൂർ, ശ്രീനു പുത്തൻപുരയ്ക്കൽ, പി. മനോജ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com