ADVERTISEMENT

സീതത്തോട് (പത്തനംതിട്ട)∙ മണിയാർ–കട്ടച്ചിറ റൂട്ടിൽ എട്ടാം ബ്ലോക്കിനു സമീപം റോഡിനോടു ചേർന്ന് അവശനിലയിൽ കണ്ടെത്തിയ കടുവ ഉച്ചയോടെ ചത്തു. ഒന്നര വയസ്സോളം പ്രായം വരുന്ന കടുവയെ ഇന്നലെ വെളുപ്പിനു റോഡിലൂടെ പോയവരാണു കണ്ടത്. തീർത്തും അവശനിലയിലായിരുന്നു കടുവ. വിവരം അറിഞ്ഞു ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നു ഡപ്യൂട്ടി റേഞ്ചർ ടി.എസ് അഭിലാഷിന്റെ നേതൃത്വത്തിൽ വനപാലകരും ഡപ്യൂട്ടി റേഞ്ചർ സി.പി പ്രദീപിന്റെ നേതൃത്വത്തിൽ റാന്നി ഫോറസ്റ്റ് ദ്രുതകർമ സേനാ പ്രവർത്തകരും ചേർന്നു കടുവയെ പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു.

ആരോഗ്യസ്ഥിതി തീർത്തും വഷളായതിനെ തുടർന്ന് ഇവിടെ നിന്നു ജില്ലാ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റതാണ് എന്നാണു പ്രാഥമിക നിഗമനം. ദേഹത്ത് മുറിവുകൾ ഉണ്ടായിരുന്നു. വനപാലകർ കാണുമ്പോൾ നടക്കാൻ കൂടി കഴിയാതെ ചുരുണ്ടു കിടക്കുകയായിരുന്നു കടുവ. കടുവയെ കണ്ടെത്തിയ സ്ഥലത്തിനു സമീപം റോഡിന്റെ തിട്ട ആനകൾ കുത്തിമറിച്ച് ഇട്ടിട്ടുണ്ട്. ഇവിടെ വച്ചാവാം കടുവയ്ക്കു പരുക്കേറ്റതെന്നാണു കരുതുന്നത്.

ഇന്നലെ രാത്രി ഈ റോഡിൽ ആനക്കുട്ടികൾ അടങ്ങുന്ന കാട്ടാനക്കൂട്ടം ഉണ്ടായിരുന്നു. ഇതു വഴി പോയ വാഹനയാത്രക്കാർ കാട്ടാനകളുടെ മുന്നിൽപ്പെട്ടെങ്കിലും ആക്രമണത്തിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു. ഈ ആനകളാണു കടുവയെയും ആക്രമിച്ചതെന്നാണു നിഗമനം. കടുവയെ കണ്ട സ്ഥലം റാന്നി ഡിവിഷനിൽ വടശേരിക്കര റേഞ്ചിലെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ്. ഈ പ്രദേശത്തു കടുവയുടെ സാന്നിധ്യം പതിവാണ്. പലതവണ വാഹന യാത്രക്കാരുടെ മുന്നിൽ കടുവ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അമ്മയും കുഞ്ഞുങ്ങളും അടക്കമുള്ള കടുവക്കൂട്ടത്തെയും യാത്രക്കാർ കണ്ടിട്ടുണ്ട്.

മണിയാർ–കട്ടച്ചിറ റൂട്ടിൽ എട്ടാം ബ്ലോക്കിനു സമീപം അവശനിലയിൽ കണ്ടെത്തിയ കടുവ.
മണിയാർ–കട്ടച്ചിറ റൂട്ടിൽ എട്ടാം ബ്ലോക്കിനു സമീപം അവശനിലയിൽ കണ്ടെത്തിയ കടുവ.

രണ്ട് വർഷം മുൻപും മണിയാറിനു സമീപം കടുവ ചത്തിരുന്നു.പെരിയാർ കടുവ സങ്കേതത്തോടു ചേർന്ന പ്രദേശങ്ങളുമായാണ് വടശേരിക്കര റേഞ്ചിലെ വനമേഖല അതിർത്തി പങ്കിടുന്നത്. കോന്നി ആനക്കൂട്ടിൽ എത്തിച്ച ജഡം കോന്നി ഡിഎഫ്ഒ ആയുഷ്കുമാർ കോറി, റാന്നി ഡിഎഫ്ഒ ജയകുമാർ ശർമ, കോന്നി വെറ്ററിനറി സർജൻ ഡോ.ശ്യാം ചന്ദ്രൻ, വടശേരിക്കര റേഞ്ച് ഓഫിസർ കെ.വി രതീഷ് എന്നിവരുടെ നേതൃത്വത്തിൽ നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിച്ചു പോസ്റ്റ്മോർട്ടത്തിനു ശേഷം സന്ധ്യയോടെ ദഹിപ്പിച്ചു.

കടുവയെ കാണാൻ തടിച്ചുകൂടിയവർ. ചിത്രം. മനോരമ.
കടുവയെ കാണാൻ തടിച്ചുകൂടിയവർ. ചിത്രം. മനോരമ.

കാട്ടാനയും കടുവയും; കുടപ്പന ഭീതിയിൽ

സീതത്തോട് ∙ മണിയാർ–കുടപ്പന റോഡിലൂടെയുള്ള യാത്ര എന്നും ഭീതിജനകമെന്ന് കുടപ്പന നിവാസികൾ. കാട്ടാനകളുടെ സാന്നിധ്യം കാരണം ഇതു വഴി പോകാൻ ജനങ്ങൾക്കു ഭയമാണ്. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കടുവയെ നേരിൽ കണ്ടതോടെ കുടപ്പനക്കാർ ആശങ്കയുടെ നിഴലിൽ. ഇന്നലെ രാവിലെ മണിയാർ–കട്ടച്ചിറ റൂട്ടിൽ എട്ടാം ബ്ലോക്കിനു സമീപം റോഡിനോടു ചേർന്നാണ് അവശനിലയിൽ കടുവയെ കണ്ടത്. ഒരു വർഷത്തിനുള്ളിൽ ഒട്ടേറെ തവണ കടുവയും കുഞ്ഞുങ്ങളും അടങ്ങുന്ന സംഘത്തെ നാട്ടുകാർ കണ്ടിരുന്നു.

ഇത് കാരണം ഇതുവഴി പകൽ പോലും നടന്ന് പോകാൻ ആളുകൾക്കു ഭയമാണ്. വടശേരിക്കര റേഞ്ചിന്റെ പരിധിയിൽപെട്ട വനമേഖലയാണ് മണിയാർ–കുടപ്പന റോഡിന്റെ ഇരു വശവും. കുറെ ഭാഗം തേക്ക് പ്ലാന്റേഷനാണ്.കാട്ടാന, പുലി, കടുവ, കാട്ടുപോത്ത്, കേഴ, മ്ലാവ് തുടങ്ങിയ വന്യമൃഗങ്ങൾ ഈ വനത്തിലുണ്ട്. കാട്ടാനകൾ പതിവ് കാഴ്ചയായി മാറി.മിക്കപ്പോഴും റോ‍ഡിലും സമീപ പ്രദേശത്തും കാട്ടാനകളാണ്. വന്യ മൃഗങ്ങളെ ഭയന്ന് ഇരു ചക്ര വാഹനയാത്രക്കാർ ഒന്നിച്ചാണ് ഇതു വഴി പോകുന്നത്. പലപ്പോഴും ആനകളുടെ മുന്നിൽപെടാറുള്ളതായി രാവിലെ പതിവായി ഈ റൂട്ടിലൂടെ പോകുന്ന രഞ്ജിത്ത് പറയുന്നു.

ഇവരുടെ വാഹനത്തിനു മുന്നിലൂടെയും കടുവ ചാടി പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചിറ്റാർ പഞ്ചായത്തിലെ 11ാം വാർഡിൽപെട്ട കട്ടച്ചിറ, കുടപ്പന പ്രദേശത്ത് 350ൽ അധികം കുടുംബങ്ങളാണ് താമസം. ഇവിടെ എത്താനുള്ള പ്രധാന റോഡും ഇതാണ്. കെഎസ്ആർടിസി അടക്കം സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന റൂട്ടിൽ നിലവിൽ ടാക്സി വാഹനങ്ങൾ മാത്രമാണ് ഓടുന്നത്. റോഡിന്റെ ശോച്യാവസ്ഥയെ തുടർന്നാണ് ബസുകൾ സർവീസ് നിർത്തലാക്കുന്നത്. റോഡ് പുനരുദ്ധരിച്ചിട്ടും ബസ് സർവീസുകൾ ഒന്നും പുനഃരാരംഭിച്ചിട്ടില്ല.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com