ADVERTISEMENT

തിരുവല്ല∙ റെയിൽവേ സ്റ്റേഷൻ പരിസരം മോഷ്ടാക്കളുടെയും കരിഞ്ചന്തക്കാരുടെയും ലഹരി വിൽപനക്കാരുടെയും താവളമാകുന്നു. പാർക്കിങ് ഏരിയ മോഷ്ടാക്കളുടെ വിഹാരകേന്ദ്രമായി മാറുകയാണ്. ഒരു മാസത്തിനുള്ളിൽ ഇരുപതിലേറെ ഇരുചക്ര വാഹന യാത്രക്കാരുടെ ഹെൽമറ്റും മഴക്കോട്ടുമാണു മോഷ്ടാക്കൾ അപഹരിച്ചത്. കഴിഞ്ഞ ദിവസവും ഇവിടെ ഹെൽമറ്റ് മോഷണം നടന്നു. റെയിൽവേ സ്റ്റേഷനു മുന്നിലെ പെയ്ഡ് പാർക്കിങ് ഏരിയയിൽ ബൈക്ക് പാർക്ക് ചെയ്തു ട്രെയിനിൽ ജോലിക്കു പോയി മടങ്ങിയ യുവാവിന്റെ മൂവായിരം രൂപയോളം വിലയുള്ള ഹെൽ‌മറ്റാണു മോഷണം പോയത്. പാർക്കിങ്ങിന്റെ കരാർ ഏറ്റെടുത്തിരിക്കുന്ന ആളെ ബന്ധപ്പെട്ടപ്പോൾ സാധനങ്ങൾ നഷ്ടപ്പെടുന്നതിനു തങ്ങൾക്ക് ഉത്തരവാദിത്വമില്ല എന്നായിരുന്നു മറുപടി. തുടർന്നു റെയിൽവേ പൊലീസിൽ പരാതി നൽകി.

കൈകഴുകി കരാറുകാരൻ

ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയിൽ പണം നൽകിയുള്ള പാർക്കിങ് ഏരിയയിൽ ഒരു ദിവസം എത്തുന്ന വാഹനങ്ങളുടെ എണ്ണം അഞ്ഞൂറ് കവിയും. ബൈക്കിന് 20 രൂപയും കാറിന് 60 രൂപയുമാണ് ഏറ്റവും കുറഞ്ഞ പാർക്കിങ് ഫീസ്. സമയം കൂടുന്നതോടെ തുക കുത്തനെ കൂടും. എന്നാൽ, വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആർക്കും ഉത്തരവാദിത്വവും ഇല്ല. ഹെൽമറ്റും മഴക്കോട്ടും സ്വന്തം ഉത്തരവാദിത്വത്തിൽ സൂക്ഷിക്കുക എന്നെഴുതിയ ബോർഡാണ് ഇവിടെ യാത്രക്കാരെ സ്വാഗതം ചെയ്യുന്നത്. സാധനങ്ങൾ മോഷണം പോകുന്നത് നിത്യസംഭവമായതോടെയാണ് കരാറുകാരൻ ഈ ബോർഡ് സ്ഥാപിച്ചതെന്ന് യാത്രക്കാർ ആരോപിക്കുന്നു.

സിസിടിവി ഇല്ല‍

ആർക്കും എതിലേ വേണമെങ്കിലും കയറി വന്ന് എന്തു വേണമെങ്കിലും എടുത്തുകൊണ്ടു പോകാവുന്ന സ്ഥിതിയിലാണ് ഇരുചക്ര വാഹനങ്ങളുടെ പാർക്കിങ് ഏരിയ എന്നു യാത്രക്കാർ പരാതി പറയുന്നു. വാഹനവുമായി എത്തുമ്പോൾ പണം വാങ്ങുമെന്നല്ലാതെ ജീവനക്കാർ ഈ ഭാഗത്തേക്കു തിരിഞ്ഞു നോക്കാറില്ല. ഈ ഭാഗത്തു പൊലീസ് പരിശോധനാ സംവിധാനങ്ങളോ ഇല്ലാത്തതും മോഷ്ടാക്കൾക്ക് സൗകര്യമാകുന്നു. പാർക്കിങ് ഏരിയയിൽ ഒരിടത്തു പോലും സിസിടിവി ക്യാമറയില്ല. നിലവിൽ പ്ലാറ്റ്ഫോമിൽ മാത്രമാണ് ക്യാമറയുള്ളത്.

സുരക്ഷ ഉറപ്പാക്കണം

പാസ് കാണിച്ചു ബോധ്യപ്പെടുത്തി മാത്രം പാർക്കിങ് ഏരിയയിലേക്കു പ്രവേശിക്കാവുന്ന രീതിയിലുള്ള ക്രമീകരണം ഏർപ്പെടുത്തണം എന്നാണു യാത്രക്കാരുടെ ആവശ്യം. വാഹനവും ആളുകളും പുറത്തേക്കും അകത്തേക്കും കടക്കുന്ന ഭാഗം സിസിടിവി നിരീക്ഷണത്തിലാക്കിയാൽ മോഷ്ടാക്കളെ ഒരു പരിധി വരെ നിയന്ത്രിക്കാനാകും എന്നു യാത്രക്കാർ പറയുന്നു. സ്ഥിരം സംഘങ്ങളാണു മോഷണത്തിനു പിന്നിലെന്നാണു പരാതി. അതിനാൽ സ്ഥലത്ത് പൊലീസ് നിരീക്ഷണം കർശനമാക്കണം എന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.

‌‌∙കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപന

ഇതര സംസ്ഥാനത്തേക്കു പോകുന്ന തിരക്കുള്ള ട്രെയിനുകളുടെ ടിക്കറ്റ് കരിഞ്ചന്തയിൽ വിൽക്കുന്ന സംഘവും ഇവിടെ ഉണ്ട് . റെയിൽവേ റിസർവേഷൻ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റതിന് കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവറെ ചെങ്ങന്നൂർ ആർപിഎഫ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ പണം വാങ്ങി തിരക്കുള്ള ട്രെയിനുകൾക്ക് തത്കാൽ ടിക്കറ്റ് എടുത്തുകൊടുക്കുന്ന സംഘം ഇവിടെ ഉണ്ട്. . 500 രൂപ മുതൽ അധികമായി തുക വാങ്ങിയാണ് വിൽപന.

ഗുണ്ടാ– ലഹരി സംഘം സജീവം

സന്ധ്യയായാൽ റെയിൽവേ സ്റ്റേഷൻ പരിസരം. ലഹരി വിൽപന സംഘത്തിന്റെ താവളമാണ്. അതിഥി തൊഴിലാളികളെ  ലക്ഷ്യമാക്കി എത്തുന്ന നിരവധി ലഹരി വിൽപനകാരുടെ താവളമാണിവിടം. രാത്രി വൈകി എത്തുന്ന ട്രെയിനുകളിലെ യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം,ഫോൺ തുടങ്ങിയവ തട്ടുന്ന സംഘവുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com