നാട്ടുകാർ സൗജന്യമായി നൽകിയ 8 മീറ്റർ വേണ്ട; റോഡ് ചെറുത് മതി
Mail This Article
കുറ്റൂർ ∙ റോഡ് ഉന്നത നിലവാരത്തിൽ നിർമിക്കുന്നതിന് നാട്ടുകാർ 8 മീറ്റർ വീതിയിൽ സ്ഥലം സൗജന്യമായി വിട്ടുനൽകിയിട്ടും പ്രയോജനമില്ല. നേരത്തേ ടെൻഡർ ചെയ്ത 3.75 മീറ്റർ വീതിയിൽ മാത്രം റോഡ് പണിതു. വിട്ടുകിട്ടിയ സ്ഥലം പ്രയോജനപ്പെടുത്താൻ തുടർപദ്ധതികളുമില്ല. ആവശ്യമായ വീതിയില്ലാതെ റോഡ് അപകടാവസ്ഥയിലും. നഗരസഭയെയും കുറ്റൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചക്രക്ഷാളനകടവ്- പനച്ചമൂട്ടിൽ കടവ് റോഡിന്റെ അവസ്ഥയാണിത്.
2018 ലെ മഹാപ്രളയത്തിൽ വെള്ളം കയറി തകർന്നതിനെ തുടർന്ന് റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തിയാണ് റോഡ് നിർമിക്കുന്നത്. വെള്ളം കയറിയാൽ തകരാതിരിക്കാൻ 1.8 കിലോമീറ്റർ ദൂരമുള്ള റോഡ് മുഴുവനും 3.75 മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്യുന്നതാണ് പദ്ധതി. കോൺക്രീറ്റിങ് 90 ശതമാനവും പൂർത്തിയായി. ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലായിരുന്ന റോഡ് പുനരുദ്ധാരണത്തിനു വേണ്ടി റീബിൽഡ് കേരളയ്ക്കു കൈമാറഉകയായിരുന്നു. 2.28 കോടി രൂപയ്ക്കാണ്. കരാർ നൽകിയത്.
ചക്രശാലക്കടവിൽ നിന്ന് പനച്ചമൂട്ടിൽക്കടവ് പാലം വരെയും. അവിടെ നിന്ന് ഇടത്തേക്ക് നല്ലൂർസ്ഥാനം ക്ഷേത്രം കവല വരെയും വലത്തേക്ക് തൃക്കയിൽ ക്ഷേത്രം വരെയും നേരേ കോളഭാഗത്തേക്കും ഉളള റോഡുകൾ ചേർത്ത് 2.6 കിലോമീറ്റർ ദൂരം കോൺക്രീറ്റ് ചെയ്യുന്നതാണ് പദ്ധതി. ഇതിൽ പ്രധാന ഭാഗമായ ചക്രശാലക്കടവ് മുതൽ പനച്ചമൂടുവരെയാണ് 8 മീറ്ററിൽ വീതിയെടുത്തിട്ടുള്ളത്.ടെണ്ടർ നടപടി പൂർത്തിയായ ശേഷമാണ് നാട്ടുകാർ 8 മീറ്റർ വീതിക്ക് സ്ഥലം വിട്ടുനൽകിയത്. നേരത്തേ 3 മീറ്റർ മാത്രമായിരുന്നു വീതി.
റോഡിന്റെ കോൺക്രീറ്റ് കഴിഞ്ഞുള്ള ഭാഗത്ത് താഴ്ന്ന് മണ്ണായിട്ടാണ് കിടക്കുന്നത്. ഇവിടേക്കു മഴക്കാലത്തു വാഹനം ഇറങ്ങിയാൽ താഴ്ന്ന് മറിയുന്നതിനുള്ള സാധ്യതയുണ്ട്. തിരുവല്ല - കായംകുളം റോഡിൽ കാവുംഭാഗം മുതൽ ചക്രക്ഷാളനക്കടവ് വരെ റോഡ് ഉന്നതനിലവാരത്തിൽ നിർമിച്ചിട്ടുണ്ട്. കുറ്റൂർ മുതൽ പനച്ചമൂട്ടിൽകടവ് പാലം വരെയും റോഡ് നല്ല നിലവാരത്തിലാണ്.
പനച്ചമൂട്ടിൽ കടവിൽ പാലം വന്നതോടെ വലിയ വാഹനങ്ങൾ ഇതുവഴി ഒട്ടേറെ പോകുന്നുണ്ട്. തെങ്ങേലി, വെൺപാല ഭാഗത്തുള്ളവർക്ക് തിരുവല്ലയിലെത്താനുള്ള എളുപ്പവഴി കൂടിയാണ് റോഡ്. 2 കിലോമീറ്റർ ദൂരത്തിൽ റോഡിന്റെ വിട്ടുകിട്ടിയ ഭാഗം കൂടിയെടുത്ത് സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒരു കൈവരിയെങ്കിലും....?
റോഡിന്റെ പനച്ചമൂട്ടിൽ കടവ് പാലത്തിന്റെ ഭാഗത്ത് 120 മീറ്റർ ദൂരത്തിൽ ഇരുവശത്തും ഓരോ കനാലുകളാണ്. ഒന്ന് ജലസേചന വകുപ്പിന്റെയും അടുത്തത് ജില്ലാ പഞ്ചായത്തിന്റെയും. ഓടയ്ക്കും കനാലിനും മൂടിയില്ല. റോഡിനോടു ചേർന്നു താഴ്ന്നു നിൽക്കുന്ന കനാലും ഓടയും വാഹനങ്ങൾക്ക് അപകടമാണ്. ഇവിടെയും 8 മീറ്റർ വീതിയുള്ളതിനാൽ കനാലും ഓടയും മാറ്റി സ്ഥാപിച്ച് റോഡ് സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ എംഎൽഎയ്ക്കും അധികൃതർക്കും നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഓടയോടും കനാലിനോടും ചേർന്ന് സംരക്ഷണ ഭിത്തിയോ കൈവരികളോ സ്ഥാപിക്കാനും നടപടിയില്ല.