ADVERTISEMENT

പത്തനംതിട്ട ∙ ഇന്നലെ പെയ്ത കനത്ത മഴയിൽ മണക്കൂറുകളോളം നഗരം വെള്ളത്തിലായി. ഉച്ച കഴിഞ്ഞ് ഒരു മണിക്കൂർ പെയ്ത മഴയിലാണ് സെൻട്രൽ ജംക്‌ഷൻ, തീയറ്റർ റോ‍ഡ്, കണ്ണങ്കര, ആനപ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം ഇരച്ചു കയറിയത്. ശാസ്ത്രീയമായി മേൽക്കൂര നിർമിക്കാത്തതിനാൽ കെഎസ്ആർടിസി ടെർമിനലിലെ മൂന്നാം നിലയിലും വെള്ളക്കെട്ടുണ്ടായി. 

ഇന്നലെ പെയ്ത കനത്തമഴയിൽ പത്തനംതിട്ട തിയറ്റർ റോഡിലുണ്ടായ വെള്ളക്കെട്ട്.
ഇന്നലെ പെയ്ത കനത്തമഴയിൽ പത്തനംതിട്ട തിയറ്റർ റോഡിലുണ്ടായ വെള്ളക്കെട്ട്.

സെൻട്രൽ ജംക്‌ഷൻ, തിയറ്റർ റോഡ്, കണ്ണങ്കര എന്നിവിടങ്ങളിലെ ഒട്ടേറെ കടകളിലും വെള്ളം കയറി. തൈക്കാവ് റോഡിൽ നിന്നു കുത്തിയൊലിച്ചു വന്ന മഴവെള്ളം സെൻട്രൽ ജംക്‌ഷനിലെ വെള്ളക്കെട്ടിനു കാരണമായി. തൈക്കാവ് റോഡിൽ ഓടയില്ലാത്തതും നിലവിലുള്ള ഓടകളിൽ മാലിന്യം കെട്ടിക്കിടക്കുന്നതുമാണ് വെള്ളക്കെട്ടിനു കാരണമായത്. നഗരത്തിലെ വിവിധ റോഡുകളിൽ ടാറിങ് നടത്തിയെങ്കിലും ഓട സ്ഥാപിക്കാഞ്ഞത് തിരിച്ചടിയായി. തിയറ്റർ റോഡിലുണ്ടായ ശക്തമായ ഒഴുക്കിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങൾ മറിഞ്ഞു.

കണ്ണങ്കര – വലഞ്ചുഴി റോഡ് ടാർ ചെയ്തെങ്കിലും ഓട നിർമിച്ചത് ശാസ്ത്രീയമായല്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇക്കാരണത്താലാണ് മഴവെള്ളം ഓടയിലൂടെ മാത്രം ഒഴുകാതെ റോഡിലും സമീപത്തെ കടകളിലും വീടുകളിലും കയറുന്നത്. ബജിക്കടകളും സ്റ്റേഷനറി കടകളിലുമായി 3 വ്യാപാര സ്ഥാപനങ്ങളിലും സമീപത്തെ വീടുകളിലുമാണ് ഇന്നലെ വെള്ളം കയറിയത്. മണ്ണും മാലിന്യവും നിറഞ്ഞ ചെളിവെള്ളമാണ് ഇരച്ചുകയറിയത്. കണ്ണങ്കരയിൽ നിന്നു കല്ലറക്കടവിലേക്ക് തിരിയുന്ന ഭാഗത്തുള്ള ഓടയിലെ വെള്ളം റോഡിലൂടെയാണ് നിരന്നൊഴുകുന്നത്. ഈ പ്രദേശത്തെ കുഴിയിലും ചരലിലും വാഹനങ്ങൾ ചാടി അപകടങ്ങളും സംഭവിച്ചതായി നാട്ടുകാർ പറഞ്ഞു. 

ആനപ്പാറയിൽ നിന്നു കുലശേഖരപതിയിലേക്കുള്ള റോഡിന്റെ വശങ്ങളിൽ കിടന്ന  മെറ്റലുകൾ വെള്ളപ്പാച്ചിലിൽ ഒഴുകിവന്നതോടെ ഇരുചക്ര വാഹനങ്ങൾ തെന്നി മറിഞ്ഞു. റോഡിൽ വെള്ളക്കെട്ടു രൂക്ഷമായതോടെ ഇരുചക്ര വാഹനങ്ങൾ നിർത്തിയിട്ടു. കുഴികൾ നികത്താനായി റോഡിലിട്ട ചരലുകൾ ശക്തമായ മഴയിൽ ഒലിച്ചുപോയി. മഴയ്ക്കു പിന്നാലെ ടിപ്പറിൽ ചരലെത്തിച്ചു റോഡിന്റെ വശം വീണ്ടും നികത്തി. ഓരോ മഴയിലും റോഡിലെ കുഴികളും അപകടങ്ങളും വർധിച്ചു വരികയാണെന്നും കുഴികൾ പൂർണമായും നികത്താൻ അധികൃതർ തയാറാകണമെന്നും നാട്ടുകാരനായ ഷാജി പറഞ്ഞു.

English Summary:

Heavy Rain Causes Devastating Flooding in Pathanamthitta: Residents Demand Immediate Action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com