വനം ഡിവിഷൻ ഓഫിസ് കെട്ടിടം നാശാവസ്ഥയിൽ
Mail This Article
കോന്നി∙നൂറു വർഷത്തോളം പഴക്കമുള്ള ഡിവിഷനൽ ഫോറസ്റ്റ് ഓഫിസ് കെട്ടിടം നാശാവസ്ഥയിൽ. കോന്നിയുടെ വനചരിത്രത്തിന്റെ ഭാഗമായ ഡിഎഫ് ഓഫിസ് കെട്ടിടം സംരക്ഷിച്ച് പൈതൃക സ്വത്തായി നിലനിർത്തണമെന്നും ഓഫിസിനു പുതിയ കെട്ടിടം നിർമിക്കണമെന്നും ആവശ്യമുയരുന്നു.
1885കാലത്താണ് കോന്നിയിൽ ഫോറസ്റ്റ് ഇൻസ്പെക്‌ഷൻ ബംഗ്ലാവും ഓഫിസും സ്ഥാപിതമായത്. പിന്നീടാണ് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസിനായി കെട്ടിടം പണിതത്. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലാണ് ഈ കെട്ടിടം. മേൽക്കൂര ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയാണ്. കെട്ടിടത്തിൽ നിന്നു വേർപെട്ട നിലയിലുള്ള കട്ടിളകളുണ്ട്. മഴ പെയ്താൽ ചോർച്ച ഉണ്ടാകുന്നതുമൂലം ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഫയലുകളും നശിച്ചുപോകുന്ന സ്ഥിതിയുമുണ്ട്. മരപ്പട്ടിയുടെയും പൂച്ചയുടെയും ശല്യവുമുണ്ട്.
അതിനാൽ ഓഫിസ് പ്രവർത്തനത്തിനു പുതിയ കെട്ടിടം നിർമിക്കുകയോ മറ്റെവിടേക്കെങ്കിലും മാറുകയോ ചെയ്താൽ ഏറെ പാരമ്പര്യം അവകാശപ്പെടാവുന്ന പഴയ കെട്ടിടം സംരക്ഷിക്കണമെന്നുമാണ് ആവശ്യമുയർന്നിട്ടുള്ളത്. ഡിഎഫ്ഒ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ജൂനിയർ സൂപ്രണ്ട്, ഹെഡ‍് അക്കൗണ്ടന്റ് അടക്കം 30 ജീവനക്കാരാണ് ഡിഎഫ് ഓഫിസിലുള്ളത്. തൊട്ടടുത്ത കെട്ടിടത്തിലാണ് 15 ജീവനക്കാരുള്ള ഫോറസ്റ്റ് സ്ട്രൈക്കിങ് ഫോഴ്‍സും പ്രവർത്തിക്കുന്നത്.
എൻജിഒയു പ്രകടനം നടത്തി
കോന്നി∙ഒരു നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള വനം ഡിവിഷനൽ ഓഫിസ് കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൻജിഒ യൂണിയൻ പ്രകടനവും യോഗവും നടത്തി. കെട്ടിടത്തിന്റെ ജീർണാവസ്ഥ ജീവനക്കാരുടെ ജീവനുപോലും ഭീഷണി ഉയർത്തുന്നുണ്ട്. ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മരാമത്ത് കെട്ടിടവിഭാഗത്തെക്കൊണ്ട് പരിശോധന നടത്തണമെന്നും പുനർനിർമിക്കണമെന്നും ആവശ്യപ്പെടുന്ന നിവേദനവും ഡിഎഫ്ഒ യ്ക്ക് നൽകി. യോഗം ജില്ലാ പ്രസിഡന്റ് ജി.ബിനുകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റംഗം എം.പി.ഷൈബി, ജില്ലാ കമ്മിറ്റിയംഗം കെ.എസ്.സജിത്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.