കൂട്ടുകാരന്റെ തലമുടി ശരിയാക്കി കൊടുത്ത് തുടങ്ങി, ഇന്ന് ആളെത്തുന്നത് ഫോണിലൂടെ ബുക്ക് ചെയ്ത്!
Mail This Article
കോഴഞ്ചേരി ∙ ആത്മവിശ്വാസവും കഠിനാധ്വാനവും കൈമുതലാക്കി തനിക്ക് നേരിട്ട ശാരീരിക വൈകല്യങ്ങളെ പുഞ്ചിരിയോടെ നേരിട്ടയാളാണ് മാവേലിക്കര വെട്ടിയാർ പുത്തൻപുരയിൽ കെ. സാബു (45). രണ്ടര വയസ്സിൽ പോളിയോ ബാധിച്ചു. കുട്ടിയായിരിക്കുമ്പോൾ മാതാപിതാക്കൾ നഷ്ടപ്പെട്ടു. ഇരുകാലുകളുടെയും സ്വാധീനം ഇല്ലാതായതോടെ സഹോദരങ്ങളുടെ സ്നേഹത്തണലിൽ പഠനം പ്ലസ്ടു വരെയെത്തിച്ചു. പിന്നീട് സഹോദരൻമാർ വിവാഹം കഴിച്ച് കുമ്പനാട് നെല്ലിമലയിൽ 2000-ൽ എത്തിയപ്പോൾ ജീവിതം മാറിമറിഞ്ഞു. ഇന്ന് നെല്ലിമലയിലുള്ള സാബുവിന്റെ ബാർബർ ഷോപ്പിൽ ഫോണിലൂടെ വിളിച്ച് ബുക്ക് ചെയ്താണ് ആൾക്കാർ എത്തുന്നത്.
പ്ലസ്ടു പഠനത്തിനുശേഷം വീട്ടിൽ വെറുതെ ഇരിക്കുമ്പോഴാണ് സഹോദരന്റെ ഭാര്യാ സഹോദരൻ നെല്ലിമലയിൽ ഒരു എസ്ടിഡി ബൂത്തിലേക്ക് ആളിനെ ആവശ്യമുണ്ടെന്ന് പറഞ്ഞ് വിളിച്ചത്. ദിവസങ്ങൾക്കുശേഷം നെല്ലിമലയിലെത്തി ജോലിക്ക് കയറി. 3 വർഷമായപ്പോൾ മൊബൈൽ ഫോൺ സജീവമായതോടെ ഉടമയ്ക്കു ബൂത്ത് നിർത്തേണ്ടി വന്നു. പിന്നീട് നെല്ലിമലയിൽ തങ്ങി. വൈകുന്നേരങ്ങളിൽ കൂട്ടുകാർക്ക് ഒപ്പം പന്ത് കളിക്കാൻ പോകും. ഇവിടെവച്ച് കൂട്ടുകാരന്റെ തലമുടി വേറൊരാൾ വെട്ടി വൃത്തികേടാക്കിയത് ശരിയാക്കി കൊടുത്തതാണ് തുടക്കം.
കൂട്ടുകാരുടെ പലപ്പോഴുള്ള പ്രേരണയിൽ മാസങ്ങൾക്ക് ശേഷം 2003-ൽ നെല്ലിമലയിൽ ബാർബർ ഷോപ്പ് ആരംഭിച്ചു. പിന്നെ സ്വപ്രയത്നത്താൽ ഉയരണം എന്ന ലക്ഷ്യമായിരുന്നു. ഇതിന്റെ ഇടയിൽ വൈകല്യങ്ങൾ മറന്ന് മരങ്ങൾ കയറുകയും വാച്ചുകൾ റിപ്പയറിങ് ചെയ്യുകയും ചെയ്യുമായിരുന്നു. താൻ ചെയ്യുന്ന ഒരു ജോലിയും പുറത്തുപോയി പഠിച്ചിട്ടില്ലെന്നതാണ് പ്രത്യേകത. തന്റെ മുൻപിൽ തല കുനിക്കുന്നവരുടെ ആവശ്യമറിഞ്ഞാണ് മുടി വെട്ടുന്നത്.
ഫുട്ബോൾ ലോകകപ്പ് ആരംഭിച്ചാൽ കടയിൽനിന്ന് തിരിയാൻ പറ്റാത്ത തിരക്കാണ്. ഏത് ലോകതാരങ്ങളുടെ ഫോട്ടോയും കാണിച്ച് ഈ രീതിയിൽ മുടിവെട്ടണമെന്ന് പറഞ്ഞാൽ സാബു അതിന് തയാറാണ്. ഞായർ ഒഴികെ എല്ലാ ദിവസവും തന്റെ മുച്ചക്ര വാഹനത്തിൽ വെട്ടിയാറിൽ നിന്നാണ് കുമ്പനാട് നെല്ലിമലയിൽ എത്തുന്നത്. ഭാര്യ: ആലീസ്. മകൻ: നേഥൻ.