ADVERTISEMENT

ചരിത്രത്തിലെ ചില കാലങ്ങൾ മറ്റു കാലങ്ങളെക്കാൾ സുന്ദരമാണ്. അങ്ങനെയൊരു കാലഘട്ടമാണ് 19-ാം നൂറ്റാണ്ടിന്റെ അവസാനവും 20-ാം നൂറ്റാണ്ടിന്റെ തുടക്കവും. ഇക്കാലയളവിൽ കേരളത്തിന്റെ ആധ്യാത്മിക സാമൂഹിക സദസ്സുകളിൽ പ്രഭ ചൊരിഞ്ഞ ഗുരുക്കന്മാരും സാത്വികരും ഒട്ടേറെയാണ്. ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും മന്നത്ത് പത്മനാഭനും പരുമല തിരുമേനിയും വക്കം ഖാദർ മൗലവിയും തുടങ്ങി നന്മമരങ്ങളുടെ  വലിയ നിര കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ശുഭ്രനക്ഷത്രങ്ങളായി ശോഭിച്ച കാലം. 

എന്നാൽ  ചരിത്രം വിസ്മരിച്ചപ്പോഴും ജനഹൃദയങ്ങളിൽ വിശുദ്ധിയുടെ വിസ്മയമായി, ആശ്വാസത്തിന്റെ അത്താണിയായി, സൗഖ്യത്തിന്റെ ഔഷധമായി, സമാധാനത്തിന്റെ കുളിർതെന്നലായി പരുമല കൊച്ചുതിരുമേനി കാലാതീതനായി വിരാജിക്കുന്നു. നവംബർ മാസം മലങ്കരയെ സംബന്ധിച്ച് പുണ്യങ്ങളുടെ പൂക്കാലമാണ്. തുടങ്ങുന്നത് പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളോടു കൂടിയാണ്. കാലം ചെയ്ത് 121 വർഷങ്ങൾ പിന്നിടുമ്പോഴും അന്നത്തെക്കാൾ ഒരുപാട് മാറിപ്പോയ ഇക്കാലത്തും പരുമല തിരുമേനിയുടെ ജീവിതം പ്രസക്തമാണ്.

അതിന്റെ കാര്യകാരണങ്ങൾ അന്വേഷിക്കുമ്പോൾ അദ്ദേഹത്തിന്റെ ജീവിതം കേവലമൊരു മനുഷ്യജന്മത്തോട് ഉപമിക്കുന്നതിൽ അർഥമില്ല എന്ന തിരിച്ചറിവാകും നമുക്ക് നൽകുക. ‘Set apart’ എന്നു പറയാൻ തക്ക വൈശിഷ്ട്യങ്ങൾ അദ്ദേഹത്തിന്റെ 54 വർഷം മാത്രം നീണ്ട ജീവിതത്തിനുണ്ടായിരുന്നു. ദൈവസന്നിധിയിൽ വാത്സ്യവാനും മനുഷ്യ ഇടപെടലിൽ സിദ്ധനും ശുദ്ധനുമായ മഹാത്മാവായും അദ്ദേഹം വിളങ്ങി. ജീവിതനൗക താളം തെറ്റാതെ ശാന്തിതീരത്തേക്ക് അടുപ്പിച്ച കപ്പിത്താനായിരുന്നു പരുമല തിരുമേനി.

തന്നെ വിഴുങ്ങാൻ പറ്റിയ ഓളങ്ങൾ അദ്ദേഹം നേരിട്ടെങ്കിലും അതൊന്നും പരിശുദ്ധന്റെ സ്വാഭാവിക താളത്തെ തെറ്റിക്കാൻ പര്യാപ്തമായിരുന്നില്ല. പ്രാർഥനയ്ക്ക് മനുഷ്യന് വിവരിക്കാൻ പറ്റാത്തത്ര ശക്തിയും സൗന്ദര്യവും ഉണ്ടെന്ന് അനുഭവിച്ചറിയുകയും അത് ലോകത്തോടു തന്നെ സന്ദേശമായി പറയുകയും ചെയ്ത പുണ്യാത്മാവായിരുന്നു അദ്ദേഹം. ബാല്യത്തിലും യൗവ്വനത്തിലും വാർധക്യത്തിലും സേവിക്കാവുന്ന ഔഷധമാണ് പ്രാ‍ർഥനയെന്ന് നിരന്തരം പരിശുദ്ധൻ ഓർമിപ്പിച്ചുകൊണ്ടിരുന്നു.

ലോകത്തിന്റെ നന്മ തിന്മകളെ തിരിച്ചറിയാൻ,  സംസ്കാര സമ്പന്നമായ തലമുറയെ വാർത്തെടുക്കാൻ നല്ല വിദ്യാഭ്യാസം അനിവാര്യമാണെന്നുള്ള തിരിച്ചറിവ് കേരളത്തിൽ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. തന്നോടൊപ്പം അന്തേവാസികളായ ശിഷ്യന്മാരെ സുറിയാനിയും മറ്റും പരിശീലപ്പിക്കുകയും അറിവിന്റെ വാതിലുകൾ തുറന്നിടുകയും ചെയ്ത ലക്ഷണമൊത്ത ഗുരുവായിരുന്നു കൊച്ചുതിരുമേനി. അറിഞ്ഞത് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാനും ശാസിക്കാനും ഉപദേശിക്കാനും തിരുത്താനുമൊക്കെ തന്റെ ജീവിത കൽപനകൾ മൂലം ശ്രമിച്ചിരുന്നു. 

അദ്ദേഹത്തിന്റെ കൽപനകളിലെ വിഷയങ്ങൾ വൈവിധ്യങ്ങളായിരുന്നു. 19-ാം നൂറ്റാണ്ടിലെ സ്പന്ദനങ്ങൾ ആ കൽപനകളിൽ വായിച്ചെടുക്കാമായിരുന്നു. ലക്ഷണമൊത്ത സഞ്ചാര സാഹിത്യ കൃതി എന്ന് സാഹിത്യ ലോകം വാഴ്ത്തുന്ന ഓർശ്ലേം യാത്രാവിവരണം കമനീയമായ കാഴ്ചയുടെ കലർപ്പില്ലാത്ത വിവരണമാണ്. താൻ വിശുദ്ധ നാട്ടിൽ കണ്ട അദ്ഭുത കാഴ്ചകൾ അവിടം സന്ദർശിക്കാത്ത സഭാമക്കൾക്ക് അനുഭവവേദ്യമാക്കാൻ പര്യാപ്തമായ നിലയിലുള്ള രചനാപാടവും അദ്ദേഹം യാത്രാവിവരണത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

സ്ഥലനാമം കൊണ്ട് പരുമലയെന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും വയലും പുഴകളും അരുവികളുമൊക്കെ സംഗമിക്കുന്ന താഴ്ന്ന പ്രദേശമാണ് പരുമല. പക്ഷെ, പരിശുദ്ധിയുടെ ഔന്നത്യം കൊണ്ടും പരുമല പുണ്യവാന്റെ മഹത്വം കൊണ്ടും ഈ പ്രദേശം ഏതു മലകളെക്കാളും ഉയർന്നുനിൽക്കുന്നു.  ഈ വിശുദ്ധിയുടെ ഗിരിശൃംഗം നടന്നുകയറുന്ന തീർഥാടകരുടെ വലിയ സംഘങ്ങൾ ഈ പ്രദേശത്തെ ഭക്തിയുടെ സാഗരമാക്കുന്നു. പുണ്യവാന്റെ കബറിങ്കലേക്ക് ഒഴുകിയെത്തുന്ന പതിനായിരങ്ങൾ മറ്റൊരു പമ്പാനദിയായി പരിണമിക്കുന്നു. ഈ പുണ്യസങ്കേതം തേടിയെത്തുന്ന പതിനായിരങ്ങൾ വെറും കയ്യോടെയല്ല മടങ്ങുന്നത് എന്ന് നമുക്കുറപ്പുണ്ട്.

ഈ തീർഥത്തിൽ തങ്ങളുടെ വ്യസനങ്ങൾ, രോഗങ്ങൾ, ആകുലതകൾ, മനോഭാരങ്ങൾ എന്നിവ ഇറക്കിവച്ച് മുക്തമാനസരായി അനുഗ്രഹവാഹികളായി തിരികെ നടക്കുമ്പോൾ പുണ്യവാന്റെ ജീവിതം മൂലം ദൈവനാമം മഹത്വപ്പെടുകയാണ്. പരിശുദ്ധ സഭ ധന്യമാവുകയാണ്. പരുമലയിൽ തടിച്ചുകൂടുന്ന പതിനായിരങ്ങളുടെ പ്രാർഥനകൾ, പരിമളധൂപം, ജ്വലിച്ച് ഇല്ലാതെയാകുന്ന മെഴുകുതിരികൾ എല്ലാം ഒരു വിശുദ്ധൻ തന്റെ ജീവിതം ദൈവത്തിനു സമർപ്പിച്ചതിന്റെ ഇക്കാലത്തെ നേർകാഴ്ചകളാണ്. അതേ,  വിശ്വാസികൾക്ക്് ആഘോഷത്തിനപ്പുറം ഇത് പുണ്യവാൻ സമ്മാനിക്കുന്ന വിശുദ്ധിയുടെ വസന്തകാലം. പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ വാഴ്‌വിനായി തീരട്ടെ.

പരുമല പുണ്യാളൻ, ഭൗതികതയ്ക്കുമപ്പുറം
കാലത്തിനും അതീതൻ എന്ന അർഥത്തിൽ ദൈവത്തെ കാലാതീതൻ എന്നു പറയാറുണ്ട്. കാലം എന്നതൊരു പരികൽപനയാണ്. ചേതനവും അചേതനവുമായ സകലത്തിന്റെയും പരിപൂർണതയെ ഉൾക്കൊള്ളുന്നു എന്നതാണ് കാലത്തിന്റെ സവിശേഷത. പുണ്യാത്മാക്കളുടെ ഇഹലോകത്തിലെ ജീവിതം പൂർത്തിയാകുമ്പോൾ ‘കാലംചെയ്തു’ എന്നാണ് പറയാറ്. പിന്നീടുള്ള അദ്ദേഹത്തിന്റെ ഓർമ കലാതീതമാകുന്നു. തലമുറകളിലൂടെ ആ സ്മരണ വളർച്ച പ്രാപിക്കുന്നു.

പുണ്യാത്മാക്കളുടെ പാദസ്പർശമേറ്റിട്ടുള്ള ഇടങ്ങൾ വിശുദ്ധമാകുന്നു. അവിടേക്ക് വിശ്വാസികളുടെ സമൂഹം യാത്ര തുടരുന്നു. അതിവിശുദ്ധന്മാരുടെ ജീവിതത്തെ വിശുദ്ധിയുടെ കാലഘട്ടം എന്നും വിശേഷിപ്പിക്കാറുണ്ട് ശരീരമേ ഇല്ലാതെയാകുന്നുള്ളൂ.  ആത്മാവ് അനശ്വരമാണ്. അതിനെ മനസ്സിലാക്കാൻ സാങ്കേതികവിദ്യയുടെ അളവുകോലുകൾക്ക് കഴിയാറില്ല. അനുഭവവും വിശ്വാസവുമാണ് അതിന്റെ മാനദണ്ഡങ്ങൾ.       

പ്രകാശത്തെക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന കണങ്ങൾ ഉണ്ടെന്നുള്ള കണ്ടെത്തൽ നടത്തിയ ശാസ്ത്രജ്ഞനാണ് ഡോ. ജോർജ് സുദർശനൻ. ടാക്കിയോണുകൾ എന്നാണ് അതിന് അദ്ദേഹം നൽകിയ നാമം. മനുഷ്യനേത്രങ്ങൾക്ക് കണ്ടെത്താൻ കഴിയാത്ത എത്രയോ കണങ്ങളും കാര്യങ്ങളും ഭൗതിക പ്രപഞ്ചത്തിൽ ഉണ്ടെന്നുള്ള യാഥാർഥ്യത്തിലേക്കാണ് ഈ കണ്ടെത്തൽ വഴി തുറന്നത്.  ബഹിരാകാശ സാങ്കേതികവിദ്യ എത്രയധികം വികാസം പ്രാപിച്ചിരിക്കുന്നു.

വിക്ഷേപണ കേന്ദ്രത്തിലിരുന്ന് ഉപഗ്രഹത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാൻ കഴിയുന്നു. വിക്ഷേപണ കേന്ദ്രത്തിൽ നിന്നുള്ള ചില ചുരുക്കെഴുത്തിലൂടെ അണുവിട തെറ്റാതെ ഉപഗ്രഹത്തെ ചലനാത്മകമാക്കാൻ അതുമായി ബന്ധപ്പെട്ടവർക്കു കഴിയുന്നു. ശൂന്യതയും കടന്നാണ് ഈ സന്ദേശങ്ങൾ അടങ്ങിയ കോഡുകളുടെ സഞ്ചാരം. ഭൗതിക ലോകത്തു സംഭവിക്കുന്നതിനു സമാനമായ മാറ്റങ്ങൾ ആധ്യാത്മിക ലോകത്തിലും സംഭവിക്കുന്നുണ്ട്.

പാകമായൊരു മാനസികതലത്തിൽ നിന്നുകൊണ്ട് ചിന്തിക്കുമ്പോൾ മാത്രമേ ഇതിന്റെ  സാധ്യത ബോധ്യമാകുകയുള്ളൂ. വിശുദ്ധിയുടെ പ്രഭാവലയത്തെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. റഷ്യൻ ശാസ്ത്രജ്ഞനായ കിർലിയനാണ് മനുഷ്യനിലെ പ്രഭാവലയത്തെക്കുറിച്ച് നമ്മെ ബോധ്യപ്പെടുത്തിയത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ അദ്ദേഹം ഫൊട്ടോഗ്രഫി യന്ത്രം കണ്ടുപിടിച്ചു.

ഒരാളുടെ പ്രകൃതത്തിന് അനുസൃതമായി ആ വ്യക്തിയുടെ ശരീരത്തിൽനിന്നു ലെയറുകളുള്ള പ്രകാശവലയം രൂപപ്പെടുന്നു. വ്യക്തിയുടെ സവിശേഷത അനുസരിച്ച് പ്രകാശവലയത്തിന് വിവിധ അടരുകൾ ഉണ്ടാകുന്നു. കൂടുതൽ അടരുകൾ വിശുദ്ധിയുടെ പ്രതീകമായി മാറുകയും ചെയ്യുന്നു. സാധാരണ ഫിലിമിൽ ഈ വലയം പ്രകാശവലയം തെളിയുകയില്ല. അതിന്റെ അർഥം അങ്ങനെയൊരു പ്രകാശവലയം ഇല്ലെന്നല്ലല്ലോ. എല്ലാ ജീവികളുടെയും വസ്തുവിന്റെയും പ്രതലത്തിൽ പ്രകാശം പതിക്കുമ്പോൾ അതിനു സമാനമായ പ്രതിപ്രകാശം സംഭവിക്കുന്നു എന്ന ശാസ്ത്രസത്യം തന്നെയാണ് ഇവിടെയും സംഭവിക്കുന്നതെങ്കിലും അതിനനുസൃതമായ മാധ്യമത്തിലൂടെ അതു വെളിപ്പെടുകയുള്ളൂവെന്നതാണ് ആ ആശയം നൽകുന്ന സത്ത.

ഭൗതികശാസ്ത്രത്തിനു മാത്രമല്ല, അധ്യാത്മികതയ്ക്കും അതിനിണങ്ങുന്ന ശാസ്ത്രീയത ഉണ്ട്. ഇതിനെ  ‘ദൈവിക പദ്ധതി’ എന്നാണ് വിശേഷിപ്പിക്കുന്നത്. പർവതം ഏറ്റവും ഉയർന്നു നിൽക്കുന്നു എന്നതിനാൽ അതിനപ്പുറത്ത് വഴിയും പുഴയും ജീവജാലങ്ങളും ഇല്ലെന്നു പറയാൻ കഴിയില്ലല്ലോ. ഭൗതികതയുടെ വികാസ പരിണാമഘട്ടത്തോടെ എല്ലാം അവസാനിക്കുന്നു എന്നും പറയാനും കഴിയില്ല.

നശ്വരതയ്ക്ക് അപ്പുറത്ത് അനശ്വരതയുണ്ട്. അവിടെ മറ്റൊരു തരത്തിലുള്ള ജീവനും ജീവിതവും ഉണ്ട്. ഇല്ലെങ്കിൽ ഞാൻ നിങ്ങളോട് പറയുമായിരുന്നെന്ന് ക്രിസ്തു സത്യവേദപുസ്തകത്തിലൂടെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ക്രൈസ്തവികത  നൽകുന്ന വിശ്വാസമാണിത്.വിശുദ്ധന്മാർ ജീവിക്കുന്നത് ഈ ആധ്യാത്മികതലത്തിലാണ്. പരിശുദ്ധ പരുമല തിരുമേനി ഭൗതികതയിൽ മാത്രം ജീവിച്ച പുണ്യാത്മാവല്ല എന്നു കാലം സമൂഹത്തെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ആ വിശുദ്ധിയെ അനുധാവനം ചെയ്യുന്നവരുടെ എണ്ണം പ്രതിവർഷം വർധിച്ചുകൊണ്ടിരിക്കുന്നു. ആ പുണ്യാത്മാവിന്റെ കബറിടം ഭക്തിസാന്ദ്രമാണ്. അവിടെയുള്ള പ്രാർഥന ദൈവ സന്നിധിയിൽ ധൂപാർപ്പണമായി എത്തുന്നു. ഭൗതിക ജീവിതത്തിൽ കഴിയുന്നതിലും അപ്പുറമുള്ള  കാരുണ്യമാണ് ആ കബറിടത്തിലെ പ്രാർഥനയിൽനിന്നു ഭക്തർക്ക് ലഭിക്കുന്നത്. എവിടെയെല്ലാം പരിശുദ്ധന്റെ തിരുശേഷിപ്പ് ഉണ്ടോ അവിടേക്കെല്ലാം ആത്മസമർപ്പണത്തിന്റെ തിരി തെളിയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com