വട്ടക്കുളഞ്ഞിയിൽ ഗേറ്റിൽ കുടുങ്ങിയ പന്നി ചത്തു
Mail This Article
മല്ലശ്ശേരി∙ പന്നിശല്യത്തിൽ പൊറുതിമുട്ടി ജനം, കണ്ണടച്ച് അധികാരികൾ. വട്ടക്കുളഞ്ഞി ഭാഗത്തെ കർഷകരാണ് പന്നികൾ കാർഷിക വിളകൾ നശിപ്പിക്കുന്നതിനാൽ ദുരിതത്തിലായിരിക്കുന്നത്. പ്രദേശത്ത് നിരന്തരം ശല്യം ചെയ്തു വരുന്ന പന്നിക്കൂട്ടങ്ങളിൽ ഒന്ന് ഇന്നലെ രാവിലെ 9 മണിയോടെ പാറക്കാട്ട് ലോനപ്പന്റെ വീടിന് മുൻവശത്തെ ഗേറ്റിലെ കമ്പികൾക്കിടയിൽ കുടുങ്ങി ചത്തു.
കൂട്ടം ചേർന്ന് ഒരു വശത്തു നിന്ന് മറുവശത്തേക്കു പോകാൻ എത്തിയ ഇവയെ കണ്ട് സമീപവാസിയായ കിഴക്കേക്കര വീട്ടിൽ ഷൈനി ബഹളം വച്ചതോടെ ചിതറിയോടിയവയിൽ ഒരു ചെറിയ പന്നിയാണു കമ്പിക്കിടയിൽ കുടുങ്ങിയത്. പ്രദേശത്തെ കർഷകർ കൃഷി ഉപേക്ഷിക്കുന്ന സ്ഥിതിയാണ്. ഏബ്രഹാം നെല്ലിവിള, കിഴക്കേക്കര വീട്ടിൽ ബേബി ജോർജ്, ഇടിക്കുള ജോർജ്, ഷൈനി തുടങ്ങി നിരവധി കർഷകരുടെ കാർഷിക വിളകൾ അടുത്ത ദിവസങ്ങളിൽ നശിപ്പിക്കപ്പെട്ടു. വാഴ, കപ്പ, കിഴങ്ങുവർഗങ്ങൾ തുടങ്ങി എല്ലാം നശിപ്പിക്കുന്ന അവസ്ഥയാണ് ഉള്ളത്.
ഗേറ്റിൽ പന്നി കുടുങ്ങി കിടക്കുന്നതു കണ്ട് വനംവകുപ്പിൽ വിളിച്ചറിയിച്ചപ്പോൾ പഞ്ചായത്തിൽ അറിയിച്ചാൽ അവർ നോക്കും എന്നാണു പറഞ്ഞതെന്ന് വീട്ടുകാർ പറയുന്നു. പഞ്ചായത്താകട്ടെ പന്നി ശല്യത്തിന് വേണ്ട വിധത്തിൽ നടപടി സ്വീകരിക്കുന്നില്ല എന്നും ആരോപണമുണ്ട്. പഞ്ചായത്തിൽ രണ്ടു പേരെയാണ് പന്നിയെ വെടിവയ്ക്കാൻ നിയോഗിച്ചിട്ടുള്ളതെന്ന് പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനീത് പറഞ്ഞു. പഞ്ചായത്തിൽ രണ്ട് പന്നികളെയാണ് ഇതുവരെ വെടിവച്ചു കൊന്നതെന്നും അദ്ദേഹം പറഞ്ഞു.