ADVERTISEMENT

പത്തനംതിട്ട∙ ‘ജീവിതത്തിൽ പരാജയപ്പെട്ടവന് ജീവിക്കാൻ അർഹതയില്ല. അതു കൊണ്ട് ഞാൻ പോകുന്നു. വീടിന്റെ പണി എങ്ങും എത്തിയില്ല. പണം കിട്ടാത്തതുകൊണ്ട്. ഓണത്തിനു മുമ്പ് വാർപ്പ് വരെ എത്തിച്ചതാണ്. ഇതുവരെയും വാർപ്പിനുള്ള തുക കിട്ടിയില്ല. എല്ലാവരും എന്നോട് ക്ഷമിക്കണം’. കഴിഞ്ഞ ദിവസം വീടിനോടു ചേർന്ന റോഡരികിൽ ജീവനൊടുക്കിയ ഓമല്ലൂർ പള്ളം പറയനാലി ബിജു ഭവനത്തിൽ  ഗോപിയുടെ മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെടുത്ത കുറിപ്പിലെ വരികളാണിത്. 

ഏഴംകുളം പഞ്ചായത്തിലെ ഭൂരഹിത ഭവനരഹിത കുടുംബങ്ങൾക്കായി ഏനാത്ത് സ്ഥാപിക്കുന്ന ലൈഫ് കെട്ടിട സമുച്ചയങ്ങളിൽ ഒന്നിന്റെ നിർമാണം പാതിവഴിയിൽ എത്തിയ നിലയിലും മറ്റൊന്നിന്റെ നിർമാണം അടിത്തറ കെട്ടിയ നിലയിലും.
ഏഴംകുളം പഞ്ചായത്തിലെ ഭൂരഹിത ഭവനരഹിത കുടുംബങ്ങൾക്കായി ഏനാത്ത് സ്ഥാപിക്കുന്ന ലൈഫ് കെട്ടിട സമുച്ചയങ്ങളിൽ ഒന്നിന്റെ നിർമാണം പാതിവഴിയിൽ എത്തിയ നിലയിലും മറ്റൊന്നിന്റെ നിർമാണം അടിത്തറ കെട്ടിയ നിലയിലും.

ഒരു വർഷം മുൻപ് ഓമല്ലൂർ പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗോപിക്കു വീട് അനുവദിച്ചിരുന്നെങ്കിലും ഭിത്തി നിർമാണത്തോടെ വീടുപണി മുടങ്ങി. തുടർന്നാണ് ജീവനൊടുക്കുന്നത് എന്നാണ് ഗോപിയുടെ മൃതദേഹത്തിനു സമീപമുള്ള കവറിൽ നിന്നു കണ്ടെടുത്ത കുറിപ്പിൽ പറയുന്നത്. ഗോപി വിടവാങ്ങി. പക്ഷേ ലൈഫ് പദ്ധതി പ്രകാരമുള്ള ഭവന നിർമാണം ഇഴഞ്ഞുനീങ്ങുന്നതിന്റെ ദുരിതം പേറി ജീവിക്കുന്നവർ ഒട്ടേറെയുണ്ട് ജില്ലയിൽ. ഒട്ടുമിക്ക പഞ്ചായത്തുകളിലും പദ്ധതിയുടെ നടത്തിപ്പ് ഇഴഞ്ഞുനീങ്ങുകയാണ്. 

44 വീടുകൾ
ഓമല്ലൂർ പഞ്ചായത്തിൽ 44 വീടുകളാണ് ലൈഫ് പദ്ധതിയിൽ പൂർത്തിയാകാതെ കിടക്കുന്നത്. നാലും അഞ്ചും സെന്റ് വസ്തു മാത്രം സ്വന്തമായുള്ളവർ പലരും താമസിച്ചു വന്നിരുന്ന കുടിലുകൾ പൊളിച്ച് ചെറിയ ഷെഡ് വച്ചു താമസിക്കുകയാണ് ചെയ്യുന്നത്. പദ്ധതിയിൽ അനുവദിക്കുന്ന പണം പോലും ഒരു വീട് വയ്ക്കാൻ പര്യാപ്തമല്ലെന്നിരിക്കെ അതു പോലും നൽകാത്തതിൽ പലരും കെണിയിൽ അകപ്പെട്ട അവസ്ഥയാണുള്ളത്. ഗോപിക്കു വീട് അനുവദിച്ചതിൽ 2 ലക്ഷം രൂപ മാത്രമാണ് നൽകിയതെന്ന് ബന്ധുക്കൾ പറയുന്നു. കടം വാങ്ങിയും പണയം വച്ചും ഭിത്തി നിർമാണം പൂർത്തിയാക്കിയെങ്കിലും ബാക്കി തുക ഗോപിക്കു ലഭിച്ചിരുന്നില്ല. 

ജോൺസൻ വിളവിനാൽ ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്

പ്രശ്നം സംബന്ധിച്ച് മരിച്ച ഗോപി പഞ്ചായത്തംഗം സ്മിത സുരേഷിനോടോ തന്നോടോ ഒന്നും പറഞ്ഞിരുന്നില്ല. പഞ്ചായത്ത് നൽകേണ്ട പണം യഥാസമയം ഇദ്ദേഹത്തിനു നൽകി. എന്നാൽ സർക്കാർ നൽകേണ്ട പണം വിതരണം ചെയ്യുന്നതിന് ഹഡ്കോയ്ക്ക് വായ്പയ്ക്കു വേണ്ടി അപേക്ഷിച്ചെങ്കിലും ഇതുവരെ അതു ലഭ്യമാകാത്തതാണ് പ്രതിസന്ധി ആയിരിക്കുന്നത്. 1.05കോടി രൂപ സർക്കാർ നൽകിയാൽ മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയൂ. 

പദ്ധതിയിൽ ഒന്നാം നമ്പർ, സീതത്തോട് പരാതി  പ്രളയം 
സീതത്തോട്∙ ലൈഫ് പദ്ധതി പ്രകാരം വീട് നിർമാണം പൂർത്തിയാക്കാത്തതിനാൽ ഗുണഭോക്താക്കൾ കാത്തിരിപ്പ് തുടരുന്നു. 2022–23 പദ്ധതി പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലൈഫ് വീടുകൾ ലഭിക്കുന്നത് പഞ്ചായത്തിലാണെങ്കിലും നിർമാണം മുടങ്ങി കിടക്കുന്നതു കാരണം പരാതികളുടെ പ്രളയത്തിലാണ് ഗുണഭോക്താക്കൾ. ഭൂരഹിതർ, ഭവനരഹിതർ എന്നിവരായ 288 ഗുണഭോക്താക്കളിൽ 250 പേർക്കാണ് ഒന്നാംഘട്ടത്തിൽ ഏകദേശം 4 കോടി 80 ലക്ഷം രൂപയോളം നൽകിയത്. ഇതിൽ പലരും അടിത്തറ മാത്രം നിർമിച്ച് ബാക്കി തുകയ്ക്കായുള്ള കാത്തിരിപ്പിലാണ്. ഇവരുടെ അവസ്ഥയാണ് ഏറെ പരിതാപകരം. 

ടാർപ്പോളിൻ ഷീറ്റ് വിരിച്ച് ഇതിനുള്ളിലാണ് ഇവർ കഴിയുന്നത്. മഴക്കാലം കൂടിയായതിനാൽ ദുരിതത്തിന്റെ വ്യാപ്തി വർധിച്ചു. ഉദ്യോഗസ്ഥരുമായുള്ള ധാരണ പ്രകാരം കരാറുകാരുടെ നേതൃത്വത്തിൽ കുറെ ഗുണഭോക്താക്കൾക്കു നേരിട്ട് വീട് നിർമിച്ച് നൽകുന്ന ജോലികളും ഇതിനിടയിൽ നടക്കുന്നുണ്ട്. കരാറുകാർ പണം കൈപ്പറ്റിയിട്ടും നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നതെന്ന പരാതിയുമായി ചിലർ രംഗത്ത് വന്നിട്ടുണ്ട്. ആദ്യമായാണ് ഗുണഭോക്തൃ ലിസ്റ്റിൽ ഇത്രയും കുടുംബങ്ങളെ ഉൾപ്പെടുത്തുന്നത്. അനർഹരായ ഒട്ടേറെ പേർ ലിസ്റ്റിൽ ഉൾപ്പെട്ട കാരണമാണ് അർഹതപ്പെട്ടവർക്കു പോലും തുക യഥാസമയം ലഭിക്കാതെ പോകാനുള്ള കാരണമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

പി.ആർ. പ്രമോദ്  സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ്

‌ലൈഫ് പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്കു ലഭിക്കേണ്ട രണ്ടാംഘട്ട തുക ബുധനാഴ്ച മുതൽ വിതരണം ചെയ്തു തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ്. ഗുണഭോക്തൃ വീടുകളുടെ നിലവിലുള്ള അവസ്ഥ ഗ്രാമസേവകന്റെ നേതൃത്വത്തിൽ പരിശോധിച്ച് വരുന്നു. ഇന്ന് ബിൽ തയാറാക്കി ട്രഷറിക്കു കൈമാറും. രണ്ടാം ഘട്ടത്തിൽ നൽകേണ്ട ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതോടെ മുടങ്ങിക്കിടക്കുന്ന ജോലികൾ ഉടൻ പുനരാരംഭിക്കാനാവും. ബാക്കി തുകകളും ഉടൻ നൽകും. പ്ലാൻ ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

കരാറിൽ പറഞ്ഞത് 6 മാസം, എവിടെ  ഫ്ലാറ്റ് സമുച്ചയം? 
ഏനാത്ത്∙ ഭൂരഹിത ഭവന രഹിത കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ഏഴംകുളം പഞ്ചായത്തിലെ ഏനാത്ത് വില്ലേജിൽ ലൈഫ് പദ്ധതിയിൽ സംസ്ഥാന സർക്കാർ നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണം ഇഴഞ്ഞ് നീങ്ങുന്നു. 2020 സെപ്റ്റംബർ 24 ന് വിഡിയോ കോൺഫറൻസിലൂടെയാണ് മുഖ്യമന്ത്രി നിർമാണോദ്ഘാടനം നടത്തിയത്. അഹമ്മദാബാദിലുള്ള കൺസ്ട്രക്‌ഷൻ കമ്പനിയുടെ നേതൃത്വത്തിലാണ് നിർമാണം തുടങ്ങിയത്.കരാർ ഏറ്റെടുത്ത് സമ്മത പത്രം വച്ച് ആറ് മാസത്തിനുള്ളിൽ പണി പൂർത്തീകരിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ കെട്ടിട സമുച്ചയം ഇതുവരെയും പൂർത്തിയായില്ല.

ലൈറ്റ് വെയ്റ്റ് സ്റ്റീൽ ഫ്രെയിം സാങ്കേതിക വിദ്യയിൽ നാലു നിലകളുള്ള 28 ഫ്ലാറ്റ് അടങ്ങിയ രണ്ട് കെട്ടിട സമുച്ചയങ്ങളാണ് ഉയരേണ്ടത്.രണ്ട് കിടപ്പ് മുറികൾ, അടുക്കള, ഹാൾ, ശുചിമുറി എന്നിവ അടങ്ങുന്നതാണ് ഒരു താമസ കേന്ദ്രം. ഇതിൽ ഒന്നിൽ അടിത്തറയിൽ നിന്ന് നാലു നിലകളിൽ സ്റ്റീൽ ഉറപ്പിക്കുന്ന പണികൾ 60 ശതമാനത്തോളം പൂർത്തിയായി.ഇനി സിമന്റ് ഭിത്തികൾ ഉറപ്പിച്ച് മേൽക്കൂരയും സ്ഥാപിക്കണം, വയറിങ്, ജല വിതരണ സംവിധാനം എന്നിവയും ഒരുക്കണം.

രണ്ടാമത്തെ കെട്ടിട സമുച്ചയത്തിനായി അടിത്തറ നിർമാണം പൂർത്തിയായതേയുള്ളൂ. കോവിഡിനു ശേഷം നിർമാണ സാമഗ്രികളുടെ വില വർധന കാരണം കരാർ തുക പുതുക്കി നിശ്ചയിക്കണമെന്ന കരാർ കമ്പനി ആവശ്യപ്പെട്ടിരുന്നു.ഇതിന്റെ തുടർ നടപടി വൈകുന്നതാണ് കാലതാമസത്തിന് കാരണമെന്നാണ് അധികൃതർ പറയുന്നത്.7.27 കോടി രൂപ മുടക്കിയാണ് ഫ്ലാറ്റ് നിർമാണം. ഭൂരഹിത ഭവനരഹിതരായ 54 കുടുംബങ്ങളെയാണ് ഇവിടെ പുനരധിവസിപ്പിക്കുന്നത്.

നിർ‌മാണോദ്ഘാടനം കഴിഞ്ഞ് 5 വർഷം, ഫ്ലാറ്റുകൾ ‘കാണാനില്ല’
പന്തളം∙ നിർമാണോദ്ഘാടനം കഴിഞ്ഞു 5 വർഷത്തോളമായിട്ടും ചേരിക്കലിലെ ലൈഫ് ഫ്ലാറ്റുകളുടെ‍ നിർമാണം പൂർത്തിയാക്കാനായില്ല. 44 ഗുണഭോക്താക്കൾക്ക് നൽകാനായാണ് ഫ്ലാറ്റ് സമുച്ചയം പദ്ധതിയിട്ടത്. 2 കെട്ടിടങ്ങളിലായാണ് നിർമാണം. ഇവയിലൊന്ന് ഒന്നാം നിലയോളമെത്തി. രണ്ടാമത്തേതിന്റെ നിർമാണം എങ്ങുമെത്തിയില്ല. മുടിയൂർക്കോണം മന്നത്ത് കോളനിയോട് ചേർന്നു നഗരസഭയുടെ 72.5 സെന്റ് സ്ഥലത്താണ് പദ്ധതി. പ്രളയം, കോവിഡ് എന്നിവ കാരണം പദ്ധതി തുടക്കത്തിലേ മുടങ്ങി.

കഴിഞ്ഞ ഡിസംബറിൽ പുനരാരംഭിച്ചെങ്കിലും ജോലികൾക്ക് വേഗമില്ല. 6.56 കോടി രൂപ ചെലവഴിച്ചു 2 ഫ്ലാറ്റ് സമുച്ചയങ്ങളാണ് പദ്ധതിയിലുള്ളത്. വെള്ളം കയറുന്ന ഭാഗമായതിനാൽ, പില്ലറുകൾ സ്ഥാപിച്ചാണ് നിർമാണം. ലൈറ്റ് ഗേജ് സ്റ്റീൽ ഫ്രെയിം ഘടകങ്ങൾ ഉപയോഗിച്ചുള്ള നിർമാണ രീതി ഉപയോഗിക്കുന്നതിനാൽ 6 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നായിരുന്നു കരാർ. എന്നാൽ, 5 വർഷമായിട്ടും പൂർത്തിയാക്കാനായില്ല. 500 ചതുരശ്രയടി വിസ്തീർണമുള്ള ഓരോ ഫ്ലാറ്റിലും 2 കിടപ്പു മുറികൾ, അടുക്കള, ഹാൾ, ശുചിമുറി തുടങ്ങിയവയായിരുന്നു വാഗ്ദാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com