ADVERTISEMENT

പത്തനംതിട്ട ∙ കടന്നുപോയ വഴികളിലെല്ലാം പ്രഥമയായിരുന്ന സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയും ആദ്യ മലയാളി വനിതാ ഗവർണറുമായ ജസ്റ്റിസ് എം.ഫാത്തിമ ബീവിക്കു നാടിന്റെ അന്ത്യാഞ്ജലി. ഭൗതികശരീരം പൂർണ ഒൗദ്യോഗിക ബഹുമതികളോടെ പത്തനംതിട്ട ടൗൺ ജുമാ മസ്ജിദിലെ കബറിസ്ഥാനിൽ കബറടക്കി. വീട്ടിലും പൊതുദർശനം നടന്ന ടൗൺഹാളിലുമായി വിദ്യാർഥികൾ ഉൾപ്പെടെ സമൂഹത്തിലെ നാനാതുറകളിൽപെട്ടവർ അന്ത്യാജ്ഞലി അർപ്പിച്ചു.

തൈക്കാവിലെ വസതിയിൽനിന്നു ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വാഹനം 12.30നു ടൗൺഹാളിലേക്കു വിലാപയാത്രയായി പുറപ്പെട്ടു. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖരുൾപ്പെടെ വിലാപയാത്രയെ അനുഗമിച്ചു. ടൗൺഹാളിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി കലക്ടർ എ.ഷിബു റീത്ത് സമർപ്പിച്ചു. തുടർന്നു ടൗൺ മസ്ജിദിൽ എത്തിച്ചു. 2ന് ജുമാ നമസ്കാരത്തിനു ശേഷം നടന്ന മയ്യത്ത് നമസ്കാരത്തിന് ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവി നേതൃത്വം നൽകി.

മസ്ജിദ് അങ്കണത്തിൽ പൊലീസ് ഒൗദ്യോഗിക ബഹുമതി അർപ്പിച്ചു.  ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി, ആന്റോ ആന്റണി എംപി, മുസ്‌ലിം ലീഗ് പ്രതിനിധി കുറുക്കോളി മൊയ്തീൻ എംഎൽഎ, സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത്, ജില്ലാ ജഡ്ജി പി.പി.പൂജ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

 അന്തിമോപചാരമർപ്പിച്ച് പ്രമുഖർ
പത്തനംതിട്ട ∙ ജസ്റ്റിസ് ഫാത്തിമാ ബീവിക്ക് അന്തിമോപചാരം അർപ്പിച്ചു മത സാമൂഹിക–സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ. മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാധ്യക്ഷൻ സാമുവൽ മാർ ഐറേനിയോസ്, മാർത്തോമ്മാ സഭയ്ക്ക് വേണ്ടി അത്മായ ട്രസ്റ്റി അൻസിൽ സക്കറിയ കോമാട്ട്, കേരള കോൺഗ്രസ് വൈസ് ചെയർമാൻമാരായ ജോസഫ് എം.പുതുശേരി, ഡി.കെ.ജോൺ, കെ.യു.ജനീഷ് കുമാർ എംഎൽഎ, പ്രമോദ് നാരായൺ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി. ഹർഷകുമാർ,

കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി.ജെ.കുര്യൻ, ‍‍കെപിസിസി നിർവാഹക സമിതിയംഗം ജോർജ് മാമ്മൻ കൊണ്ടൂർ, ഡിഎൽഎസ്എ സെക്രട്ടറി സി.ആർ. രാജശ്രീ, എംഫാർ ഗ്രൂപ്പ് ചെയർമാൻ പി.മുഹമ്മദാലി, കെ.പത്മകുമാർ, കെ.അനന്തഗോപൻ, ഗോവ ഗവർണർക്ക് വേണ്ടി ബിജെപി സംസ്ഥാന സമിതി അംഗം ടി.ആർ അജിത് കുമാർ, പുകസ സംസ്ഥാന സെക്രട്ടറി എ. ഗോകുലേന്ദ്രൻ, കെ. ശിവദാസൻ നായർ, മൈലപ്ര മാർ കുര്യാക്കോസ് ആശ്രമം സുപ്പീരിയർ നഥാനിയേൽ റമ്പാൻ, ഐൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ,ചന്ദ്രശേഖരൻ, മാലേത്ത് സരളാദേവി, രാജു ഏബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ,

എൻഎസ്എസ് യൂണിയൻ അഡ്ഹോക് ചെയർമാൻ കെ.ജി.ദേവരാജൻ നായർ, ബിജെപി ദേശീയ നിർവാഹക സമിതി അംഗം വിക്ടർ ടി.തോമസ്, പ്രവാസി സംസ്കൃതി സംസ്ഥാന പ്രസിഡന്റ് ലാൽജി ജോർജ്,  കൺസ്ട്രക്‌ഷൻ വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജി കുളനട, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.എം.ഹമീദ്, കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം എൻ. ബാബു വർഗീസ്, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വർഗീസ് മുളയ്ക്കൻ, കേരള കോൺഗ്രസ് (എം) ദലിത് ഫ്രണ്ട് സംസ്ഥാന ജന. സെക്രട്ടറി എം.സി.ജയകുമാർ,

ഡിസിസി ജന. സെക്രട്ടറി കെ.വി.സുരേഷ് കുമാർ ഐപിസി സെന്റർ പ്രസിഡന്റ് ഡോ.വിൽസൺ ജോസഫ്, ജനറൽ കൗൺസിൽ അംഗം പാസ്റ്റർ സാം പനച്ചയിൽ, വിമെൻസ് ഫെലോഷിപ്പ് ഡിസ്ട്രിക് ആക്ടിംഗ് സെക്രട്ടറി ഷൈനി ജിജി, പെന്തക്കോസ്ത് യുവജന സംഘടന ജില്ലാ സെക്രട്ടറി അലൻ ജിജി ഏബ്രഹാം, പിഡിപി സംസ്ഥാന നേതാക്കളായ റസാക്ക് മണ്ണടി, ഹബീബ് റഹ്മാൻ, റഷീദ് പത്തനംതിട്ട തുടങ്ങിയവരും അന്തിമോപചാരം അർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com