ശബരിമല വിമാനത്താവളം: ഭൂമി സർവേയ്ക്ക് തുടക്കം, രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകും
Mail This Article
എരുമേലി ∙ നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ സ്ഥലമേറ്റെടുപ്പിനു മുന്നോടിയായുള്ള സർവേയും അതിർത്തിനിർണയവും ആരംഭിച്ചു. വിമാനത്താവളത്തിന്റെ റൺവേ അവസാനിക്കുന്ന സ്ഥലമായ ഓരുങ്കൽക്കടവിലാണു സർവേ തുടങ്ങിയത്. സർവേയുടെയും അതിർത്തിനിർണയത്തിന്റെയും ഉദ്ഘാടനം ഗവ. ചീഫ് വിപ് എൻ.ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ എന്നിവർ ചേർന്നു നിർവഹിച്ചു.
ആധുനിക സർവേ ഉപകരണമായ ഡിഫ്രൻഷ്യൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ഡിജിപിഎസ്) വഴിയാണ് സ്ഥലമളന്ന് അതിർത്തി നിർണയിച്ച് കല്ല് സ്ഥാപിക്കുന്നത്. നിശ്ചിത സ്ഥലത്ത് ഉറപ്പിക്കുന്ന ഈ ഉപകരണത്തിൽ ഉപഗ്രഹ സംവിധാനം വഴി 25 കിലോമീറ്റർ വരെ ദൂരത്തിൽ സ്ഥലമളക്കാൻ കഴിയും.
ചെറുവള്ളി എസ്റ്റേറ്റിലെ 2226 ഏക്കറും സ്വകാര്യ ഭൂമിയിലെ 200 ഏക്കറുമാണ് അളന്നു തിരിച്ച് അതിർത്തി നിർണയിക്കുന്നത്. രണ്ടുമാസത്തിനുള്ളിൽ സർവേ പൂർത്തിയാക്കും. സർവേ പൂർത്തിയാകുമ്പോൾ വിമാനത്താവളത്തിനായി ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലത്തിന്റെ വിസ്തൃതിയും രൂപരേഖയും സംബന്ധിച്ച് വ്യക്തത ലഭിക്കും.
എസ്റ്റേറ്റിന് പുറത്ത് ഏറ്റെടുക്കുന്നത് 200 ഏക്കർ മാത്രം
ചെറുവള്ളി എസ്റ്റേറ്റിനു പുറത്ത് 307 ഏക്കർ സ്വകാര്യ ഭൂമി ഏറ്റെടുക്കുമെന്നായിരുന്നു ഔദ്യോഗിക കൺസൽറ്റിങ് ഏജൻസിയായ ലൂയി ബർഗർ അറിയിച്ചിരുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ സർവേ നമ്പറുകൾ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ സർവേ നമ്പറുകളിൽപെട്ട മുഴുവൻ ഭൂമിയും ആവശ്യമില്ലെന്നു കണ്ടെത്തി. ഇതോടെയാണ് ഏറ്റെടുക്കേണ്ട സ്വകാര്യ ഭൂമിയുടെ അളവ് 200 ഏക്കറായി കുറഞ്ഞത്.