10 ദിവസം; പമ്പ ഡിപ്പോയുടെ വരുമാനം 5 കോടി കവിഞ്ഞു
Mail This Article
ശബരിമല ∙ തീർഥാടനം തുടങ്ങി 10 ദിവസം പിന്നിട്ടപ്പോഴേക്കും കെഎസ്ആർടിസി പമ്പ ഡിപ്പോയുടെ വരുമാനം 5 കോടി കവിഞ്ഞു. പ്രതിദിന ശരാശരി വരുമാനം 50 ലക്ഷം രൂപയാണ്. തിരക്ക് തീരെയില്ലാത്ത ദിവസങ്ങളിൽ മാത്രമാണ് 47 ലക്ഷം വരെയായി കുറഞ്ഞത്. 137 ബസുകളാണ് പമ്പ – നിലയ്ക്കൽ ചെയിൻ സർവീസിനുള്ളത്. ദീർഘദൂര സർവീസിന് 29 ബസും. പമ്പ–നിലയ്ക്കൽ എസി ബസിൽ 80 രൂപയും നോൺ എസി ബസിൽ 50 രൂപയുമാണ് നിരക്ക്. വിവിധ സ്ഥലങ്ങളിൽനിന്ന് 230 ബസിൽ കുറയാതെ ദിവസവും പമ്പയിൽ എത്തുന്നുണ്ട്. തിരിച്ച് 250 സർവീസ് വരെ അയയ്ക്കുന്നുണ്ട്. പമ്പയിൽ നിന്നുള്ള കോയമ്പത്തൂർ, പഴനി, തെങ്കാശി കെഎസ്ആർടിസി സംസ്ഥാനാന്തര സർവീസുകൾ നാളെ തുടങ്ങും. പഴനിക്ക് 8 എണ്ണമുണ്ട്.
കോയമ്പത്തൂർ സർവീസ് രാവിലെയും വൈകിട്ടുമാണ് ഉണ്ടാകുക. തെങ്കാശിക്ക് 15 ബസിനു പെർമിറ്റ് ലഭിച്ചിട്ടുണ്ട്. ചെന്നൈ, കന്യാകുമാരി, മധുര, തേനി എന്നിവിടങ്ങളിലേക്ക് പമ്പയിൽനിന്ന് സംസ്ഥാനാന്തര സർവീസ് നടത്താൻ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും തുടങ്ങുന്ന കാര്യത്തിൽ തീരുമാനമായില്ല. ഏറ്റുമാനൂർ- പമ്പ റൂട്ടിൽ പുതിയ കെഎസ്ആർടിസി സർവീസ് തുടങ്ങി. ഏറ്റുമാനൂരിൽ നിന്ന് മണർകാട്, കറുകച്ചാൽ, നെടുങ്കുന്നം, മണിമല, പൊന്തൻപുഴ എരുമേലി വഴിയാണ് പമ്പ എത്തുക. കോട്ടയം– പമ്പ റൂട്ടിൽ മണിമല, റാന്നി വഴിയായിരുന്നു നേരത്തെ ബസ് സർവീസ് നടത്തിവന്നത്.
കണമലയിൽ നിന്നു നാറാണംതോട് വഴി ഇലവുങ്കൽ വരെ പുതിയ റോഡ് വന്നതോടെയാണ് ഇതുവഴിയുള്ള ബസ് സർവീസ് മുടങ്ങിയത്. ഇതുവഴി ബസ് സർവീസ് വേണമെന്നത് വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ്. ഇത് പരിഹരിച്ചാണു പുതിയ സർവീസ് തുടങ്ങിയത്. എല്ലാ ദിവസവും വൈകിട്ട് 7.30ന് ഏറ്റുമാനൂർ ക്ഷേത്രത്തിൽ നിന്നു പുറപ്പെടും. പിറ്റേദിവസം പമ്പയിൽ നിന്ന് എരുമേലി വഴി കോട്ടയത്തിനാണു സർവീസ് പോകുന്നത്. നിറയെ അയ്യപ്പന്മാരുമായാണു കോട്ടയത്തിനു മടക്ക യാത്ര പോയത്.