കരിക്ക് അവശിഷ്ടം കൂട്ടിയിടുന്നു; ഓർമയുണ്ടോ ഹിൽടോപ്പ് ദുരന്തം? ശ്രദ്ധിക്കൂ...
Mail This Article
ശബരിമല ∙ ഹിൽടോപ് ദുരന്തങ്ങളിൽ നിന്നു പാഠം പഠിക്കാതെ പമ്പയിലെ പ്രധാന പാതയിൽ കരിക്കിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിടുന്നു. പമ്പയിൽനിന്നു സന്നിധാനത്തേക്കുള്ള പ്രധാന പാതയിൽ പൊലീസ് തീർഥാടകരുടെ ബാഗുകൾ പരിശോധിക്കുന്നതിനും സ്വാമി അയ്യപ്പൻ റോഡിന്റെ തുടക്ക ഭാഗത്തിനും മധ്യേയുള്ള സ്ഥലത്താണ് കരിക്കിന്റെ അവശിഷ്ടങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അഭൂതപൂർവമായ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.
തീർഥാടകർ ദർശനത്തിനായി സന്നിധാനത്തേക്ക് പോകുന്നതും ദർശനം കഴിഞ്ഞുള്ളവർ സ്വാമി അയ്യപ്പൻ റോഡിലൂടെ മലയിറങ്ങി സംഗമിക്കുന്നതും ഇവിടെയാണ്. ഏറ്റവും കൂടുതൽ തിരക്കുള്ള ഭാഗത്താണ് പാതയുടെ വശത്ത് കരിക്കിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. കരിക്കിന്റെ അവശിഷ്ടത്തിൽ ചവിട്ടിയാൽ തെന്നി വീഴും.
തിക്കും തിരക്കും കൂടുമ്പോൾ കരിക്കിന്റെ അവശിഷ്ടത്തിൽ ചവിട്ടി ആരെങ്കിലും വീണാൽ പിന്നാലെ വരുന്നവരുടെ ചവിട്ടേറ്റ് വലിയ ദുരന്തത്തിനുള്ള സാധ്യതയാണ് ഇത് ഉണ്ടാക്കുന്നത്. മുൻവർഷങ്ങളിൽ അന്നന്നുള്ള അവശിഷ്ടങ്ങൾ അന്നുതന്നെ നീക്കുമായിരുന്നു. ഇതിനായി കരിക്ക് വിൽപനയുടെ കരാറുകാരൻ പ്രത്യേക വാഹനവും ക്രമീകരിച്ചിരുന്നു.
ഇത്തവണ ആദ്യത്തെ ഒന്നുരണ്ട് ദിവസം കൃത്യമായി ഇവ നീക്കി. പിന്നീട് പാതയുടെ വശത്ത് കൂട്ടിയിടാൻ അനുവദിക്കുകയാണ്. സുരക്ഷാ ചുമതല ഉദ്യോഗസ്ഥർ ഇതിനു കണ്ണടയ്ക്കുകയാണ്. എല്ലാ ഉദ്യോഗസ്ഥരും ഇപ്പോഴും കടന്നു പോകുന്ന വഴിയിലാണ് കരിക്കിന്റെ അവശിഷ്ടങ്ങൾ വലിയ തോതിൽ കൂട്ടിയിട്ടിരിക്കുന്നത്.
1999 ജനുവരി 14ന് പമ്പ ഹിൽടോപ്പിൽ ഉണ്ടായ ദുരന്തത്തിൽ 54 തീർഥാടകരുടെ ജീവനാണ് പൊലിഞ്ഞത്. ദുരന്തത്തിനു പ്രധാന കാരണമായത് കരിക്കിന്റെ അവശിഷ്ടവും.കെഎസ്ഇബിയുടെ പമ്പ ത്രിവേണി സബ് സ്റ്റേഷനു സമീപത്തെ ചരിവിലാണു അപകടം ഉണ്ടായത്. മകരജ്യോതി ദർശനത്തിനു ശേഷം തീർഥാടകർ കൂട്ടത്തോടെ മലയിറങ്ങുന്ന സമയം.
പാതയുടെ വശത്ത് കരിക്കിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരുന്നു. പിന്നിൽ നിന്നുള്ള വലിയ തള്ളൽ വന്നതോടെ കരിക്കിന്റെ അവശിഷ്ടത്തിൽ ചവിട്ടി തീർഥാടകർ വീണു. പിന്നാലെ വന്നവരുടെ ചവിട്ടേറ്റാണു മരണം ഉണ്ടായത്. ഇതേപ്പറ്റി അന്വേഷിച്ച ജസ്റ്റിസ് ചന്ദ്രശേഖര മേനോൻ കമ്മിഷൻ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. സുരക്ഷ ഒരുക്കുന്നതിൽ വരുത്തിയ പാളിച്ചകളുടെ കൂട്ടത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.