കുത്തനെയുള്ള ഇറക്കവും കൊടുംവളവുകളും; മിന്നൽ വേഗത്തിൽ ആംബുലൻസ് ഓടിച്ച് അഭിലാഷ് രക്ഷിച്ചത് 53 ജീവൻ
Mail This Article
ശബരിമല ∙ കുത്തനെയുള്ള ഇറക്കവും കൊടുംവളവുകളും നിറഞ്ഞ സ്വാമി അയ്യപ്പൻ റോഡിലൂടെ മിന്നൽ വേഗത്തിൽ ആംബുലൻസ് ഓടിച്ച് അഭിലാഷ് ഇത്തവണ രക്ഷിച്ചത് 53 രോഗികളുടെ ജീവൻ. അയ്യപ്പ സന്നിധിയിൽ എല്ലാവരും സങ്കടങ്ങൾ പറഞ്ഞു പ്രാർഥിക്കുമ്പോൾ അഭിലാഷിനു ഒരു അപേക്ഷയേയുള്ളു. അപകടം ഉണ്ടാകാതെ രോഗികളെ സുരക്ഷിതമായി പമ്പയിൽ എത്തിക്കാൻ കാരുണ്യം ഉണ്ടാകണമെന്ന്.
സന്നിധാനം ഗവ ആശുപത്രിയിലുള്ള ദേവസ്വം ബോർഡ് ഓഫ് റോഡ് ആംബുലൻസിന്റെ ഡ്രൈവറാണ് തിരുവനന്തപുരം പ്രൗഡിക്കോണം ശാസ്താ മന്ദിരത്തിൽ കെ.കെ.അഭിലാഷ് (46). ഏറ്റവും അപകടം നിറഞ്ഞ വഴിയാണ് സ്വാമി അയ്യപ്പൻ റോഡ്. 15 കൊടുംവളവുകൾ ഉണ്ട്. ഇതിൽ 13ാം വളവാണ്
ഏറ്റവും അപകടകാരി. 85 ഡിഗ്രി ചരിവുള്ള കുത്തനെയുള്ള ഇറക്കം. സ്ഥിരമായി ട്രാക്ടർ മറിഞ്ഞ് അപകടം ഉണ്ടാകുന്ന വളവ്. റോഡിന് വീതി കുറവ്. ദർശനം കഴിഞ്ഞ് മലയിറങ്ങുന്ന തീർഥാടകരുടെ ഒഴുക്ക് ഒരു ഭാഗത്ത്. മറുഭാഗത്ത് സന്നിധാനത്തേക്ക് മലകയറുന്നവരുടെ പ്രവാഹം. ഇതിന് ഇടയിലൂടെ വേണം ആംബുലൻസ് ഓടിച്ച് കുറഞ്ഞ സമയം കൊണ്ട് പമ്പ ഗവ ആശുപത്രിയിൽ എത്താൻ. ഏറ്റവും കുറഞ്ഞ സമയം 7 മിനിറ്റാണ്. ചിലപ്പോൾ 10 മിനിറ്റ് വരെ എടുക്കും.
എപ്പോഴാണു പമ്പയ്ക്കു പോകാൻ വിളിവരുന്നതെന്ന് അറിയില്ല. അതിനാൽ സന്നിധാനം ഗവ ആശുപത്രിയുടെ മുറ്റത്ത് ആംബുലൻസ് പാർക്കു ചെയ്ത് അഭിലാഷ് ആശുപത്രിയിൽ തന്നെ ഉണ്ടാകും. രോഗിയെ കയറ്റിയ ശേഷം ആംബുലൻസിൽ കയറുന്നതിനു മുൻപ് അയ്യപ്പ സ്വാമിയെ ശരണം വിളിച്ചു പ്രാർഥിക്കും പിന്നെ സൈറൺ മുഴക്കി ഒറ്റവീടിലാണ്. സൈറൺ കേൾക്കുമ്പോൾ തീർഥാടകർ ഒതുങ്ങി നിൽക്കുന്നത് ആശ്വാസമാണ്.
ഹൃദ്രോഗികൾ, അടിയന്തര ശസ്ത്രക്രിയ വേണ്ടവർ, ഒരുവിധത്തിലും നടക്കാൻ കഴിയാത്തതും വിദഗ്ധ ചികിത്സയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ എത്തിക്കേണ്ടവരെ മാത്രമാണ് ആംബുലൻസിൽ പമ്പയിൽ എത്തിക്കുന്നത്.
ആംബുലൻസ് എടുക്കുന്നതിനു മുൻപേ ഹൃദ്രോഗ വിദഗ്ധൻ ഡോ അജി വിഘ്നേഷ് രോഗിയുടെ ആരോഗ്യ സ്ഥിതി പറഞ്ഞു മനസ്സിലാക്കും. കൂടാതെ പുതിയ മെഡിക്കൽ ഓഫിസർ ഡോ സൻജു സുധാകരനും വേണ്ട നിർദേശങ്ങൾ നൽകും. അതിന് അനുസരിച്ചാണ് വേഗം കൂട്ടുന്നതും കുറയ്ക്കുന്നതും.
നേരത്തെ സന്നിധാനത്ത് അപകടത്തിൽ പെടുന്നവരെയും ഹൃദ്രോഗികളെയും അയ്യപ്പ സേവാസംഘം പ്രവർത്തകർ സ്ട്രക്ച്ചർ ചുമന്നാണു പമ്പയിൽ എത്തിച്ചിരുന്നത്. ഇതിന് 50 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വേണ്ടിവരുന്നു. ഇത് ഹൃദ്രോഗ മരണങ്ങൾ കൂടാൻ ഇടയാക്കി. ഇതു ശ്രദ്ധയിൽപെട്ട തമിഴ്നാട് സ്വദേശിയായ തീർഥാടകൻ 2016ൽ ഓഫ് റോഡ് ആംബുലൻസ് വാങ്ങി ദേവസ്വം ബോർഡിനു സമ്മാനിച്ചത്.
അന്നു മുതൽ അഭിലാഷാണു ദേവസ്വം ബോർഡിലെ താൽക്കാലിക ഡ്രൈവറായി ഇതിന്റെ സാരഥി. തീർഥാടന കാലത്തു മാത്രമല്ല മാസപൂജയ്ക്കും സേവനത്തിനുണ്ട്. 7 വർഷത്തിനിടെ 4103 പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. ദേവസ്വം ബോർഡിനു മുതൽ കൂട്ടാണ് ഈ സേവനം. ആംബുലൻസ് തകരാറായി 6 ദിവസം വർക്‌ഷോപ്പിലായി. അപ്പോഴാണു അദ്ദേഹം സന്നിധാനത്ത് ഇല്ലാത്തതിന്റെ നഷ്ടം എല്ലാവരും അറിഞ്ഞത്.
കഴിഞ്ഞ വർഷം മകരവിളക്കിന്റെ തിരക്കിനിടെ മാളികപ്പുറത്ത് വെടിവഴിപാട് കേന്ദ്രത്തിൽ ഉണ്ടായ പൊട്ടിത്തെറി. പൊള്ളലേറ്റവരെ അപകട സ്ഥലത്ത് എത്തി ആദ്യം സന്നിധാനം ആശുപത്രിയിലും പ്രഥമ ശുശ്രൂഷയ്ക്കു ശേഷം പമ്പയിലും എത്തിച്ചത് അഭിലാഷ് ഓർക്കുന്നു. 6 മിനിറ്റു കൊണ്ടാണ് അന്നു പമ്പയിൽ എത്തിയത്. തിരിച്ചു മലകയറി വന്നാണു പൊള്ളലേറ്റ അടുത്ത സംഘത്തെ കൊണ്ടുപോയത്.