തെള്ളിയൂരിൽ ചൂട്ടുകാപ്പൊലിച്ചു; ഇന്ന് ഇടപ്പടയണി
Mail This Article
തെള്ളിയൂർ∙ ഭഗവതി ക്ഷേത്രത്തിലെ പടയണി ഉത്സവത്തിന് പാട്ടമ്പലം പടയണിക്കളത്തിൽ ചൂട്ടുകാപ്പൊലിച്ചു തെള്ളിയൂർക്കാവിൽ പടയണിരാവ്. കമുകിന്റെ പച്ചപ്പാളയിൽ അകം വെളുപ്പും പുറം പച്ചനിറവും. സിന്ദൂരം ചുവപ്പും കരി കറുപ്പും മഞ്ഞൾപ്പൊടി മഞ്ഞയും ആയാൽ പഞ്ചവർണം തയാർ, പഞ്ചഭൂതങ്ങളെയാണ് ഈ നിറങ്ങൾ കാപ്പൊലിക്കുക. ദാരിക നിഗ്രഹത്തിനു ശേഷം കോപമടങ്ങാതെവന്ന ഭദ്രകാളിക്കു മുന്നിൽ ശിവന്റെ ഭൂതഗണങ്ങൾ കെട്ടിയാടിയ കലാരൂപം എന്നാണു പടയണിയുടെ ഐതിഹ്യം. ഈ ആചാരങ്ങൾ സമ്പൂർണമായി ചൂട്ടുവെളിച്ചത്തിൽ തപ്പുകൊട്ടി ഗണപതി ചവിട്ടുകയാണ് തെള്ളിയൂർക്കാവ് പടയണിയിൽ. ഇന്നാണ് ഇടപ്പടയണി, ആദ്യത്തെ കാലൻ കോലവും കാലേക്ഷിക്കോലവും എത്തുന്ന ദിനം, വഴിപാട് കോലങ്ങൾ ഉറഞ്ഞാടുന്ന പടയണിക്കളം.. നാളെ വലിപടയണിയ്ക്ക് കാവിൽ അമ്മയും കാലേക്ഷിയും തങ്കജീവിതയിൽ കളത്തിലേക്ക് എഴുന്നള്ളും. 27ന് പുലർച്ചെ മംഗളഭൈരവി. വൈകിട്ട് ഭക്തർ 41–ാം കളമെഴുതിപ്പാട്ട് നടത്തി പടയണി സമർപ്പിക്കും.