ADVERTISEMENT

തെള്ളിയൂർ ∙ മംഗള ഭൈരവിയാടി, തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ പടയണി ചൂട്ടണഞ്ഞു. പിഴകളെല്ലാം പൊറുത്തുകൊണ്ടേ....അനുഗ്രഹിക്കാ ഭൈരവിയെ... എന്നിങ്ങനെ ഭഗവതിയോട് ഉച്ചത്തിൽ പാടിയാണ് മംഗള ഭൈരവിക്ക് പാട്ടമ്പലം പടയണിക്കളത്തിൽ ചുവടുവെച്ചത്. ഉത്സവകാലത്ത് പാതിരാത്രികളിൽ ഉറഞ്ഞു തുള്ളിയ പാളക്കോലങ്ങൾക്ക് സമാപനമായി ഇന്നലെ പുലർച്ചെ മംഗളകോലം തുള്ളുമ്പോൾ നേരംപുലർന്നിരുന്നു. ഭഗവതിയുടെ ഇഷ്ട അനുഷ്ഠാനമായ പടയണിയിലെ പാട്ടിലും ചുവടിലും താളത്തിലും വന്നുകൂടിയ തെറ്റുകൾക്ക് ക്ഷമചോദിച്ചാണ് നാഗപ്പൊലിമ ചാർത്തിയ മംഗളകോലം കളത്തിൽ എത്തിയത്. പോകുന്നേൻ.. പോകുന്നേനോ..എന്ന് ചൊല്ലി ഭൈരവി കളമൊഴിഞ്ഞതോടെ ചൂട്ടുകറ്റകൾ അണഞ്ഞു. തപ്പുവാദ്യം നിശബ്ദമായി.. പടയണിക്കളത്തിലേക്കു തലേന്ന് തങ്കജീവിതയിൽ എഴുന്നള്ളിയ ഭഗവതിയെയും കാലേക്ഷിയേയും പിന്നീട് ഭക്തർ താലപ്പൊലി വാദ്യങ്ങളോടെ ക്ഷേത്രത്തിലേക്ക് തിരികെ ആനയിച്ചു. വൃശ്ചികം ഒന്നിന് ആരംഭിച്ച കളമെഴുതിപ്പാട്ട് ഇന്നലെ വൈകിട്ട് 16 കൈകളോടുകൂടിയ ഭദ്രകാളിയുടെ കളത്തോടെ പൂർത്തിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com