ഡപ്പികളെത്തിയില്ല; അരവണ ഉൽപാദനം കുറഞ്ഞതോടെ വാങ്ങാൻ നീണ്ടനിര
Mail This Article
ശബരിമല ∙ അരവണ ക്ഷാമം ഇന്നലെയും രൂക്ഷമായി തുടർന്നതോടെ വിതരണ കൗണ്ടറുകൾക്കു മുൻപിൽ നീണ്ട ക്യു. നിറയ്ക്കാൻ ആവശ്യത്തിനു ഡപ്പി ഇല്ലാത്തതിനാൽ ഇന്നലെ ഒരാൾക്ക് 5 ഡപ്പി അരവണ വീതമാണ് വിതരണം ചെയ്തത്. പതിനെട്ടാംപടിക്കു സമീപത്തെ പ്രധാന കൗണ്ടറിനു മുൻപിൽ 2 മുതൽ രണ്ടര മണിക്കൂർ കാത്തുനിന്ന ശേഷമാണ് അരവണ വാങ്ങാൻ കഴിഞ്ഞത്. മാളികപ്പുറത്തെ കൗണ്ടറിനു മുൻപിലെ നീര അന്നദാന മണ്ഡപത്തിന്റെ ഭാഗത്തേക്ക് നീണ്ടതോടെ തീർഥാടകർക്ക് ചുട്ടുപൊള്ളുന്ന വെയിലത്ത് മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വന്നു.
ഡപ്പി ക്ഷാമം പരിഹരിക്കാൻ 2 കമ്പനികൾക്ക് ദേവസ്വം ബോർഡ് പുതിയ കരാർ നൽകിയെങ്കിലും ഇന്നലെ അവർ ഡപ്പി എത്തിച്ചില്ല. 1.5 ലക്ഷം ഡപ്പികൾ വീതം കമ്പനികൾ ഇന്ന് എത്തിക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ഡപ്പികളെത്തിയാൽ നിറച്ച് വിതരണം തുടങ്ങാനുള്ള തയാറെടുപ്പും തുടങ്ങി.
ആവശ്യത്തിനു ഡപ്പി ഇല്ലാത്തതിനാൽ അരവണ തയാറാക്കുന്നത് കുറച്ചിരുന്നു. പ്രതിദിനം 2.5 മുതൽ 3 ലക്ഷം വരെ അരവണയാണ് ഇപ്പോൾ ആവശ്യമുള്ളത്.