ഉപ്പുമാവ്, പുലാവ്...; തീർഥാടകർക്ക് രാപകൽ അന്നം വിളമ്പി ശബരിമലയിലെ ഊട്ടുപുര
Mail This Article
തത്വമസിയുടെ സന്നിധിയിൽ സ്വാമി ഭക്തർക്കു ദർശനത്തിന് അവസരം കിട്ടുന്നതു ദിവസവും 18 മണിക്കൂർ. എന്നാൽ 24 മണിക്കൂറും സജീവമാണ് അന്നദാനവും ദേവസ്വം ജീവനക്കാരുടെ ഭക്ഷണശാലയും. രാപകൽ അന്നം വിളമ്പാൻ അവർ നടത്തുന്ന കഠിന പരിശ്രമം ആരുമറിയാതെ പോകുന്നു. തീർഥാടകരുടെയും ജീവനക്കാരുടെയും മനസ്സും വയറും നിറയ്ക്കുന്ന ഊട്ടുപുര വിശേഷങ്ങളിലൂടെ...
അന്നദാന മണ്ഡപം: കഴിക്കാൻ 25,000 പേർ
ഒരേസമയം 3000 പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാവുന്ന ഏറ്റവും വലിയ അന്നദാന മണ്ഡപമാണു ദേവസ്വം ബോർഡിനുള്ളത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാന മണ്ഡപമാണിത്. രാവിലെ ഉപ്പുമാവും കടലക്കറിയുമാണു വിഭവങ്ങൾ. ഉച്ചയ്ക്കു പുലാവും വൈകിട്ടു കഞ്ഞിയും ചെറുപയറും. രാവിലെ 6നു തുടങ്ങുന്ന അന്നദാനം രാത്രി 12 വരെയുണ്ട്. ഒരു ദിവസം 22,000 മുതൽ 25,000 പേർ വരെയാണു ഭക്ഷണം കഴിക്കുന്നത്. മണ്ഡലകാലത്ത് 7,55,641 പേർക്കാണ് അന്നദാനം നടത്തിയത്. മകരവിളക്കിനു 30ന് നട തുറന്നശേഷം 3 ദിവസം കൊണ്ട് 47,447 പേരും അന്നദാനം കഴിച്ചു. പാത്രങ്ങൾ കഴുകുന്നതു യന്ത്രസഹായത്തോടെയാണ്.
കരുവാറ്റ സ്വദേശി പത്മനാഭൻ നായരാണു മുഖ്യപാചകക്കാരൻ. ആകെ 25 പേരുണ്ട്. 7 പേർ പച്ചക്കറി അരിയാൻ, 2 പേർ റവ വറുക്കാൻ. ബാക്കിയുള്ളവർ പാചകത്തിനും. 29 വർഷമായി ശബരിമലയിലെ പാചകക്കാരനാണ് പത്മനാഭൻ നായർ. മണ്ഡല മകരവിളക്കു കാലത്തു മാത്രമല്ല മാസ പൂജയ്ക്കും നട തുറക്കുമ്പോഴും പാചകത്തിന് പത്മനാഭൻ നായരുണ്ട്.
അന്നദാനത്തിന് 213 ജീവനക്കാരുണ്ട്. അതിൽ 170 പേർ ദിവസ വേതനക്കാരാണ്. ബാക്കി ദേവസ്വം ജീവനക്കാരും. ദേവസ്വം അസി. എക്സിക്യൂട്ടീവ് ഓഫിസർ വിനോദ് കുമാർ, സ്പെഷൽ ഓഫിസർ ശ്യാംകുമാർ എന്നിവർക്കാണു ചുമതല. അന്നദാനത്തിനുള്ള സാധനങ്ങൾ 2 ദിവസം കൂടുമ്പോഴാണു സന്നിധാനത്ത് എത്തുന്നത്. ലോറിയിൽ പമ്പ വരെ എത്തിക്കും. അവിടെനിന്നു ട്രാക്ടറിലാണു സന്നിധാനത്തേക്കു കൊണ്ടുവരുന്നത്.
ഉപ്പുമാവിന്റെ വിശേഷങ്ങൾ
ഉപ്പുമാവ് തയാറാക്കാനുള്ള റവ തലേ ദിവസമേ വറുക്കും. 1000 കിലോ റവ ഒരു ദിവസം. 12 മണിക്കൂർ മുൻപ് കടല വെള്ളത്തിൽ ഇടും. ചേരുവകൾ: റവ: 750 കിലോഗ്രാം, കാരറ്റ്: 10, ഇഞ്ചി: 2,കപ്പലണ്ടി: 10, പൊട്ടുകടല: 10, സവാള: 100, പച്ചമുളക്: 7. കടലക്കറിക്ക് കടല: 1000 കിലോഗ്രാം, മുളകുപൊടി: 10.
പുലാവ്
പാചകം മുഴുവൻ യന്ത്രസംവിധാനത്തിലാണ്. ചോറുണ്ടാക്കാൻ ആവിയിൽ പ്രവർത്തിക്കുന്ന 10 വലിയ പാത്രങ്ങൾ ഉണ്ട്. അരി ഇട്ടാൽ 28 മിനിറ്റിൽ ചോറ് തയാറാകും. സോയാ ബീൻ, കാരറ്റ്, സവാള എന്നിവ ഇതിൽ ചേർക്കും. ചോറ് കോരി വലിയ പാത്രത്തിലേക്ക് പകരുന്നതിനൊപ്പം ചേരുവകൾ ചേർത്ത് ഇളക്കിയെടുക്കും.
പൊന്നി അരി: 750 കിലോഗ്രാം, സോയാ ബീൻ: 10, ഗ്രീൻപീസ്: 45, സവാള 130, കാരറ്റ്: 6, കാബജ്:6, മസാല പൊടിച്ചത്: ഒരു കിലോസലാഡ് ഉണ്ടാക്കാൻ– 240 ലീറ്റർ പാൽ ഉറ ഒഴിച്ചാണ് തൈര് ഉണ്ടാക്കുന്നത്. ഇതിനു പുറമേ 350 കിലോഗ്രാം അച്ചാറും വേണം.
കഞ്ഞി
കുത്തരി 500 കിലോഗ്രാം, ചെറുപയർ: 240, മുളകുപൊടി: 25, തേങ്ങ 100 എണ്ണം, അച്ചാർ 100 കിലോഗ്രാം
5000 പേർക്ക് അന്നമൊരുക്കി ദേവസ്വം ഭക്ഷണശാല
ദിവസം മൂന്നു നേരവും 5000 പേർക്കുള്ള ഭക്ഷണമാണ് ഇവിടെ തയാറാക്കുന്നത്. ദേവസ്വം ജീവനക്കാർക്കു മാത്രമല്ല പൊലീസ് ഒഴികെ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥർക്ക് ഇവിടെ നിന്നാണു ഭക്ഷണം നൽകുന്നത്. രാവിലെ ഇഡ്ഡലി, ഉപ്പുമാവ്, ചപ്പാത്തി എന്നിവ ഓരോ ദിവസവും മാറിയാണ് തയാറാക്കുന്നത്. ഉച്ചയ്ക്ക് ഊണ്. വൈകിട്ട് കഞ്ഞിയും.
ദിവസവും 30,000 ഇഡ്ഡലി. 200 കിലോഗ്രാം പച്ചരിയും 100 കിലോ ഉഴുന്നും വേണം. ഉച്ചയാകുമ്പോൾ അരി വെള്ളത്തിൽ ഇടും. കുതിർന്നു കഴിയുമ്പോൾ അരച്ചെടുക്കും. ഹരിവരാസനം കഴിഞ്ഞു ക്ഷേത്രനട രാത്രി 11ന് അടച്ചു കഴിയുമ്പോൾ ഇഡ്ഡലി ഉണ്ടാക്കിത്തുടങ്ങും.
ഒരുസമയം 2500 ഇഡ്ഡലിയാണ് 20 മിനിറ്റിനുള്ളിൽ വെന്തെടുക്കും. അത് തണുക്കാൻ അരമണിക്കൂർ വേണം. പുലർച്ചെ 3ന് ക്ഷേത്ര നട തുറക്കുമ്പോഴേക്കും ഇഡ്ഡലി റെഡി. പിന്നീടാണ് കറി ഉണ്ടാക്കാൻ തുടങ്ങുന്നത്. ഒന്നുകിൽ കടല. അല്ലെങ്കിൽ ഗ്രീൻപീസ്. ഇതു രണ്ടും ഇല്ലാത്ത ദിവസം സാമ്പാറാണ്. 1250 ലീറ്റർ കടലക്കറിയാണ് രാവിലെ വേണ്ടത്. സാമ്പാർ 1500 ലീറ്റർ വേണം. ഉച്ചയ്ക്ക് 450 കിലോ അരിയുടെ ചോറു തയാറാക്കും. സാമ്പാർ, തീയൽ, തോരൻ, അച്ചാർ എന്നിവയാണ് വിഭവങ്ങൾ. 300 കിലോ പച്ചക്കറി വേണം. വൈകിട്ട് കഞ്ഞിയും പയറും അച്ചാറും.
ഹരിപ്പാട് ഗോപിനാഥൻ പിള്ള, കരുനാഗപ്പള്ളി നാരായണൻ കുട്ടി എന്നിവരുടെ നേതൃത്വത്തിൽ 10 പേരാണ് പാചകത്തിനുള്ളത്. ഇതിനു പുറമേ പച്ചക്കറി അരിയാൻ 13 പേരും ഉണ്ട്. ഗോപിനാഥൻ പിള്ള 32 വർഷമായി സന്നിധാനത്തെ പ്രധാന പാചകക്കാരനാണ്. പാചകത്തിന് ആവശ്യമായ പച്ചക്കറികൾ 2 ദിവസം കൂടുമ്പോൾ എത്തും. അരിയും പലചരക്കു സാധനങ്ങളും ഓരോ ആഴ്ചയും എത്തും. ഈശ്വരൻ നമ്പൂതിരിയാണ് മെസ് സ്പെഷൽ ഓഫിസർ.